Web Desk

തിരുവനന്തപുരം:

May 30, 2020, 8:38 pm

സുഭിക്ഷ കേരളം പദ്ധതി: ഉത്തരവിറങ്ങി

Janayugom Online

സുഭിക്ഷ കേരളം പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി നിലവിലുള്ള സബ്സിഡി മാനദണ്ഡങ്ങളിൽ ആവശ്യമായ ഭേദഗതികളും കൂട്ടിച്ചേർക്കലുകളും വരുത്തി ഉത്തരവിറങ്ങി. കേരളത്തിൽ ഒരു വർഷം കൊണ്ട് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകൾക്ക് ഊന്നൽ നൽകി 3,860 കോടി രൂപ ചെലവിട്ടുള്ള സർക്കാരിന്റെ ബൃഹത് പദ്ധതിയാണിത്.

പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു നിലവിലുള്ള സബ്സിഡി മാനദണ്ഡങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തി. വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റി യോഗം ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള മാർഗ്ഗരേഖ പരിഷ്ക്കരിച്ച് ഉത്തരവായത്. ഒരു ഹെക്ടറിനു അനുവദിക്കാവുന്ന പരമാവധി സബ്സിഡി തുകയാണ് ഇതുപ്രകാരം നിർദ്ദേശിച്ചിട്ടുള്ളത്.
നെൽകൃഷിക്ക് പരമാവധി നൽകാവുന്ന സബ്സിഡി തുക 40,000 രൂപയായി വർധിപ്പിച്ചു. ഇതിൽ 5,000 രൂപ ഉടമയ്ക്കും 35,000 രൂപ കർഷകനുമാണ് ലഭിക്കുക. പച്ചക്കറി കൃഷിയിൽ കർഷകന് 37,000 രൂപയും ഉടമക്ക് 3,000 രൂപയും സബ്സിഡിയായി നൽകാവുന്നതാണ്. വാഴ കൃഷിയിൽ പരമാവധി സബ്സിഡി തുക 32,000 രൂപ കർഷകനും 3,000 രൂപ ഉടമക്കും ലഭിക്കുന്നതാണ്. ചെറു ധാന്യ കൃഷി, മരിച്ചീനിയും മറ്റു കിഴങ്ങുവർഗ്ഗ കൃഷി എന്നിവയ്ക്ക് പരമാവധി 30,000 രൂപ സബ്സിഡിയായി ലഭ്യമാക്കാവുന്നതാണ്. ഉത്തരവിൽ പരാമർശിക്കാത്ത മറ്റ് വിളകൾക്ക് പരമാവധി 10,000 രൂപ സബ്സിഡിയായി അനുവദിക്കാവുന്നതാണ്.

തരിശുഭൂമി കൃഷിയുമായി ബന്ധപ്പെട്ട സഹായങ്ങളെ സംബന്ധിച്ചും സ്ഥിരം കൃഷിക്ക് അനുവദിക്കാവുന്ന പരമാവധി സഹായത്തെ സംബന്ധിച്ചും ഉത്തരവിൽ നിർദ്ദേശങ്ങൾ ഉണ്ട്. മൃഗസംരക്ഷണ മേഖലയിലെ സബ്സിഡി നിരക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം കറവയുള്ള പശുവിനോ, കറവയുള്ള എരുമ എന്നിവയുടെ യൂണിറ്റ് കോസ്റ്റ് 60,000 രൂപയായി പുതുക്കി നിശ്ചയിച്ചു. ഇതിൽ പൊതുവിഭാഗത്തിനു 50 ശതമാനം വരെയും പട്ടിക ജാതി വിഭാഗത്തിന് 75 ശതമാനവും പട്ടിക വർഗ്ഗ വിഭാഗത്തിനു 100 ശതമാനം സബ്സിഡിയും അനുവദിക്കും.
ശുചിത്വ കാലിത്തൊഴുത്ത് നിർമ്മാണം, മിനി ഡയറി ഫാമുകളുടെ ആധുനികവത്ക്കരണം, തീറ്റപ്പുൽ കൃഷി, അടുക്കള മുറ്റത്തെ കോഴി വളർത്തൽ, പന്നിവളർത്തൽ, മത്സ്യ കൃഷി എന്നിവയുടെ സബ്സിഡി നിരക്കിലും വർധനവ് വരുത്തിയിട്ടുണ്ട്. കൃഷിയ്ക്ക് 1,449 കോടി, മൃഗസംരക്ഷണത്തിന് 118 കോടി, ക്ഷീരവികസനത്തിന് 215 കോടി, മത്സ്യബന്ധന മേഖലയ്ക്ക് 2,078 കോടി എന്നിങ്ങനെയാണ് പദ്ധതി പ്രാകരം സർക്കാർ നീക്കിവച്ചിട്ടുള്ളത്.

കൃഷി വകുപ്പിനാണ് പദ്ധതിയുടെ പ്രധാന ചുമതല. കൃഷി, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ വകുപ്പുകൾ ഒത്തൊരുമിച്ചാണ് പദ്ധതി നടപ്പാക്കുക. ജലസേചന കാര്യത്തിൽ ജലവിഭവ വകുപ്പും കാർഷികോല്പന്നങ്ങളുടെ മൂല്യവർധനയ്ക്ക് വ്യവസായ വകുപ്പും ഈ പദ്ധതിയുമായി യോജിച്ച് നീങ്ങും. 25,000 ഹെക്ടർ തരിശുനിലത്തിൽ കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നത്. അതിൽ നെല്ല് 5,000 ഹെക്ടർ, പച്ചക്കറി 7,000 ഹെക്ടർ, വാഴ 7,000 ഹെക്ടർ, കിഴങ്ങ് 5,000 ഹെക്ടർ, പയർവർഗ്ഗങ്ങൾ 500 ഹെക്ടർ, ചെറുധാന്യങ്ങൾ 500 ഹെക്ടർ എന്നിങ്ങനെയാണ് കണക്കാക്കുന്നത്. പുരയിട കൃഷിയിൽ പച്ചക്കറിയും കിഴങ്ങുവർഗ്ഗങ്ങളും പ്രധാന ലക്ഷ്യങ്ങളാണ്.

ENGLISH SUMMARY: order released for sub­hik­sha ker­alam project

YOU MAY ALSO LIKE THIS VIDEO