June 6, 2023 Tuesday

Related news

May 29, 2023
May 23, 2023
May 23, 2023
March 27, 2023
February 9, 2023
December 15, 2022
November 20, 2022
August 9, 2022
July 28, 2022
July 17, 2022

പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം; കറുപ്പണിഞ്ഞ് എംപിമാര്‍

web desk
ന്യൂഡല്‍ഹി
March 27, 2023 2:33 pm

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാര്‍ കറുത്ത വസ്ത്രങ്ങളണിഞ്ഞ് സഭയിലെത്തി. രാഹുലിനെതിരെയുള്ള നടപടിക്കുശേഷം ആദ്യ ദിവസത്തെ സഭാസമ്മേളനമായിരുന്നു ഇന്ന്. കടുത്ത പ്രതിഷേധമാണ് രാവിലെ മുതല്‍ അരങ്ങേറിയത്. പ്രതിഷേധത്തിനിടെ സഭാ രേഖകള്‍ വലിച്ചെറിഞ്ഞതിന് എംപിമാര്‍ക്കെതിരെ സസ്പെന്‍ഷന്‍ നടപടിയുണ്ടാവുമെന്ന സൂചനയുമുണ്ട്.

രാജ്യസഭയിലും ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷാംഗങ്ങള്‍ തുടരുന്നത്. രാവിലെ പാർലമെന്റ് ഹൗസിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ പ്രതിപക്ഷ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രസൂൺ ബാനർജിയും ജവഹർ സിർക്കറും യോഗത്തിന് എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷം ഒന്നിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂലും കോൺഗ്രസുമായി അകലം പാലിച്ചിരിക്കുകയായിരുന്നു. പ്രതിപക്ഷ ഏകീകരണം കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ സൂചനകൂടിയാണ് തൃണമൂല്‍ നേതാക്കളുടെ പങ്കാളിത്തം. കോൺഗ്രസ്, തൃണമൂൽ, സിപിഐ, സിപിഐ(എം), ബിആർഎസ് എന്നിവയ്ക്ക് പുറമെ മറ്റ് 12 സംഘടനകളും യോഗത്തിൽ ഉണ്ടായിരുന്നു

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനും ജനങ്ങളെ സംരക്ഷിക്കാനും മുന്നിട്ടിറങ്ങുന്ന ആരെയും സ്വാഗതം ചെയ്യുന്നതായി നേതാക്കള്‍ വ്യക്തമാക്കി. സഭയിലെ പ്രതിഷേധത്തിനുശേഷം കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർ കറുത്ത വേഷമിട്ട് പാർലമെന്റ് മൈതാനത്ത് ഗാന്ധി ചട്ടത്തിന് പുറത്ത് പ്രതിഷേധിക്കുകയും ചെയ്തു. അഡാനി-ഹിൻഡൻബർഗ് തർക്കം അന്വേഷിക്കാൻ ജെപിസി (സംയുക്ത പാർലമെന്ററി കമ്മിറ്റി) രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ഇന്നത്തെ പ്രതിഷേധം. പാർലമെന്റ് സമുച്ചയത്തിൽ നിന്ന് ഡൽഹിയിലെ വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തി. പ്രധാനമന്ത്രി മോഡി രാജ്യത്ത് ജനാധിപത്യം അവസാനിപ്പിക്കുവാന്‍ ശ്രമിക്കുന്നതിലെ പ്രതിഷേധമാണ് തങ്ങളുടെ കറുപ്പുവേഷമെന്ന് ഖാര്‍ഗെ അവിടെയെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി.

കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചെങ്കിലും അപ്പീൽ നൽകാൻ സമയം അനുവദിച്ച് ശിക്ഷ താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാല്‍ നിയമങ്ങൾ ചൂണ്ടിക്കാട്ടി പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കുകയായിരുന്നു. എന്നാല്‍ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് നിയമാനുസൃതമാണെന്നും പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവയ്ക്കാനുള്ള തന്ത്രമല്ലെന്നുമാണ് ബിജെപി വാദം.

Eng­lish Sum­ma­ry: Oppo­si­tion protests are strong in Parliament

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.