24 April 2024, Wednesday

ഓർമ്മയുടെ കേരള പിറവി മെഗാ ഇവന്റും ഫൊക്കാന കൺവെൻഷൻ ഒർലാണ്ടോ മേഖല രജിസ്ട്രേഷൻ കിക്ക് ഓഫും ചരിത്രവിജയമായി

Janayugom Webdesk
ഒർലാണ്ടോ
November 10, 2021 10:27 am

കോവിഡ് മഹാമാരിയുടെ പരിമിതികളെ മറികടന്നുകൊണ്ട് ഒർലാണ്ടോ മലയാളി അസോസിയേഷൻ (ഓർമ്മ) കേരളപിറവി ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ മെഗാ ഇവന്റ് ജനപങ്കാളിത്തംകൊണ്ടും വൈവിധ്യമാർന്ന പരിപാടികൾകൊണ്ടും ചരിത്രവിജയമായി മാറി. രണ്ടു വർഷമായി കോവിഡ് പരിമിതികൾ മൂലം അനുഭവിച്ചിരുന്ന പിരിമുറുക്കത്തിനയവുവരുത്തിക്കൊണ്ട് ഒർലാണ്ടോയിലെ മലയാളികൾ ഒന്നടങ്കം ഒത്തുചേർന്ന മെഗാ സംഗമമായി മെഗാ ഇവന്റ് മാറുകയായിരുന്നു. അടുത്ത ജൂലൈ മാസത്തിൽ ഒർലാണ്ടോയിൽ നടക്കാനിരിക്കുന്ന മറ്റൊരു മെഗാ മാമാങ്കമായ ഫൊക്കാന ഇന്റര്‍നാഷണല്‍ കൺവെൻഷൻ രെജിസ്ട്രേഷന്റെ കിക്ക് ഓഫും മെഗാ ഇവന്റിന്റെ ഭാഗമായപ്പോൾ കൺവെൻഷൻ ഒരു ചരിത്ര സംഭവമാക്കി മാറ്റാനുള്ള ദൗത്യവും ഒർലാണ്ടോയിലെ മലയാളികൾ ഏറ്റെടുത്തു. അമേരിക്കയിലെയും കാനഡയിലെയും മുഴുവൻ മലയാളികളുടെയും പരിച്ഛേദമായ ഒരു വലിയ ജനാവലിയെ തന്നെ വിനോദനഗരമായ ഒർലാണ്ടോയിൽ ആതിഥ്യമരുളാനുള്ള തയാറെടുപ്പിലാണ് ഒർലാണ്ടോ മലയാളികൾ.

കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യന്റെ നാട്ടിൽ വച്ചു നടന്ന കിക്ക് ഓഫ് ചടങ്ങിൽ അദ്ദേഹം ഡയമണ്ട് സ്പോൺസർഷിപ്പ് നൽകിയതോടെ ചടങ്ങിന് മാറ്റു കൂടി. 15,000 ഡോളറിന്റെ ചെക്ക് പ്രസിഡണ്ട് ജോർജി വർഗീസിന് കൈമാറികൊണ്ടാണ് ചാക്കോ കുര്യൻ വരാനിരിക്കുന്ന കൺവെൻഷന്റെ പൊലിമ കൂട്ടാൻ തന്റെ സഹായ ഹസ്തം നീട്ടിയത്‌. ഫൊക്കാന നേതാക്കളായ രാജീവ് കുമാരൻ, അശോക് മേനോൻ, ടോം മൈക്കരപ്പറമ്പിൽ തുടങ്ങിയ പ്രമുഖരും കൺവെൻഷന് സ്പോൺസർഷിപ്പ് വാഗ്ദാനവുമായി മുന്നോട്ടു വന്നു. 40ല്‍ പരം പേര് കൺവൻഷന് അവിടെ വച്ചു തന്നെ രെജിസ്റ്റർ ചെയ്തു. ആതിഥേയ നഗരമായ ഒർലാണ്ടോയിൽ നിന്നാണ് ഏറ്റവും കൂടുതൽ രെജിസ്ട്രേഷൻ പ്രതീക്ഷിക്കുന്നതെന്നും ഇനിയും ഒരുപാടു പേര് റെജിട്രേഷൻ ചെയ്യാൻ തയാറായി നമുന്നോട്ടു വന്നിട്ടുണ്ടെന്നും കൂടുതൽ സ്പോൺസർഷിപ്പ് വാഗ്ദാനങ്ങളും ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ അറിയിച്ചു.

ഫൊക്കാനയുടെ ഒർലാണ്ടോ കൺവെൻഷൻ രെജിസ്ട്രേഷൻ കിക്ക് ഓഫ് പ്രസിഡണ്ട് ജോർജി വർഗീസ് നിർവഹിച്ചു. . കൺവെൻഷൻ ചെയർമാൻ ചാക്കോ കുരിയൻ ആമുഖമായി സംസാരിച്ചു. വിവിധ ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വച്ച് കൺവെൻഷന് ആതിഥ്യമരുളുന്ന ഒർലാണ്ടോയിലെ ആതിഥ്യപ്രിയരായ മലയാളികളെ ജോർജി വർഗീസ് അനുമോദിച്ചു. ഫൊക്കാന കൺവെൻഷൻ ട്രാസ്പോർട്ടേഷൻ കമ്മിറ്റി ചെയർമാൻ രാജീവ് കുമാരൻ കിക്ക് ഓഫ് ചടങ്ങിൽ അഭിസംബോധന ചെയ്തു സംസാരിച്ചു.

ഓർമ്മ പ്രസിഡന്റ് ജിജോ ചിറയിൽ സ്വാഗതം ആശംസിച്ചുകൊണ്ട് തുടക്കം കുറിച്ച പരിപാടിയിൽ കേരളം എന്ന പൊതുവികാരത്തെ മലയാളികൾ ഒന്നടങ്കം മുറുകെ പിടിക്കുന്നതിന്റെ ആവശ്യകത അദ്ദേഹം ഏവരെയും ഓർമിപ്പിച്ചു. അത്തരമൊരു വികാരം അക്ഷരാർത്ഥത്തിൽ ഉയർന്ന ഒരു സംഗമ വേദിയായി ഈ മെഗാ ഇവന്റിനെ ഒർലാണ്ടോ മലയാളികൾ ഏറ്റെടുത്തതിനെ അദ്ദേഹം നന്ദിയോടെ സ്മരിച്ചു. കേരളം എന്ന പൊതുവികാരത്തെ മലയാളികൾ ഒന്നടങ്കം മുറുകെ പിടിച്ചില്ലെങ്കിൽ കേരളത്തിനുള്ളിൽ തന്നെ വിവിധ മതിൽക്കെട്ടുകൾ രൂപപ്പെടാനിടയാക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. മുഖ്യാഥിതി ഫാ. ജെയിംസ് തരകൻ മുഖ്യ പ്രഭാഷണം നടത്തി. അമേരിക്കയിലെ വിവിധ മലയാളി ദേശീയ നേതാക്കന്മാരുടെ സാന്നിധ്യവും ചടങ്ങിന് മാറ്റ് കൂട്ടി.

മെഗാ ഇവന്റ് വേദിയെ വിസ്മയഭരിതമാക്കിയ കേരളീയം എന്ന ഫ്യൂഷൻ നൃത്തകലാരൂപം അക്ഷരാർത്ഥത്തിൽ വേദിയെ അനശ്വരമാക്കി. അമ്പിളി അനിൽ രൂപപ്പെടുത്തിയ 54 നർത്തകരുടെ കേരളീയം ഫ്യൂഷൻ ഡാൻസ് വ്യത്യസ്തതകൊണ്ടും നിറച്ചാർത്തുകൾകൊണ്ടും ഏറെ കലാമൂല്യമേറിയതായിരുന്നു. സിജി ജസ്റ്റിൻ രൂപപ്പെടുത്തിയ “കേരളപിറവി റീക്രീറ്റഡ് ഓൺ സ്റ്റേജ്” എന്ന പരിപാടി ഓർമയുടെ മെഗാ ഇവന്റിന് നക്ഷത്ര ശോഭ നൽകിയ മറ്റൊരു കലാരൂപമായിരുന്നു. യുവരക്ത തിളപ്പിൽ നിറഞ്ഞാടിയ ജോയൽ ജോസ് & റെയ്ന രഞ്ജി എന്നിവരടങ്ങിയ 9 അംഗ ടീമിന്റെ സിനിമാറ്റിക്ക് ഡാൻസ് നടന ചടുലതയാൽ കണ്ണഞ്ചിപ്പിക്കുന്ന നൃത്തപ്രകടനമായിരുന്നു.

പിന്നീട് ഏവരും കാത്തിരുന്ന, ആസ്വാദകരെ ചിന്തിപ്പിക്കയും രസിപ്പിക്കുകയും ചെയ്ത സൂപ്പർ ഹിറ്റ് ഫാമിലി ഡ്രാമ “കൂട്ടുകുടുംബം” കേരള പിറവിദിനത്തിൽ കാണികൾക്ക് നൽകാവുന്ന ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങളാണ് സമ്മാനിച്ചത്. പൗലോസ് കുയിലാടന്റെ സംവിധാനത്തിൽ അരങ്ങേറിയ ഈ നാടകത്തിലെ അഭിനേതാക്കൾ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു. ഒർലാണ്ടോ മലയാളികളുടെ അഭിമാനം കാത്ത അഭിനേതാക്കൾ എല്ലാവരും തന്നെ മികച്ച അഭിനയ മികവ് പുറത്തെടുത്തു. എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന തികച്ചും പ്രൊഫഷണൽ ഫീൽ ഉളവാക്കിയ അത്യുഗ്രന്‍ നാടകമാണ് കോവിഡ് കാലത്തിന്റെ പരിമിതികളെ മറികടന്നുകൊണ്ട് തട്ടിൽ മികച്ച പ്രകടനം കാഴ്ച വച്ചത്. ഓർമ്മ പ്രസിഡന്റ് ജിജോ ചിറയിൽ ആയിരുന്നു നാടകത്തിന്റെ മുഖ്യ സംഘാടകൻ. മാത്യു സൈമൺ നെയ്തെടുത്ത രംഗപടം നാടകത്തിന്റെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചു. ഓർമയുടെ മെഗാ ഇവെന്റിന്റെ ഗ്രാന്റ് സ്പോൺസർമാർ റിയൽറ്റർ ബെന്നി അബ്രഹാം, മോർട് ഗേജ് ലോൺ ഓഫീസർ ജൂബി ജെ ചക്കുങ്കൽ എന്നിവരായിരുന്നു.

 

ഫോമാ നടത്തുന്ന കോവിഡ് ആൻഡ് ഫുഡ് റിലീഫിനായുള്ള പ്രവർത്തനങ്ങൾക്ക് ഓർമ്മ സംഘടിപ്പിച്ച ഫണ്ട് ഫോമാ ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണനും ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിലും ചേർന്ന് ഓർമ്മ പ്രസിഡന്റ് ജിജോ ചിറയിലില്‍ നിന്നും ഏറ്റു വാങ്ങി. ഫോമയുടെ നേതാക്കളായ ജെയിംസ് ഇല്ലിക്കൽ, സുനിൽ വര്ഗീസ്, ബിനൂബ്, പൗലോസ് കുയിലാടൻ, ഫെലിക്സ് മച്ചാനിക്കൽ, സാജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

ഒരുമ പ്രസിഡന്റ് ഡോ. ഷിജു ചെറിയാൻ, മാറ്റ് പ്രസിഡന്റ് ബിഷൻ ജോസഫ്, ടിഎംഎ പ്രസിഡന്റ് ബിനൂബ് മാമ്പിള്ളിൽ, മാഡ് പ്രസിഡന്റ് ലിൻഡോ ജോളി, ഡബ്ള്യു. എം. സി വൈസ് ചെയർമാൻ ഡോ. അനൂപ്, മറ്റു വിവിധ സംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയവർ മെഗാ ഇവന്റിൽ പങ്കെടുത്തു. ഓർമ്മ സെക്രട്ടറി കൃഷ്ണ ശ്രീകാന്ത് നന്ദി പറഞ്ഞു. 21 കൂട്ടം വിഭവങ്ങൾ അടങ്ങിയ കേരള സദ്യയോടെ കോവിഡിനു ശേഷമുള്ള ഓർമ്മയുടെ ഗംഭീര തിരിച്ചുവരവിനു പരിസമാപ്തി കുറിച്ചു! !

eng­lish summary;Orma’s Ker­ala Birth Mega Event and Focana Con­ven­tion Orlan­do Region­al Reg­is­tra­tion Kick Off

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.