മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നിന്നുള്ള കര്ഷകന് പ്രമോദ് ലക്ഷ്മണ് മഹാജന് (68) ഇന്ത്യയൊട്ടാകെയായി 17,500 കിമീ പിന്നിടാന്‍ ലക്ഷ്യമിട്ട് ജനുവരി 18ന് പൂനെയില്‍ നിന്ന് മോട്ടോര്ബൈക്കിലാരംഭിച്ച അവയവദാന ബോധവല്‍ക്കരണ യാത്ര കൊച്ചിയിലുമെത്തി. 2015ല്‍ സ്ഥാപിക്കപ്പെട്ട റീബര്‍ത് ഫൗണ്ടേഷനാണ് യാത്ര സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച കൊച്ചിയിലെത്തിയ യാത്രയ്ക്ക് വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റലില്‍ സ്വീകരണം നല്കി.
യൂറോളജി വിഭാഗം തലവന്‍ ഡോ. ജോര്‍ജ് പി ഏബ്രഹാം, നെഫ്രോളജിസ്റ്റ് ജോര്‍ജി കെ നൈനാന്, ലിവര്‍ ട്രാന്സ്പ്ലാന്റേഷന് ടീമിലെ ഡോ. കാര്‍ത്തിക് കുലശ്രേഷ്ഠ എന്നിവര്‍ അവയവദാനത്തിന്റെ പ്രാധാന്യം വിശദീകരിച്ച് സംസാരിച്ചു. മഹാജന്റെ തുടര്‍ന്നുള്ള യാത്രയുടെ ഫഌഗ് ഓഫ് വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ സിഇഒ എസ്കെ അബ്ദുള്ള നിര്‍വഹിച്ചു. 132 ദിവസം കൊണ്ട് 94 പട്ടണങ്ങള്‍ പിന്നിട്ട് 2020 മെയ് 28ന് യാത്ര പൂര്‍ത്തിയാക്കാനാണ് മഹാജന് ലക്ഷ്യമിടുന്നത്.
അവയവദാനത്തില്‍ ബോധവല്‍ക്കരണം നടത്തുന്നതിലുപരിയായി 2000ല്‍, 49 വയസ്സുള്ളപ്പോള്‍ തന്റെ സുഹൃത്തിന് ഒരു വൃക്ക ദാനം ചെയ്തയാളാണ് മഹാജന്. ഈ സംഭവമാണ് തുടര്‍ച്ചയായ ബോധവല്‍ക്കരണം നടത്താന്‍ ഈ മനുഷ്യസ്നേഹിക്ക് പ്രചോദനമായത്. ഇതിനു പുറമെ മുംബൈയിലേയും പൂനെയിലേയും വിവിധ ആശുപത്രികളില്‍ നടന്ന വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി 4.5 കോടി രൂപ സമാഹരിച്ചു നല്‍കാനും അദ്ദേഹം മുന്‍കൈ എടുത്തിട്ടുണ്ട്. ഇങ്ങനെ 350ലേറെ ശസ്ത്രക്രിയകളാണ് നടന്നിട്ടുള്ളത്. ഇത് രണ്ടാം തവണയാണ് മഹാജന് അവയവദാന ബോധവല്‍ക്കാരണ യാത്ര നടത്തുന്നത്. 2018ലാണ് ആദ്യയാത്ര നടത്തിയത്. വൃക്ക ദാനം ചെയ്താലും പൂര്‍ണ ആരോഗ്യത്തോടെയുള്ള ജീവിതം തുടരാമെന്നു തെളിയിക്കാന്‍ കൂടിയാണ് തന്റെ യമഹയില്‍ ഈ ബോധവല്ക്കരണയാത്രയ്ക്ക് തുടക്കമിട്ടതെന്ന് മഹാജന് പറഞ്ഞു.