സംസ്ഥാന സർക്കാരിന്റെ അവയവ ദാന പദ്ധതിയായ ‘മൃതസഞ്ജീവനി’ കേന്ദ്ര പദ്ധതിയായ സോട്ടോയിൽ ലയിപ്പിക്കും. ഇത് സംബന്ധിച്ച് രൂപരേഖ തയാറാക്കുന്നതിനായി സമിതിയെ ചുമതലപ്പെടുത്താൻ ഉന്നതതല യോഗം തീരുമാനിച്ചു. ഇതനുസരിച്ച് ജീവിച്ചിരിക്കുമ്പോഴും, മരണാനന്തരമുള്ളതുമായ അവയവദാനം ഒരു കുടക്കീഴിലാകും. മൃതസഞ്ജീവനിയിലൂടെ മസ്തിഷ്ക മരണാനന്തര അവയവദാനമാണ് നടത്തിയിരുന്നത്.
സോട്ടോയിലൂടെ ഇതിന് പുറമേ ജീവിച്ചിരിക്കുന്നവർ തമ്മിലുള്ള അവയവമാറ്റവും സർക്കാർ ഏകോപിപ്പിക്കും. അവയവമാറ്റ കേന്ദ്രങ്ങൾ, ആശുപത്രികൾ, ടിഷ്യു ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്ന് ദേശീയ രജിസ്ട്രിയിലേക്ക് അവയവമാറ്റ ശസ്ത്രക്രിയ വിവരങ്ങൾ ശേഖരിക്കും. സ്വീകർത്താക്കളുടെ പട്ടികയുണ്ടാക്കും. ഇവയിൽ കൃത്യമായ മേൽനോട്ടം വഹിച്ച് അവയവ കച്ചവട മാഫിയയെ തടയുകയാണ് ലക്ഷ്യം.
അവയവദാനവും അവയവമാറ്റ പ്രക്രിയയും കാര്യക്ഷമമാക്കുന്നതിനു കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുമായി ചേർന്ന് നടപ്പാക്കുന്ന ടിഷ്യു ട്രാൻസ് പ്ലാന്റ് ഓർഗനൈസേഷനാണ് സോട്ടോ (സ്റ്റേറ്റ് ഓർഗൻ ട്രാൻസ് പ്ലാന്റ് ഓർഗനൈസേഷൻ). അവയവദാനം, അവയവമാറ്റ ശസ്ത്രക്രിയ എന്നിവയുടെ വിവരങ്ങൾ ശേഖരിക്കുക, അവയവമാറ്റ സ്വീകർത്താക്കളുടെ പട്ടിക തയ്യാറാക്കുക തുടങ്ങിയവയ്ക്കൊപ്പം വിവരങ്ങൾ ഏകോപിപ്പിച്ച് ഓൺലൈൻ രജിസ്ട്രി സംവിധാനത്തിൽ ചേർക്കുകയാണ് സോട്ടോയുടെ ഉത്തരവാദിത്തം.
അവയവം ദാനം ചെയ്യുന്നയാളുടെയും സ്വീകരിക്കുന്നയാളുകളുടെയും പൂർണവിവരങ്ങൾ രജിസ്ട്രിയിൽ ലഭ്യമാകും. കണ്ണ്, ത്വക്, ഹൃദയം തുടങ്ങി ഓരോന്നിനും പ്രത്യേകബാങ്കുകൾ ഉണ്ടാകും. എല്ലാ അവയവമാറ്റ കേന്ദ്രങ്ങളും ഈ രജിസ്ട്രിയിൽ ലിങ്ക് ചെയ്തിട്ടുള്ളതിനാൽ അവയവമാറ്റ പ്രക്രിയയിൽ സംസ്ഥാന- കേന്ദ്ര സർക്കാരുകളുടെ നിരീക്ഷണം ഉറപ്പാക്കാനാകും.
സംസ്ഥാനത്തു നടപ്പാക്കുന്ന മരണാനന്തര അവയവ കൈമാറ്റ പദ്ധതിയാണ് മൃതസഞ്ജീവനി. ‘ഷെയർ ഓർഗൻസ് സേവ് ലൈവ്സ്’ എന്ന മുദ്രാവാക്യമുയർത്തി കേരളത്തിലെ അവയവദാന പദ്ധതിയെ വിപുലീകരിക്കുക എന്നതാണ് മൃതസഞ്ജീവനിയുടെ ലക്ഷ്യം. 2012 ഓഗസ്റ്റ് 12 നാണ് മൃതസഞ്ജീവനി പദ്ധതി നിലവിൽ വന്നത്.
കേരളത്തിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ മസ്തിഷ്കമരണം സംഭവിച്ചാൽ മൃതസഞ്ജീവനിയിൽ അറിയിക്കുന്നു. മസ്തിഷ്കമരണം സംഭവിച്ചവരുടെ കുടംബാംഗങ്ങളുടെ സമ്മതത്തോടെ പ്രവർത്തനസജ്ജമായ അവയവം എടുക്കുന്നത് മൃതസഞ്ജീവനി വഴിയാണ്. മരണാനന്തരം അവയവങ്ങൾ നൽകാൻ താത്പര്യമുള്ള ഏതൊരാൾക്കും http: //knos. org. in/DonorCard. aspx എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ആവശ്യമായ വിവരങ്ങൾ നൽകിയാൽ ദാതാവിനുള്ള ഡോണർ കാർഡ് ലഭിക്കും. എന്നാല്‍ അത് പ്രിന്റ് ചെയ്ത് സൂക്ഷിക്കുയും തന്റെ ആഗ്രഹം കുടുംബാംഗങ്ങളെ അറിയിക്കുകയും വേണം.
English summary; Organ donation; ‘Mrita Sanjeevani’ will be merged with Soto
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.