ഓര്‍ഡന്‍സ് ഫാക്ടറികളിലെ 1,21,000 ത്തിലധികം പേര്‍ പണിമുടക്കില്‍

Web Desk
Posted on August 20, 2019, 5:12 pm

ന്യൂഡല്‍ഹി: രാജ്യത്തെ ആയുധനിര്‍മ്മാണ ശാലകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ 41 ഓര്‍ഡന്‍സ് ഫാക്ടറികളിലെ ജീവനക്കാരും തൊഴിലാളികളും ഒരുമാസത്തെ പണിമുടക്ക് തുടങ്ങി. ഓഫീസ് ജീവനക്കാരും ഉദ്യോഗസ്ഥരും തൊഴിലാളികളുമടക്കം 1,21,000 ത്തിലധികം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

ഓള്‍ ഇന്ത്യ ഡിഫന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍ (എഐഡിഇഎഫ്), ഇന്ത്യന്‍ നാഷണല്‍ ഡിഫന്‍സ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐഎന്‍ഡിഡബ്ല്യുഎഫ്), ഭാരതീയ പ്രതിരക്ഷാ മസ്ദൂര്‍ സംഘ് (ബിപിഎംഎസ്) എന്നീ സംഘടനകളും അനുബന്ധ യൂണിയനുകളുമാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. എഐടിയുസി, സിഐടിയു ഉള്‍പ്പെടെയുള്ള കേന്ദ്ര തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന തീരുമാനത്തിനെതിരെയാണ് സമരം. 41 ഫാക്ടറികളും 2024 ഓടെ 30,000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിച്ച ജീവനക്കാര്‍ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് സര്‍ക്കാര്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് പണിമുടക്ക് ആരംഭിച്ചത്.
ഓര്‍ഡനന്‍സ് ഫാക്ടറി കോളനികളിലെ ജല — വൈദ്യുതി വിതരണത്തിലേര്‍പ്പെട്ടവര്‍ ഉള്‍പ്പെടെ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഇവയുടെ വിതരണത്തിന് തടസം വരാത്ത രീതിയിലാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

സമരം സമാധാനപരമായിരുന്നുവെങ്കിലും പശ്ചിമബംഗാളില്‍ സമരക്കാര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
സമരത്തില്‍ അണിനിരന്ന തൊഴിലാളികളെയും ജീവനക്കാരെയും എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജിത്ത് കൗര്‍ അഭിവാദ്യം ചെയ്തു. ബംഗാളില്‍ സമരത്തിന് നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ അവര്‍ പ്രതിഷേധം രേഖപ്പെടുത്തി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രകടനങ്ങള്‍ നടത്താന്‍ എഐടിയുസി ഘടകങ്ങളോട് അമര്‍ജിത്ത് കൗര്‍ ആഹ്വാനം ചെയ്തു.