ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് അഗ്നി പരീക്ഷ. നിര്‍ണായക പോരാട്ടത്തിന് കൊച്ചിയില്‍ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ജെയിന്റ്‌സ്. രാത്രി 7.30ന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പന്തുരുളുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം പ്ലേ ഓഫ് സാധ്യതകള്‍ അണയാതെ നിര്‍ത്തുക എന്നത് മാത്രമാണ്. ലീഗില്‍ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന ടീമായ മോഹന്‍ ബഗാനെതിരെ ഇറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് മേല്‍ അതിസമ്മര്‍ദമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലീഗില്‍ നിലവില്‍ പ്ലേഓഫ് ഉറപ്പിച്ച ഏക ടീമാണ് എതിരാളികള്‍ എന്നുള്ളത് ആതിഥേയരുടെ ഉറക്കം കെടുത്തുന്ന ഘടകമാണ്.
ടൂര്‍ണമെന്റില്‍ ഇതുവരെ മോഹന്‍ ബഗാന്‍ തോല്‍വി അറിഞ്ഞത് വെറും രണ്ട് കളികളില്‍ മാത്രം. 20 മത്സരത്തില്‍ 14ലും അവര്‍ എതിരാളികളെ നിലംപരിശാക്കി. നാല് കളിയില്‍ സമനിലയും വഴങ്ങിയ അവര്‍ അക്കൗണ്ടില്‍ നിലവില്‍ 46 പോയിന്റ് ചേര്‍ത്ത് കഴിഞ്ഞു. നേരത്തെ തന്നെ പ്ലേ ഓഫിന് യോഗ്യത നേടിയെങ്കിലും ലീഗ് ചാമ്പ്യന്മാര്‍ എന്ന ലക്ഷ്യമാണ് അവര്‍ക്ക് മുന്നിലുള്ളത്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് വലിയ ദയയൊന്നും ബഗാനില്‍ നിന്ന് പ്രതീക്ഷിക്കരുത്. ഗോള്‍ ബാറിന് കീഴില്‍ അചഞ്ചലനായി നില്‍ക്കുന്ന വിശാല്‍ കെയ്തില്‍ തുടങ്ങുന്ന ബഗാന്റെ ലൈനപ്പ് എതിരാളികളുടെ ഉറക്കം കെടുത്തും. മധ്യനിരയില്‍ കളി മെനയുന്ന ലിസ്റ്റന്‍ കൊളാസോയുടെ മിന്നും ഫോമാണ് ബഗാനെ മുന്നോട്ട് നയിക്കുന്നത്. കൂട്ടിന് മന്‍വീറും ഗ്രേഗ് സ്റ്റുവര്‍ടും ചേരുമ്പോള്‍ ടീം സെറ്റായി. മുന്നേറ്റനിരയില്‍ എട്ടുഗോളുകളുമായി കളം നിറഞ്ഞ് കളിക്കുന്ന ഓസ്ട്രേലിയന്‍താരം ജാമി മക്‌ലാരനാണ് ടീമിന്റെ ഗോള്‍ മെഷീന്‍.
മറുവശത്ത് ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫിന് ഇനിയും വിതൂര സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്. ഇന്ന് ബഗാനുമായി തോല്‍വി വഴങ്ങിയാല്‍ മുന്നോട്ടുള്ള സാധ്യതകള്‍ മങ്ങി തുടങ്ങും. 19 കളികളില്‍ നിന്ന് 24 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സ്. ഇന്ന് ജയിച്ചാല്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന മുംബൈയുമായുള്ള പോയിന്റ് വ്യത്യാസം നാലായി കുറയ്ക്കാം. മുംബൈയെ കൂടാതെ പഞ്ചാബും ഒഡിഷയുമാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം ആറാം സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റ് ടീമുകള്‍. ബ്ലാസ്റ്റേഴ്‌സ് ജയിക്കുന്നതിനൊപ്പം ഈ ടീമുകളുടെ പ്രകടനവും മഞ്ഞപ്പട ഉറ്റുനോക്കുന്നുണ്ട്. ബംഗളൂരു എഫ്‌സി, ജംഷഡ്പൂര്‍ ടീമുകളും പ്ലേഓഫിന് അരികിലുണ്ട്. കൊച്ചിയിലെ മൈതാനത്ത് മിന്നും പ്രകടനം കാഴ്ചവച്ചിട്ടുള്ള മുന്നേറ്റനിരതാരം നോവ സദോയിയുടെ സേവനം ഇന്ന് ബ്ലാസ്റ്റേഴ്‌സിന് നഷ്ടമാകും. പരിക്കേറ്റ താരത്തിന് രണ്ടാഴ്ച വിശ്രമമാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. അതുകൊണ്ട് തന്നെ മുന്നേറ്റനിരയില്‍ ജീസസ് ജിമിനെസിന് ഒപ്പം ക്വാമി പെപ്ര ഇറങ്ങും. മധ്യനിരയില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയ്‌ക്കൊപ്പം വിപിന്‍ മോഹന്‍ അടക്കമുള്ള ഇന്ത്യന്‍ താരങ്ങളാകും അണിനിരക്കുക. പേരുകേട്ട ബഗാന്‍ മുന്നേറ്റനിരയെ പൂട്ടാന്‍ മിലോസ് ഡ്രിന്‍സിച്ചിനൊപ്പം ഹോര്‍മിപാമും സന്ദീപ് സിങ്ങും ഇറങ്ങുമ്പോള്‍ ഗോള്‍ബാറിന് കീഴില്‍ സച്ചിന്‍ സുരേഷ് തന്നെയുണ്ടാകും.
15 ദിവസത്തെ വിശ്രമത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ മാസം അവസാനം ചെന്നൈയിന്‍ എഫ്‌സിയെ അവരുടെ മൈതാനത്ത് തോല്‍പ്പിച്ചതിന്റെ കരുത്ത് ബ്ലാസ്റ്റേഴ്‌സിനെ തുണയ്ക്കുമോ എന്ന് ഇന്ന് കണ്ടറിയാം. ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ജ്വലിപ്പിക്കാനുള്ള തീവ്രശ്രമം ലൂണയും സംഘവും കാഴ്ചവയ്ക്കുമ്പോള്‍ മാനേജ്‌മെന്റിനോടുളള പ്രതിഷേധം തുടരാനും കളിക്കാരെ പിന്തുണയ്‌ക്കാനുമാണ് ആരാധകകൂട്ടായ്‌മയായ മഞ്ഞപ്പടയുടെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.