ബിജെപി ഓഫീസില്‍ കോടികളുടെ നിരോധിത നോട്ടു കച്ചവടം

Web Desk
Posted on March 27, 2019, 8:59 am

നോട്ട് നിരോധനകാലത്ത് ബിജെപി ഓഫീസിൽ നിരോധിച്ച നോട്ടുകൾ മാറ്റിക്കൊടുത്തുവെന്ന് പ്രതിപക്ഷം. 40 ശതമാനംവരെ കമ്മീഷൻ വാങ്ങിയാണ് നോട്ടുകൾ മാറ്റിക്കൊടുത്തതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. അഹമ്മദാബാദിലെ ബിജെപി ഓഫീസിൽ 50 കോടി രൂപയുടെ പുത്തൻ നോട്ടുകൾ സൂക്ഷിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഒരു സ്വകാര്യ ഓണ്‍ലൈന്‍ വെബ്സൈറ്റ് നടത്തിയ ഒളിക്യാമാറ ഓപ്പറേഷന്‍റെ ദൃശ്യങ്ങളാണ് പ്രതിപക്ഷ നേതാക്കള്‍ പുറത്ത് വിട്ടത്.

സ്റ്റിംഗ് ഓപ്പറേഷന്‍ നടന്നത് 2017 ജനുവരിയിലാണ്. നൂറ് കോടി രൂപയുടെ പഴയനോട്ടുകള്‍ മാറ്റാനെന്ന പേരില്‍ ഒരു ബിജെപി നേതാവിനെ പഞ്ചനക്ഷത്രഹോട്ടില്‍ സമീപിച്ചു. തുടര്‍ന്ന് മറ്റൊരാള്‍ക്കൊപ്പം ഗാന്ധിനഗറില്‍ പാര്‍ട്ടി ഓഫീസിലേക്ക് ചെന്നു.പുതിയ നോട്ടുകള്‍ എത്രവേണമെങ്കിലം തരാം, 40 ശതമാനം കമീഷന്‍ വേണമെന്നാണ് ആവശ്യം. ഓഫീസിനുള്ളില്‍ അടുക്കിവെച്ചിരിക്കുന്ന പുതിയ നോട്ടുകളും ദൃശ്യങ്ങളില്‍ കാണാം.

ബിജെപി ഓഫീസിൽ അടുക്കിവെച്ചിരിക്കുന്ന നോട്ട് കെട്ടുകളുടെ ദൃശ്യങ്ങൾ കാണാം. 50 കോടി രൂപയുണ്ടെന്നാണ് ബിജെപി നേതാവ് പറയുന്നത്. നോട്ട് നിരോധനത്തെത്തുടർന്ന് പുത്തൻ നോട്ടിനായി ജനം അലയുമ്പോൾ ബിജെപി നേതാവിന് ഇത്രയും നോട്ട് എവിടെനിന്ന് ലഭിച്ചുവെന്നാണ് പ്രതിപക്ഷ നേതാക്കൾ ചോദിക്കുന്നത്. പുതിയ സർക്കാർ അധികാരത്തിലെത്തിയാൽ ഈ ദൃശ്യങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് കബിൽ സിബൽ പറഞ്ഞു.