September 30, 2023 Saturday

അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത് 3115 പേര്‍

പി എസ് രശ്‌മി
തിരുവനന്തപുരം
January 15, 2023 10:45 pm

സംസ്ഥാനത്ത് അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് 3115 പേര്‍. ഇതില്‍ വൃക്കരോഗികളാണ് കൂടുതല്‍. 2246 പേരാണ് വൃക്ക മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്നത്. 755 പേരാണ് കരള്‍ ആവശ്യമുള്ളവര്‍. ഹൃദയം മാറ്റിവെയ്ക്കേണ്ടത് 63 രോഗികള്‍ക്കാണ്. ഒന്നില്‍ കൂടുതല്‍ അവയവങ്ങള്‍ മാറ്റിവയ്ക്കേണ്ട 51 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവയവദാനരംഗത്ത് സംസ്ഥാനത്ത് ഏറെ മുന്നേറ്റമുണ്ടായിട്ടുണ്ടെങ്കിലും യോജിച്ച ദാതാവിനെ ലഭിക്കാത്തത് മൂലമാണ് അവയവങ്ങള്‍ രോഗികളിലേക്കെത്താന്‍ കാലതാമസമുണ്ടാകുന്നത്. സര്‍ക്കാര്‍ ബോധവല്ക്കരണമുള്‍പ്പെടെ നടത്തുന്നുണ്ടെങ്കിലും മരണാനന്തര അവയവദാനത്തില്‍ അടുത്തകാലത്തായി കുറവ് സംഭവിക്കുന്നതായാണ് കണക്കുകള്‍.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ 1994 ലെ മനുഷ്യാവയവം കൈമാറ്റ നിയമം അടിസ്ഥാനമാക്കിയാണ് അവയവദാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ രംഗത്ത് സമഗ്ര ഇടപെടല്‍ നടത്തുന്നതിനായി 2021 ല്‍ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ് പ്ലാന്റ് ഓര്‍ഗനൈസേഷന്‍ ( കെ സോട്ടോ) സ്ഥാപിക്കുകയും മുന്‍ പദ്ധതിയായ മൃതസഞ്ജീവനിയെ ഇതില്‍ ലയിപ്പിക്കുകയും ചെയ്തു. 2012ല്‍ ആരംഭിച്ച മൃതസഞ്ജീവനി വഴി ഇതു വരെ 996 അവയവങ്ങളാണ് മാറ്റിവെച്ചത്. 2018ല്‍ 29, 2019ല്‍ 55, 2020ല്‍ 70, 2021ല്‍ 49, 2022ല്‍ 50 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ നടന്ന അവയവമാറ്റത്തിന്റെ കണക്ക്.

അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള അവയവ മാറ്റം നടത്തുന്നതിന് അതത് ആശുപത്രിയില്‍ തന്നെ ഉള്ള കമ്മിറ്റിയാണ് അനുവാദം നല്‍കുന്നത്. ബന്ധുവേതര അവയവദാനത്തിനായി ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റിയില്‍ നിന്നും അനുവാദം ലഭിക്കണം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റികള്‍ നിലവിലുണ്ട്. നിശ്ചിത ഇടവേളകളില്‍ ചേരുന്ന ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റി അടിയന്തര സാഹചര്യങ്ങളിലും വിളിച്ചുചേര്‍ക്കാറുണ്ട്. അവയമാറ്റത്തെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്.

അവയവമാറ്റം നടത്തുന്ന പാവപ്പെട്ടരോഗികള്‍ക്ക് സര്‍ക്കാര്‍ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി(കാസ്പ്) പ്രകാരം എംപാനല്‍ഡ് ആശുപത്രികള്‍ വഴി സഹായം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെഡിസെപ് വഴിയും അവയവ മാറ്റത്തിന് സഹായം ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആശ്വാസ് പദ്ധതി വഴി അവയവമാറ്റം കഴിഞ്ഞ രോഗികള്‍ക്ക് സൗജന്യമരുന്ന് നല്‍കിവരുന്നുണ്ട്. സാമൂഹ്യ സുരക്ഷാ പദ്ധതിപ്രകാരം ഈ രോഗികള്‍ക്ക് പ്രതിമാസം 1600 രൂപ പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഈ പദ്ധതിയിലൊന്നും ഉള്‍പ്പെടാത്ത നിര്‍ധനരായ രോഗികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാ സഹായവും ലഭ്യമാകും. അവയവദാനം, അവയവമാറ്റ ശസ്ത്രക്രിയകള്‍ എന്നിവയുടെ നിയന്ത്രണത്തിനും മേല്‍നോട്ടത്തിനുമായി വിദഗ്ധകമ്മിറ്റികള്‍ രൂപീകരിക്കുന്നതിന് ശുപാര്‍ശ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കെ സോട്ടോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് അവയവദാനരംഗത്ത് കൂടുതല്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ.

Eng­lish Sum­ma­ry: 3115 peo­ple are wait­ing for organ transplant
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.