June 10, 2023 Saturday

അവയവ ദാനം കുറയുന്നു

ജെനീഷ് അഞ്ചുമന
കൊല്ലം
March 27, 2023 10:57 pm

സംസ്ഥാനത്ത് അവയവമാറ്റ ശസ്ത്രക്രിയക്കായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് മൂവായിരത്തിലധികം പേരെന്ന് കണക്കുകൾ. അവയവദാതാക്കളുടെ കുറവും നടപടിക്രമങ്ങളിലെ കാലതാമസത്തിനും പുറമെ ‘തലവേദന’ വേണ്ടെന്ന് കരുതി അവയവ ദാനത്തിന് തയാറാകുന്നവരെ ചില ആശുപത്രികൾ പിന്തിരിപ്പിക്കുന്നതും തിരിച്ചടിയാകുന്നു. അവയവമാറ്റത്തിലെ കാലതാമസം പലരെയും മരണത്തിനെറിഞ്ഞ് കൊടുക്കുന്ന അവസ്ഥയും ആശുപത്രികൾ വരുത്തിവയ്ക്കുന്നുണ്ട്. അവയവദാനത്തിന് സന്നദ്ധരാകുന്നവരുടെ എണ്ണം അടുത്ത നാളുകളിലായി കുറഞ്ഞുവരുന്നത് ആരോഗ്യമേഖലയിലുള്ളവർ ആശങ്കയോടെയാണ് കാണുന്നത്. യഥാസമയം കിട്ടുമെന്ന് ഉറപ്പില്ലെന്ന തരത്തിൽ അവയവദാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണം ഉണ്ടായതും തിരിച്ചടിയായിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

list

അപകടമരണം സംഭവിച്ചവരിൽ നിന്ന് നിശ്ചിത സമയത്തിനുള്ളിലും, മസ്തിഷ്‌കമരണം സംഭവിച്ചവരിൽ നിന്ന് ബന്ധുക്കളുടെ പരിപൂർണ സമ്മതത്തോടെയും നീക്കം ചെയ്യുന്ന അവയവങ്ങൾ സ്വീകർത്താവിന്റെ ശരീരവുമായി യോജിച്ചുപോകുന്നതാണോ എന്നത് ഉറപ്പുവരുത്തുന്നതിനുള്ള വിവിധ ക്ലിനിക്കൽ ടെസ്റ്റുകൾ നടത്തുക എന്നതാണ് അവയവ മാറ്റത്തിലെ ആദ്യപടി. നിയമവിധേയമാണോ അവയവദാനം നടക്കുന്നതെന്ന് വ്യക്തമാകാൻ എത്തിക്സ് കമ്മിറ്റി മുമ്പാകെ വ്യക്തിഗത വിവരങ്ങളടക്കം നൽകണം. എത്തിക്കൽ കമ്മിറ്റിയുടെ തീരുമാനം അനുകൂലമായാൽ മാത്രമേ അടുത്ത നടപടികളിലേക്ക് നീങ്ങാറുള്ളൂ. ഇത്തരം നടപടിക്രമങ്ങളിൽ പല ആശുപത്രി അധികൃതരും തൃപ്തരല്ല. ഇതൊരു വലിയ കടമ്പയായാണ് ആശുപത്രി അധികൃതർ ദാതാവിനെയും സ്വീകർത്താവിനെയും ധരിപ്പിക്കുന്നത്. ഇതാണ് പലരും അവയവ ദാനത്തിൽ നിന്ന് പിന്മാറാന്‍ കാരണമെന്ന് ആരോഗ്യ വിദഗ്ധർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

അവയവം ദാനം ചെയ്യുന്നത് അടുത്ത ബന്ധുവാണെങ്കിൽ ആശുപത്രി കമ്മിറ്റിയും ബന്ധുവലയത്തിന് പുറത്തുനിന്നാണെങ്കിൽ ഓതറൈസേഷൻ കമ്മിറ്റിയുമാണ് പരിശോധിക്കുക. ശസ്ത്രക്രിയ നടത്തുന്ന ആശുപത്രിയുടെ സൂപ്രണ്ട്, ചികിത്സിക്കുന്ന ഡോക്ടർ, വകുപ്പ് മേധാവി എന്നിവരാണ് ആശുപത്രി കമ്മിറ്റിയിലുള്ളത്. ആരോഗ്യവകുപ്പ് പ്രതിനിധി, സെക്രട്ടേറിയറ്റിൽ നിന്ന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ, ആശുപത്രി സൂപ്രണ്ട്, ചികിത്സിക്കുന്ന ഡോക്ടർ എന്നിവരായിരിക്കും എത്തിക്സ് കമ്മിറ്റി അംഗങ്ങൾ. ഇതിൽ കച്ചവടലക്ഷ്യത്തോടെയുള്ള പണമിടപാടുകൾ നടന്നിട്ടുണ്ടോ മുതലായ കാര്യങ്ങൾ അന്വേഷിക്കുന്ന പ്രക്രിയയാണ് നീണ്ടുപോകുന്നത്. വൃക്ക വില്പന നടത്തിയ പരാതികൾ ഉയർന്നതിനെതുടർന്ന് പരിശോധന കർശനമാക്കിയതും ആശുപത്രി അധികൃതർ വിമുഖത കാട്ടാൻ കാരണമാകുന്നുണ്ട്. ഇടനിലക്കാർ മുഖേനയുള്ള കോടികളുടെ ഇടപാടുകൾ പരിശോധനയിലൂടെ ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിലും അവയവ ദാനത്തിന് ശക്തമായ ബോധവല്‍ക്കരണ പ്രവർത്തനങ്ങൾ കൂടി ഊർജ്ജിതമാക്കണമെന്നാണ് ആരോഗ്യമേഖലയിലുള്ളവരുടെ അഭിപ്രായം.

Eng­lish Sum­ma­ry: Organ dona­tion is on the decline

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.