ജൈവകൃഷി പെരുമയുമായി കുലശേഖരപുരം

Web Desk
Posted on August 02, 2018, 9:35 pm

കൊല്ലം: 2013 വര്‍ഷത്തില്‍ സമ്പൂര്‍ണ്ണ ജൈവ കാര്‍ഷിക ഗ്രാമമായി പ്രഖ്യാപിച്ച കുലശേഖരപുരം ഗ്രാമപഞ്ചായത് ഒട്ടനവധി സമ്പൂര്‍ണ്ണ ജൈവകൃഷി പദ്ധതികളാണ് നടത്തിയത്. പഞ്ചായത്തിലെ 13000 കുടുംബങ്ങള്‍ക് അഞ്ച് ഇനം പച്ചക്കറിയുടെ 50 തൈകള്‍ വീതം നല്കി എല്ലാ വീട്ടിലും അടുക്കളത്തോട്ടം എന്ന ആശയം സാക്ഷാത്കരിച്ചു .കൂടാതെ തരിശായിട്ടു കിടന്ന സ്ഥലങ്ങള്‍ കണ്ടെത്തി അതാത് വാര്‍ഡിലെ കുടുംബശ്രീകള്‍ക്കു എല്ലാ വിധ പ്രോത്സാഹനവും നല്കി വാണിജ്യ അടിസ്ഥാനത്തില്‍ പച്ചക്കറി ഉല്പാദിപ്പിക്കുവാന്‍ വേണ്ടുന്ന എല്ലാ സഹായവും നല്കി .ഇതില്‍ എടുത്തു പറയത്തക്ക ഒരു വലിയ നേട്ടമാണ് രണ്ടാം വാര്‍ഡ് അംഗം സീമചന്ദ്രന്റെ നേതൃത്വത്തില്‍ വീട്ടമ്മമാര്‍ വിജയം കൈവരിച്ചത്. പ്രതികൂല കാലാവസ്ഥയെ പോലും അവര്‍ തങ്ങളുടെ കഠിനാധ്വാനം കൊണ്ട് നശിച്ചു പോകാതെ സംരക്ഷിച്ചു നൂറ് മേനി വിളവ് വിളയിച്ചത്. ഈ മഴക്കാലത്ത് പൂര്‍ണ്ണ സംരക്ഷണം നല്കി വിളവെടുക്കാറായപ്പോള്‍ 200 കിലോ വെച്ചു ശരാശരി ഉല്പ്പാദനം ലഭിച്ചു. ഇന്നത്തെ വിളവെടുപ്പില്‍ പച്ചമുളകും ‚വഴുതനയും ലഭിച്ചു. 60 രൂപ നിരക്കില്‍ പച്ചമുളകും 30 രൂപ നിരക്കില്‍ വഴുതനയും ഹോര്‍ട്ടികോര്‍പ്പിനു നല്‍കി. ഇതില്‍ 300 കിലോ പച്ചമുളകും 40 കിലോ വഴുതനയും നല്‍കി 100 കിലോ മുളക് ഉണക്കിപൊടിയാക്കാനായി മാറ്റിവെച്ചിരിക്കുകയാണ്. കൂടാതെ പ്രദേശവാസികള്‍ക്കും അംഗങ്ങള്‍ക്കും ആവശ്യാനുസരണം നല്‍കുന്നു. കൃഷിഭവന്‍ വഴി നടപ്പിലാക്കുന്ന ലീഡ്‌സ് പദ്ധതിയിലെ കര്‍ഷകരാണ് ഇവര്‍ .വരുന്ന ഓണം നാളുകളിലും വേണ്ടുന്ന പച്ചക്കറികള്‍ ലഭ്യമാക്കാനുള്ള കഠിനാധ്വാനത്തിലാണ് ഈ വീട്ടമ്മമാര്‍. പാട്ടത്തിനെടുത്ത കൃഷിസ്ഥലത്താണ് ഇവര്‍ കൃഷി ചെയുന്നത്. കൃഷി ചിലവും സാങ്കേതിക സഹായങ്ങളും കൃഷിഭവനും ഗ്രാമപഞ്ചായത്തും നല്‍കി. വിള ആരോഗ്യ പരിപാലന മുറകളുടെ അവലംബവും പരിശീലനവും കൃത്യമായ നീരീക്ഷണവും ആണ് ജൈവരീതിയിലും ഇത്രയും ഉല്പ്പാദനം ലഭിച്ചത്. മൂന്ന്‌വിളവെടുപ്പിലായി 900 കിലോ പച്ചമുളക് 400 കിലോ വഴുതന 100 കിലോ തക്കാളി എന്നിവ ലഭിച്ചു. പല ഘട്ടങ്ങളിലായി ശരാശരി 60,000 രൂപയും ലഭിച്ചു. ഓണത്തിനും വിളവെടുക്കാന്‍ പാകമായി വരുന്നുണ്ട്. വര്‍ഷം മുഴുവനും പച്ചക്കറി ഉല്‍പ്പാദിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് വീട്ടമ്മമാര്‍. സമ്പൂര്‍ണ്ണ ജൈവ ഉല്പന്നമായിട്ടുപോലും നല്ല വില ലഭിക്കാത്തതാണ് ഇവരുടെ നിരാശ. നല്ല വിലകള്‍ നല്കി പ്രോത്സാഹനം ലഭിച്ചാല്‍ കൂടുതല്‍ സ്ഥലത്തേക്കു കൃഷി വ്യാപിപ്പിക്കാന്‍ ഇവര്‍ തയ്യാറാകും.