പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. ലഖിംപുര്‍ ഖേരി വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് ലോക്‌സഭയിലും സസ്‌പെന്‍ഡ് ചെയ്ത എംപിമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയതോടെ ഇരുസഭകളും ഇന്നലെ പിരിയുകയായിരുന്നു. ലോക്‌സഭയില്‍ നടപടികള്‍ ആരംഭിച്ചയുടനെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തി. പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ചോദ്യവേളയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേര് സ്പീക്കര്‍ വിളിച്ചതോടെ ചോദ്യം ഉന്നയിക്കുന്നതിനു പകരം ലഖിംപുര്‍ ഖേരി വിഷയമാണ് രാഹുല്‍ ഉന്നയിച്ചത്.
ലഖിംപുര്‍ ഖേരിയില്‍ നാലു കര്‍ഷകരും ഒരു മാധ്യമ പ്രവര്‍ത്തകനും ഉള്‍പ്പെടെ മരിക്കാനിടയായ സംഭവത്തില്‍ മന്ത്രിക്കും പങ്കുണ്ടെന്നും മന്ത്രിയെ പുറത്താക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷ ഉപരോധം ശക്തമായതോടെ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സഭ രണ്ടുമണിവരെ നിര്‍ത്തിവച്ചു. തുടര്‍ന്നു സമ്മേളിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധത്തില്‍ നിന്നും പിന്തിരിയാന്‍ കൂട്ടാക്കാത്തതോടെ സഭ പിരിയുകയായിരുന്നു.നടപ്പു സമ്മേളനത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത 12 എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യസഭയില്‍ പ്രതിപക്ഷം ഉപരോധം തീര്‍ത്തത്.ശൂന്യവേളയില്‍ പിരിഞ്ഞ സഭ വീണ്ടും രണ്ടു മണിക്ക് ചേര്‍ന്നെങ്കിലും പ്രതിഷേധത്തില്‍ നിന്നും പിന്‍മാറാന്‍ പ്രതിപക്ഷം തയ്യാറായില്ല.
ഉച്ചകഴിഞ്ഞ് സമ്മേളിച്ച സഭയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ചര്‍ച്ചയ്ക്കായി ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിങ് ബിജെപി അംഗം സയ്യിദ് സഫര്‍ ഇസ്ലാമിനെ വിളിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം കനപ്പിക്കുകയായിരുന്നു. ഇതോടെ നടപടികള്‍ തടസപ്പെട്ടതിനെ തുടർന്ന് രാജ്യസഭ പിരിഞ്ഞു.
english summary;opposition protests emerged in Both houses of parliament
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.