കെ രംഗനാഥ്

ദുബായ്

February 22, 2020, 10:44 am

മരിച്ച ദേവിശ്രീയുടെ വൃക്കയിലൂടെ കുരുന്ന് ആദമിനു പുനര്‍ജനി

Janayugom Online

വാതില്‍ തള്ളിത്തുറന്ന് ആദം മുന്നിലെത്തിയപ്പോള്‍ കീര്‍ത്തി-അരുണ്‍ ദമ്പതിമാര്‍ക്ക് ഒരു സ്വപ്നസാഫല്യം പോലെ, ആറാം വയസില്‍ ഹൃദയ‑ശ്വാസകോശ തകരാറുമൂലം അന്തരിച്ച കുഞ്ഞുദേവശ്രീ ആദമിലൂടെ പുനര്‍ജനിച്ചിരിക്കുന്നു. കീര്‍ത്തി ആദമിനെ വാരിപ്പുണര്‍ന്നപ്പോള്‍ വിടചൊല്ലിയ മകളെ കയ്യില്‍ കിട്ടിയ സന്തോഷാശ്രു. അവയദാനമെന്ന മഹാദാനത്തിന്റെ അനുഭവസാക്ഷ്യങ്ങളായി ആദമിന്റെ കുടുംബവും റാസല്‍ഖെെമയിലെ കീര്‍ത്തി-അരുണ്‍ ദമ്പതിമാരുടെ വീട്ടില്‍ ഒത്തുകൂടി. ഈ ഇന്ത്യന്‍ ദമ്പതിമാരുടെ പുത്രി ദേവിശ്രീയുടെ വൃക്കകളും കരളും അവര്‍ ദാനം ചെയ്യുകയായിരുന്നു.

വൃക്ക തകരാറിലായ ആദം കഴിഞ്ഞ നാല് വര്‍ഷമായി സ്കൂളില്‍ പോകാറില്ല. പുറത്തിറങ്ങുന്നത് ഡയാലിസിസിന് ആശുപത്രിയില്‍ പോകാന്‍ മാത്രം. ഡയാലിസിസ് നടത്തുന്നതിനാല്‍ ദാഹം തീര്‍ക്കാനുള്ള വെള്ളം പോലും കുടിക്കാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചിട്ടില്ല. ഒരു ദിവസം 400 മില്ലി ലിറ്റര്‍ വെള്ളം മാത്രമെ കുടിക്കാന്‍ പാടുള്ളു. ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് ദുബായില്‍ പോകണം. തങ്ങളുടെ കുഞ്ഞ് ആദമിന് ഒരു വൃക്ക കിട്ടാന്‍ മാതാപിതാക്കളായ മലയാളി ദമ്പതിമാര്‍ ദീപക് ജോണ്‍ജേക്കബും ദിവ്യാ എബ്രഹാമും മുട്ടാത്ത വാതിലുകളില്ല. ഇതിനിടെയാണ് നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആദമിനു യോജിച്ച വൃക്ക കണ്ടെത്തിയെന്ന്

മുഹമ്മദ് ബിന്‍ റഷീദ് ആശുപത്രിയിലെ ഡോ. ഫര്‍ഹാദ് ജനാഹിയുടെ സന്ദേശമെത്തുന്നത്. വെെകാതെ തന്നെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടന്നു. ദിവസങ്ങളോളം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ആദം വീട്ടിലെത്തിയ ശേഷം ആദ്യം ആവശ്യപ്പെട്ടത് വൃക്ക നല്കി തന്നെ പുനരുജ്ജീവിപ്പിച്ച ദേവിശ്രീ ചേച്ചിയുടെ അച്ഛനമ്മമാരെ കാണണമെന്നാണ്. ദേവിശ്രീയുടെ മറ്റൊരു വൃക്ക അബുദാബിയിലെ ഒരു പതിനഞ്ചുകാരനാണ് പുനരുജ്ജീവനം നല്കിയത്. കരള്‍ ഇപ്പോള്‍ സൗദിയിലുള്ള ഒരു യുവാവിനും. ബാക്കിയുള്ള കരളും മറ്റാര്‍ക്കെങ്കിലും മാറ്റിവയ്ക്കുന്നതോടെ ദേവിശ്രീയിലൂടെ ജീവിക്കുന്നവര്‍ നാലാകും.

Eng­lish Sum­ma­ry: organ donat­ed by devi sree