ഓര്‍ഡനന്‍സ് പണിമുടക്ക്; 27 ന് ദേശീയ ഐക്യദാര്‍ഢ്യദിനം

Web Desk
Posted on August 23, 2019, 9:43 pm

ന്യൂഡല്‍ഹി: ഓര്‍ഡനന്‍സ് ഫാക്ടറികളിലെ ജീവനക്കാരും തൊഴിലാളികളും നടത്തുന്ന ഒരുമാസത്തെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഓഗസ്റ്റ് 27 ന് ദേശീയ ഐക്യദാര്‍ഢ്യം സംഘടിപ്പിക്കാന്‍ കേന്ദ്ര തൊഴിലാളി സംഘടനകളുടെ യോഗം തീരുമാനിച്ചു. എഐടിയുസി, സിഐടിയു, എച്ച്എംഎസ്, ഐഎന്‍ടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ സംഘടനകളാണ് ഐക്യദാര്‍ഢ്യം സംഘടിപ്പിക്കുന്നത്.

41 ഓര്‍ഡനന്‍സ് ഫാക്ടറികളിലെയും ജീവനക്കാരും തൊഴിലാളികളുമടക്കം ഒരു ലക്ഷത്തിലധികം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെടുന്ന ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും നിര്‍മ്മിക്കുന്ന ഓര്‍ഡനന്‍സ് ഫാക്ടറികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെയാണ് പണിമുടക്ക്. എന്തെങ്കിലും സാമ്പത്തിക നേട്ടത്തിന് വേണ്ടിയല്ല പണിമുടക്ക് നടത്തുന്നത്.

ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രശ്‌നം ശ്രദ്ധിക്കണമെന്നും രാജ്യതാല്‍പര്യത്തിന് വേണ്ടിയുള്ളതാണെന്ന് തിരിച്ചറിയണമെന്നും കേന്ദ്രതൊഴിലാളി സംഘടനകള്‍ സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 27 ന് രാജ്യം ഒന്നാകെ സമരത്തിനൊപ്പമാണെന്ന് തെളിയിക്കുന്ന വിധത്തിലുള്ള ഐക്യദാര്‍ഢ്യക്യാമ്പയിനുകള്‍ സംഘടിപ്പിക്കണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.