പുളിക്കല്‍ സനില്‍രാഘവന്‍

October 05, 2021, 4:24 pm

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്; സഭയിലെ പ്രതിപക്ഷനിലപാടിന് പിന്നിലെ കോണ്‍ഗ്രസിലെ ഭിന്നിപ്പ്

Janayugom Online

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പോലെയാണ് ഇന്നു നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്നുമുണ്ടായ പ്രതികരണങ്ങള്‍ മനസിലാക്കാന്‍ കഴിയുന്നത്. പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപോയി. മോൻസൺ മാവുങ്കലിന്റെ അടുത്ത്‌ ആരാണ് ചികിത്സക്ക്‌ പോയതെന്ന് പൊതുജനം കണ്ടെതാണ്. മോൻസന്റ വീട് സന്ദർശിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ സംരക്ഷിക്കുന്ന നിലപാടാണ് പ്രതിപക്ഷം സഭയിൽ സ്വീകരിച്ചത്. സുധാകരനെ സംരക്ഷിക്കുന്ന തരത്തിലാണ് സഭയില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശനും, അടിയന്തര പ്രമേയത്തിന് അനുമതി തേടിയ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൂടിയായ പി ടി തോമസും ചെയ്തത്. പുരാവസ്തുക്കച്ചവടത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയ മോൻസൻ മാവുങ്കലുമായി ചേര്‍ന്ന് പൊലീസുകാർ ചട്ടവിരുദ്ധവും അവിഹിതവുമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ ഒരു ദാക്ഷിണ്യവും ഇല്ലാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

 


ഇതുതകൂടി വായിക്കൂ: മരപ്പൊട്ടന്മാരുടെ കാനേഷുമാരി കണക്കെടുപ്പ്


 

അന്വേഷണം ആരിലാണോ എത്തേണ്ടത് അവരിൽതന്നെ എത്തും. ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്നും തട്ടിപ്പുകാർ ആരും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മോണ്‍സന്‍ മാവുങ്കലിനെതിരായ പരാതി 6–9‑2021‑നാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ന്ന് കേസെടുത്തത്. ആരൊക്കെ എന്തിനൊക്കെ പോയി എന്നത് പോലീസ് അന്വേഷിക്കേണ്ടതാണ്. ലോക്‌നാഥ് ബെഹറയുടെ സന്ദര്‍ശനത്തിന് പിന്നാലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് നീങ്ങുകയാണ് ഉണ്ടായിട്ടുള്ളത്. അല്ലാതെ സുഖ ചികിത്സക്ക് തങ്ങുകയല്ല ഉണ്ടായത്‘മുഖ്യമന്ത്രി പറഞ്ഞു. മോണ്‍സനുമായി പണമിടപാടില്‍ ആരാണ് ഇടനിലനിന്നെതെന്നും ഭരണപക്ഷത്തുനിന്നും ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല. വ്യാജനിർമിതി കാണാൻപോയവരെയും തട്ടിപ്പിനു കൂട്ടുനിന്നവരെയും വേർതിരിച്ചു കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍കൂര്‍ ജാമ്യം തേടി രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമത്തെ കോടതിയില്‍ തന്നെ പ്രതിരോധിക്കാനും പൊലീസിനു കഴിഞ്ഞു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച് ചെമ്പോല വ്യാജമായി ഉണ്ടാക്കി ജനങ്ങളെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു എന്ന വാദം വസ്തുതകളുമായി ബന്ധമില്ലാത്തതാണ്.

 


ഇതുതകൂടി വായിക്കൂ: കപ്പിത്താനില്ലാതെ ആടിയുലയുന്ന കപ്പൽ


 

ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ഒരു വ്യക്തി പോലീസിനു പരാതി നല്‍കിയാല്‍ സംരക്ഷണം നൽകും. മോൻസനു പൊലീസ് സുരക്ഷ നൽകിയതിൽ മറ്റു കാര്യങ്ങളുണ്ടെങ്കിൽ അന്വേഷിക്കും. പൊലീസിന്റെ കൊക്കൂൻ സമ്മേളനത്തിൽ മോൻസന്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്യങ്ങളെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നു എന്നതിനാല്‍ അത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാവില്ല. മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ച് മറുപടി നല്‍കി. മോൻസണുമായി ബന്ധപ്പെട്ട പല വിവരങ്ങളും പൊതുജനത്തിന് അറിയാം. മോൻസണിന്റെ വീട്ടിൽ ആരൊക്കെ എന്തിനൊക്കെയാണ് പോയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഡിജിപി സന്ദർശിച്ച ശേഷം മോൻസണിനെപ്പറ്റി അന്വേഷിക്കാൻ ഇന്റലിജൻസിന് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഡിജിപിയുടെ സന്ദര്‍ശനം കഴിഞ്ഞ ഉടനെ ഇവരുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് അന്വേഷിക്കുന്നതിന് ഇന്റലിജന്‍സിന് വിവരം നൽകിയിരുന്നു. സംസ്ഥാന ഇന്റലിജന്‍സ് ഇത് സംബന്ധിച്ച് അന്വേഷിക്കുകയും പോലീസിന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്‌. ഏതൊരു വ്യക്തിയും തന്റെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് പോലീസിന് പരാതി നല്‍കിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ആ പ്രദേശത്ത് ഒരു പ്രത്യേക ശ്രദ്ധ പോലീസ് നല്‍കുക പതിവാണ്മോന്‍സണ്‍ മാവുങ്കല്‍ സൂക്ഷിച്ചുവരുന്ന പുരാവസ്തു കാര്യങ്ങളെ സംബന്ധിച്ച് ഡിആര്‍ഡി രേഖകളെക്കുറിച്ച് അന്വേഷിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോടും ആര്‍ക്കിയോളജിക്കല്‍ വകുപ്പിനോടും ഡിആര്‍ഡിേഒ യോടും ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്.കേസിൽ കൂടുതൽ അന്വേഷണത്തിന്‌ ക്രൈംബ്രാഞ്ച് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്‌.

 


ഇതുതകൂടി വായിക്കൂ: വൃത്തികെട്ട സംസ്കാരം: കോണ്‍ഗ്രസിനെപ്പറ്റി കെ സുധാകരന്‍


 

25 കോടി രൂപ വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 6 കോടി 27 ലക്ഷം രൂപ തട്ടിയെടുത്തതായി പന്തളം സ്വദേശി രാജേന്ദ്രന്‍ പിള്ളയുടെതടക്കം 4 കേസുകളാണ്‌ മോൻസണിനെതിരെയുള്ളതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിൽ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ പങ്കിനെക്കുറിച്ചുയർന്ന ആരോപണത്തിൽ കോൺഗ്രസിൽ തന്നെ കടുത്ത ഭിന്നതയാണ് നിലനില്‍ക്കുന്നത്. കേസിൽ കേന്ദ്ര അന്വേഷണം വേണമെന്ന നിലപാട്‌ മുൻ യുഡിഎഫ്‌ കൺവീനർകൂടിയായ ബെന്നി ബഹനാൻ എംപി ആവർത്തിച്ചു ആവശ്യപ്പെട്ടു കഴിഞ്ഞു.. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ വി എം സുധീരൻ കത്ത്‌ നൽകിയതിനു പിന്നാലെയാണ്‌ ബെന്നി ബഹനാൻ ഇതേ ആവശ്യം വീണ്ടും ഉന്നയിച്ചത്‌.സുധാകരനെ ഉന്നംവച്ച്‌ എതിർചേരി നീങ്ങുകയാണെന്ന്‌ വ്യക്തമായതോടെ വേട്ടയാടൽ വാദവുമായി പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ നേരത്തെ രംഗത്തുവന്നിരുന്നു. നേതാക്കൾ ഓരോ സ്ഥലത്ത്‌ പോകുമ്പോൾ ആൾക്കാർ ഒപ്പംനിന്ന്‌ ഫോട്ടോ എടുക്കാറുണ്ടെന്നും അവർ പിന്നീട്‌ കേസിൽപ്പെടുമ്പോൾ നേതാക്കളെ കുറ്റപ്പെടുത്തുന്നത്‌ എന്ത്‌ ന്യായമെന്നാണ്‌ സതീശന്റെ ചോദ്യം. സ്വർണക്കടത്ത്‌ കേസ്‌ സമയത്ത്‌ സതീശന്റെ ഈ ന്യായീകരണം എവിടെയായിരുന്നെന്നാണ്‌ മറുവിഭാഗം ചോദിക്കുന്നത്‌. ഫോട്ടോയുടെ പേരിൽ സുധാകരനെ അനാവശ്യമായി വേട്ടയാടുകയാണെന്ന വാദം മുതിർന്ന നേതാക്കൾ തള്ളി. പുരാവസ്‌തു തട്ടിപ്പ്‌ കേസ്‌ സുധാകരനും സതീശനും അടങ്ങിയ പുതിയ നേതൃചേരിക്കെതിരെ ആയുധമാക്കുകയാണ്‌ മറുവിഭാഗം. വരും ദിവസങ്ങളിൽ കൂടുതൽ മുതിർന്ന നേതാക്കൾ സുധാകരനെതിരെ രംഗത്ത്‌ വരും. പാര്‍ട്ടിയിലുണ്ടായഭിന്നിപ്പിന്‍റെ ഭാഗമായിട്ടാണ്ഇന്ന സഭയില്‍ സുധാകരനൊപ്പം നില്‍ക്കുന്ന പി.ടിതോമസും അടിയന്തരപ്രമേയവുമായി രംഗത്തുവന്നതെന്നു കൂട്ടി വായിക്കേണ്ടതാണ്.

 

Eng­lish Sum­ma­ry:  Con­gress walk­out from assembly

You may like this video also