ഓര്‍ഡനന്‍സ് സമരം തീരുന്നു

Web Desk
Posted on August 24, 2019, 11:08 pm

ന്യൂഡല്‍ഹി: ഓര്‍ഡനന്‍സ് ഫാക്ടറിയിലെ ജീവനക്കാര്‍ നടത്തുന്ന സമരം തിങ്കളാഴ്ച്ച അവസാനിപ്പിക്കുമെന്ന് സംയുക്ത സമര സമിതി നേതാക്കള്‍ അറിയിച്ചു. വെള്ളിയാഴ്ച്ച പ്രതിരോധ ഉല്‍പ്പാദന വിഭാഗം സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഒരു മാസം തുടരാന്‍ തീരുമാനിച്ച സമരം അവസാനിപ്പിച്ചതെന്ന് സമരസമിതി നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ അടുത്ത ഓര്‍ഡനനന്‍സ് ഫാക്ടറി ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കാമെന്ന് പ്രതിരോധ ഉല്‍പ്പാദന വിഭാഗം സെക്രട്ടറി അറിയിച്ചു.

തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിന് ഉന്നതതല സമിതിയെ നിയോഗിക്കാനും ധാരണമായി. സമരം അവസാനിപ്പിച്ചെങ്കിലും ഓര്‍ഡനന്‍സ് ഫാക്ടറികളുടെ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനെതിരെയുള്ള പ്രതിഷേധം തുടരുമെന്നും കോണ്‍ഫിഡറേഷന്‍ ഓഫ് റെക്കഗ്നൈസ്ഡ് അസോസിയഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.