ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും: കാനം

Web Desk
Posted on December 10, 2019, 10:30 pm

പത്തനംതിട്ട: ഭരണഘടന വിരുദ്ധമായ ബിജെപി സര്‍ക്കാരിന്റെ ദേശീയ പൗരത്വബില്ലിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഹിന്ദുരാഷ്ട്രം ആക്കുമെന്ന സംഘപരിവാര്‍ സംഘടനകളുടെ പ്രഖ്യാപിത ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമാണ് പുതിയ പൗരത്വബില്‍. മുസ്ലീം ജനവിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ പാടില്ലായെന്ന അജണ്ടയാണ് ഇതിന് പിന്നില്‍.

ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനെതിരെ അസ്സാമിലുണ്ടായ കലാപം മറക്കരുത്. അന്ന് 855 ആളുകള്‍ക്കാണ് ജീവന്‍നഷ്ടമായത്. പൗരത്വം നല്‍കുന്നത് സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവുണ്ട്. ഇതുമായി ബന്ധപ്പെട്ട് 200 ട്രൈബ്യൂബണലുകലും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെയെല്ലാം അപ്രസക്തമാക്കുന്നതാണ് ഇപ്പോഴത്തെ ബില്‍. വടക്കുകിഴക്കന്‍ മേഖലകളില്‍ മാത്രമല്ല രാജ്യമെമ്പാടും ബില്ലിനെതിരെ പ്രക്ഷോഭമുയരും. പാര്‍ലമെന്റിനുള്ളിലും പുറത്തും സിപിഐ പ്രതിഷേധം ശക്തമാക്കും.

കെഎസ്ആര്‍ടിസിയില്‍ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം എത്രയും വേഗം പരിഹരിക്കാനുള്ള നടപടികളുണ്ടാകണമെന്ന് കാനം ആവശ്യപ്പെട്ടു. വേതനവും മറ്റ് വിഷയങ്ങളും സംബന്ധിച്ച് സിപിഐക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി സെക്രട്ടറിമാര്‍ക്ക് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ കത്ത് നല്‍കിയിരിക്കുകയാണ്. സേവന മേഖല എന്ന നിലയില്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുതന്നെയാണ് അഭിപ്രായം.