9 November 2025, Sunday

Related news

November 7, 2025
November 7, 2025
November 7, 2025
November 5, 2025
November 5, 2025
November 4, 2025
November 4, 2025
November 2, 2025
October 31, 2025
October 30, 2025

ചീഫ് ജസ്റ്റിസിനെതിരെ സംഘ് പരിവാറിന്റെ സംഘടിത ആക്രമണം

Janayugom Webdesk
ന്യൂഡൽഹി
October 8, 2025 10:30 pm

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ‘സനാതന ധർമ്മ’ത്തിന്റെ പേരിൽ ഷൂ എറിഞ്ഞതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും ഹിന്ദുത്വവാദികളുടെ സംഘടിത ആക്രമണം. മണിക്കൂറുകള്‍ വൈകി ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിലപാടും സമൂഹമാധ്യമങ്ങളിലെ തെറ്റായ വിവരങ്ങളുടെ ഫലമായിട്ടാണ് ആക്രമണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശേഷിപ്പിച്ചതും കാപട്യമാണെന്ന് ഹിന്ദുത്വവാദികളുടെ രോഷം വെളിപ്പെടുത്തുന്നു.
ചീഫ് ജസ്റ്റിസ് ഹിന്ദു വിരുദ്ധൻ ആണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ചീഫ് ജസ്റ്റിസിന്റെ ഹിന്ദു വിരുദ്ധ പരാമർശങ്ങൾക്കെതിരെ ശബ്ദിക്കുന്നില്ലെന്നും അംബേദ്കറൈറ്റായി മാറിയെന്നും ഹിന്ദുത്വക്കാര്‍ ആരോപിക്കുന്നു. ആക്രമണത്തിന് പിന്നാലെ ജാതീയമായി അധിക്ഷേപിക്കുന്ന എഐ വീഡിയോകള്‍ ഗവായിക്കെതിരെ പ്രചരിപ്പിക്കുന്നു.
വലതുപക്ഷ പ്രവര്‍ത്തകന്‍ കിക്കി സിങ് പോസ്റ്റ് ചെയ്ത, എഐ വീഡിയോ വ്യക്തമായ ജാതിവെറി വെളിപ്പെടുത്തുന്നു. ഗവായ് തലയിൽ ഒരു മൺപാത്രം ധരിച്ചിരിക്കുന്നതായി വീഡിയോയിൽ കാണാം. നൂറ്റാണ്ടുകൾ പഴക്കമുള്ള ജാതിയധിക്ഷേപത്തിന്റെ ചിത്രീകരണമാണിത്. മുഖത്ത് നീല ചായം പൂശിയ ഗവായിയെ ചെരിപ്പ് കൊണ്ട് അടിക്കുന്നതിന്റെ ചിത്രവും വീഡിയോയിൽ കാണാം. ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ് ചെയ്ത ട്വീറ്റ്. 2000ത്തിലധികം തവണ വീണ്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്.
അഭിഭാഷകനായ രാകേഷ് കിഷോർ ചീഫ് ജസ്റ്റിസിന് നേരെ ചെരിപ്പെറിഞ്ഞ സംഭവവും വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ വീഡിയോ പോസ്റ്റ് ചെയ്ത കുക്കി സിങ്, സുപ്രീം കോടതിയുടെ അടിച്ചമർത്തൽ പരിധി കവിഞ്ഞുവെന്നും ബലാത്സംഗികളെ വിട്ടയയ്ക്കുന്നത് ഹിന്ദുക്കളുടെ വികാരങ്ങളെ കളിയാക്കലാണെന്നും പറയുന്നു. രാകേഷ് കിഷോർ തന്റെ പ്രവൃത്തികളിൽ “പശ്ചാത്താപമില്ല, ദൈവത്തിന്റെ നാമത്തിൽ” പ്രവർത്തിച്ചുവെന്ന് പറയുന്നതും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹിന്ദുത്വ അനുകൂല യുട്യൂബർ അജിത് ഭാരതി ഗവായിക്കെതിരായ ആക്രമണം ഒരു തുടക്കം മാത്രമാണെന്നുള്ള മുന്നറിയിപ്പുമായി രംഗത്തെത്തി. അജീത് ഭാരതിക്കും ചീഫ് ജസ്റ്റിസിനെ ഭീഷണിപ്പെടുത്തി വീഡിയോകൾ നിർമ്മിച്ചതിന് മതപ്രഭാഷകൻ അനിരുദ്ധ് റാം തിവാരിക്കുമെതിരെ മിഷൻ അംബേദ്കര്‍ സ്ഥാപകനായ സൂരജ് കുമാർ ബൗദ്ധ്, ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ അനുമതി തേടി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിക്ക് കത്ത് എഴുതിയിട്ടുണ്ട്.
വലതുപക്ഷ മാധ്യമമായ ഓപ് ഇന്ത്യ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ “ഗവായ് ഒരു അയഞ്ഞ നാവുള്ള ആളാണ്, അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണം” എന്ന് ആവശ്യപ്പെട്ടു. അക്രമശ്രമം ഹിന്ദു സമൂഹത്തിന്റെ നിസഹായതയുടെ പ്രകടനമാണെന്നായിരുന്നു എഡിറ്റർ ഇൻ ചീഫ് നൂപുർ ശർമ്മയുടെ വാക്കുകള്‍.
വിവിധ രാഷ്ട്രീയ പാർട്ടികൾ ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തെ അപലപിച്ചപ്പോള്‍ ബിജെപി ആദ്യം മൗനം പാലിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മോഡി ഒരു പ്രസ്താവന ഇറക്കിയത്. സംഭവത്തെ “അങ്ങേയറ്റം അപലപനീയം” എന്ന് മോഡി വിശേഷിപ്പിച്ചു. എന്നാൽ ആക്രമണത്തിന്റെ കാരണത്തെക്കുറിച്ചോ അതിന്റെ ജാതീയ സ്വഭാവത്തെക്കുറിച്ചോ അദ്ദേഹം പരാമർശിച്ചിരുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.