ഗവർണറെ തിരിച്ചു വിളിക്കണം; പ്രമേയാവതരണത്തിന് പ്രതിപക്ഷം

Web Desk

കൊച്ചി

Posted on January 25, 2020, 9:42 pm

ഗവർണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർത്ഥിക്കുന്ന പ്രമേയം അവതരിപ്പിക്കാൻ അനുമതിതേടി സ്പീക്കർക്ക് നോട്ടീസ് നൽകിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ പരസ്യനിലപാട് സ്വീകരിക്കുന്ന ഗവർണറുടെ നടപടികളിൽ പ്രതിഷേധിച്ചാണ് ഈ നീക്കം. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഗവർണർക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ അനുമതിതേടി പ്രതിപക്ഷം സ്പീക്കർക്ക് കത്ത് നൽകുന്നത്. ഗവർണർ നിയമസഭയുടെ അന്തസ് ചോദ്യം ചെയ്യുകയാണ്. ഭരണ- പ്രതിപക്ഷാംഗങ്ങൾ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തെ ഗവർണർ തള്ളിപ്പറഞ്ഞത് സഭയുടെ അന്തസിന് കളങ്കമാണ്.

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൻമേൽ ഗവർണർ വിശദീകരണം തേടിയത് കടന്ന കൈയാണ്. അതിനുള്ള അധികാരം ഗവർണർക്കുണ്ടോയെന്ന് സംശയമുണ്ട്. ഗവർണർ നിയമസഭയുടെ അന്തസിനെയും അധികാരത്തെയും ചോദ്യം ചെയ്യുകയാണ്. ഗവർണർ സംസ്ഥാനത്തിന് ബാധ്യതയായിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ചോദിച്ചു. സഭാചട്ടം 130 പ്രകാരമാണ് ഗവർണറെ കേന്ദ്രം തിരികെ വിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിന് പ്രതിപക്ഷം സ്പീക്കർക്ക് നോട്ടീസ് നൽകിയിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. നിയമസഭാ ചട്ടം 284 (5) അനുസരിച്ച് ഉന്നത സ്ഥാനീയരായ വ്യക്തികളെക്കുറിച്ച് ചർച്ചചെയ്യുന്നതിന് സാരവത്തായ പ്രമേയം ആവശ്യമുണ്ട്.

അതനുസരിച്ചാണ് പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ് നൽകിയത്. 1989ൽ അന്നത്തെ സ്പീക്കറായിരുന്ന വർക്കല രാധാകൃഷ്ണന്റെ റൂളിങ് പ്രകാരം ഗവർണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർത്ഥിക്കാനുള്ള അവകാശം നിയമസഭയ്ക്കുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിനെതിരെ മുമ്പും പ്രമേയങ്ങൾ നിയമസഭ പാസാക്കിയിട്ടുണ്ട്. പ്രമേയത്തിൽ ഗവർണർക്ക് എതിർപ്പുണ്ടെങ്കിൽ സ്പീക്കറെ രേഖാമൂലം അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ പരസ്യമായി നിയമസഭാ നടപടിയെ ചോദ്യം ചെയ്യുകയും അവഹേളിക്കുകയും ചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു. ജനാധിപത്യ സംവിധാനത്തിന് ഇത് ഭൂഷണമല്ല. അതുകൊണ്ടാണ് രാഷ്ട്രപതിയോട് ഗവർണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം മുന്നോട്ടുവന്നതെന്നും ചെന്നിത്തല പറഞ്ഞു.

Eng­lish Sum­ma­ry: Oppo­si­tion ready to pass res­o­lu­tion against Gov­er­nor

You may also like this video