ആയുധക്കമ്പനികളിലെ 82,000 ജീവനക്കാര്‍ ഒരുമാസത്തെ പണിമുടക്കിന്

Web Desk
Posted on August 18, 2019, 1:33 pm

ന്യൂഡല്‍ഹി: രാജ്യത്തെ ഓര്‍ഡനന്‍സ് ഫാക്ടറികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തൊഴിലാളികളും ജീവനക്കാളും നാളെ മുതല്‍ ഒരുമാസം പണിമുടക്ക് നടത്തും. ആള്‍ ഇന്ത്യ ഡിഫന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍ (എഐഡിഇഎഫ്), ഇന്ത്യന്‍ നാഷണല്‍ ഡിഫന്‍സ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐഎന്‍ഡിഡബ്ല്യുഎഫ്), ഭാരതീയ പ്രതിരക്ഷാ മസ്ദൂര്‍ സംഘ് (ബിപിഎംഎസ്) എന്നീ സംഘടനകളാണ്   ഒരു മാസത്തെ പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. ഇതിന് പുറമേ വിവിധവിഭാഗം ജീവനക്കാരുടെ യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് എഐഡിഇഎഫ് ജനറല്‍ സെക്രട്ടറി സി ശ്രീകുമാര്‍, ഐഎന്‍ഡിഡബ്ല്യുഎഫ് ജനറല്‍ സെക്രട്ടറി ആര്‍ ശ്രീനിവാസന്‍, ബിപിഎംഎസ് ജനറല്‍ സെക്രട്ടറി മുകേഷ് സിങ് എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.  41 ഓര്‍ഡനന്‍സ് ഫാക്ടറികളിലെ 82,000ത്തിലധികം ജീവനക്കാരും തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അവര്‍ പറഞ്ഞു.
രാജ്യത്തിന്റെ സായുധസേനകള്‍ക്കാവശ്യമായ വെടിക്കോപ്പ് ഉള്‍പ്പെടെയുള്ള സുപ്രധാനമായ ഉപകരണങ്ങളും മറ്റും നിര്‍മ്മിക്കുന്ന 218 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഓര്‍ഡനന്‍സ് ഫാക്ടറികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഒരുമാസത്തെ പണിമുടക്കിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍ ഫാക്ടറികളിലെ ജീവനക്കാര്‍, തൊഴിലാളികള്‍ എന്നിവരും കുടുംബങ്ങളും പങ്കെടുത്ത വന്‍ പ്രകടനങ്ങള്‍ നടന്നിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും സ്വകാര്യവല്‍ക്കരണ തീരുമാനം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടുപോകുന്നതെന്ന് നേതാക്കള്‍ അറിയിച്ചു. പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യവല്‍ക്കരണമല്ല ഉദ്ദേശിക്കുന്നതെന്നും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കോര്‍പ്പറേഷന്‍ രൂപീകരിക്കുകയാണ് ലക്ഷ്യമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഓര്‍ഡനന്‍സ് ഫാക്ടറികളില്‍ ഉല്‍പാദനം അവസാനിപ്പിച്ച 275 ഉല്‍പ്പന്നങ്ങള്‍ സ്വകാര്യമേഖലയ്ക്ക് നല്‍കുമെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നുണ്ട്.
അതേസമയം തന്നെ ഇന്തോ — റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് സര്‍ക്കാര്‍ രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത് സ്വകാര്യവല്‍ക്കരണം തന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നതിന്റെ സൂചനയാണെന്നാണ് സംഘടനകള്‍ പറയുന്നത്.