March 21, 2023 Tuesday

Related news

March 14, 2023
March 13, 2023
March 12, 2023
February 9, 2023
December 23, 2022
November 25, 2022
November 22, 2022
October 28, 2022
October 5, 2022
September 19, 2022

മദ്രസകളെ ലക്ഷ്യമിട്ടുള്ള യുപി സര്‍ക്കാര്‍ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് സംഘടനകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 12, 2022 11:20 am

ഉത്തര്‍ പ്രദേശിലെ മദ്രസകളില്‍ സര്‍വേ നടത്തണമെന്ന ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് സംഘടനകള്‍. മതസ്ഥാപന നടത്തിപ്പുകാരും സാമൂഹിക രാഷ്ട്രീയ സംഘടനകളുമാണ് ഇത്തരത്തില്‍ ആശങ്കയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ പിന്നീട് മദ്രസകള്‍ പൊളിച്ചുനീക്കുന്നതിലേക്കും നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെടുമെന്നുമുള്‍പ്പെടെയുള്ള ആശങ്കകളാണ് സംഘടനകള്‍ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്.മദ്രസകളിലെ അധ്യാപകരുടെ എണ്ണം, പാഠ്യപദ്ധതി, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് സര്‍വേ നടത്തുകയെന്ന് നേരത്തെ സര്‍ക്കാര്‍ പറഞ്ഞിരുന്നു.

സര്‍വേ ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.മദ്രസ വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍വേ നടത്തുന്നതെന്ന് ന്യൂനപക്ഷകാര്യ സഹമന്ത്രി ഡാനിഷ് ആസാദ് അന്‍സാരി പറഞ്ഞിരുന്നു.മദ്രസയുടെ പേര്, അധ്യാപകരുടെ എണ്ണം, പാഠ്യപദ്ധതി, വരുമാന സ്രോതസ്സ്, സര്‍ക്കാരിതര സ്ഥാപനവുമായുള്ള ബന്ധം, സ്വകാര്യ കെട്ടിടത്തിലാണോ വാടക കെട്ടിടത്തിലാണോ മദ്രസ പ്രവര്‍ത്തിക്കുന്നത്, വിദ്യാര്‍ത്ഥികളുടെ എണ്ണം, കുടിവെള്ളം, ഫര്‍ണിച്ചര്‍, വൈദ്യുതി വിതരണം, ടോയ്‌ലറ്റ് തുടങ്ങിയ വിവരങ്ങള്‍ സര്‍വേയില്‍ ശേഖരിക്കുകയെന്നും മന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു.

വിവരശേഖരണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ സ്ഥാപനങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുമോ എന്നതിലാണ് ആശങ്കയെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ പുതിയ തീരുമാനം ഒരു ദേശീയ പൗരത്വ രജസിറ്ററിന്റെ മിനി വേര്‍ഷന്‍ നിര്‍മിക്കാനുള്ള നീക്കമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുസ്‌ലിങ്ങളെ ഭീകരവാദികളാക്കുകയാണ് യു.പി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം തങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിക്കുമെന്നും സര്‍വേ സൂക്ഷമായി നിരീക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ജംഇയത്തുല്‍ ഉലമ തീരുമാനിച്ചിട്ടുണ്ട്.എന്നാല്‍ ഇത്തരം ആശങ്കകളുടെ ആവശ്യമില്ലെന്നാണ് മന്ത്രി ഡാനിഷ് അന്‍സാരിയുടെ വാദം. മദ്രസകള്‍ തകര്‍ക്കാനല്ല മുന്‍ നിരയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മദ്രസകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ സയന്‍സ് പോലുള്ള വിഷയങ്ങള്‍ പഠിപ്പിക്കുന്നത് കൂടി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മദ്രസകളില്‍ വേണ്ട പദ്ധതികളെ കുറിച്ച് സംഘടനകള്‍ക്ക് സര്‍ക്കാരിനെ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.

സര്‍വേയ്ക്കുശേഷം പുതിയ മദ്രസകളെ അംഗീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമോയെന്ന ചോദ്യത്തിന് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. നിലവില്‍ അംഗീകാരമില്ലാത്ത മദ്രസകളുടെ വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.16,461 മദ്രസകളാണ് നിലവില്‍ ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 560 എണ്ണത്തിന് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് വര്‍ഷമായി പുതിയ മദ്രസകള്‍ ഗ്രാന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല.

Eng­lish Sum­ma­ry: Orga­ni­za­tions express con­cern over UP gov­ern­ment action tar­get­ing madrassas

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.