Web Desk

പട്ന

January 14, 2021, 9:17 pm

ബിഹാറില്‍ നിയമവാഴ്ചയില്ലെന്ന് പ്രതിപക്ഷം

Janayugom Online

ഇന്‍ഡിഗോ എയര്‍ലൈന്‍സ് എക്സിക്യൂട്ടീവിന്റെ മരണത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. ബിഹാറില്‍ ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്നുവെന്ന് പ്രതിപക്ഷം പറഞ്ഞു. സംഭവത്തില്‍ സഖ്യ കക്ഷിയായ ബിജെപി അംഗങ്ങളും നിതീഷിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച മുസാഫര്‍പുരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലും വലിയ വിമര്‍ശനമാണ് ബിഹാര്‍ സര്‍ക്കാര്‍ നേരിടുന്നത്. 

സംസ്ഥാനത്ത് ക്രമസമാധാനം സ്ഥാപിക്കുന്നതില്‍ നിതീഷ് കുമാര്‍ പരാജയപ്പെട്ടുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി രാംനരേഷ് പാണ്ഡെ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്കാകുന്നില്ലെങ്കില്‍ അദ്ദേഹം ആ സ്ഥാനം രാജിവയ്ക്കണമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. നിതീഷ് കുമാര്‍ ക്ഷീണിതനായ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മാനേജറായ രൂപേഷ് കുമാര്‍ പട്നയിലെ വീടിന് പുറത്തുവച്ച് വെടിയേറ്റ് മരിച്ചത്. നിതീഷ് കുമാറിന്റെ വസതിക്ക് സമീപമാണ് സംഭവം നടന്നത്.

ENGLISH SUMMARY:Opposition says there is no rule of law in Bihar
You may also like this video