11 October 2024, Friday
KSFE Galaxy Chits Banner 2

ഓര്‍മ്മകളുടെ കടവിലിരുന്ന് കടവൂർ മധു

പ്രേംജിത്ത് കായംകുളം
August 18, 2024 3:16 am

കൊല്ലം യൂണിവേഴ്സൽ തിയേറ്റേഴ്സ്, ജ്യോതി തിയേറ്റേഴ്സ്, എ കെ തിയേറ്റേഴ്സ്, ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്സ് തുടങ്ങി കേരളത്തിലെ പേരെടുത്ത നാടകസംഘങ്ങളിൽ ഗായകനായും സാംബശിവൻ, കടവൂർബാലൻ, ചിറക്കര സലിം കുമാർ തുടങ്ങിയ പ്രശസ്ത കാഥാപ്രാസംഗികരുടെ ഹാർമോണിസ്റ്റായും സംഗീതസംവിധായകനായും ആറായിരത്തിൽപ്പരം വേദികളിൽ നിറഞ്ഞു നിന്ന കടവൂർ മധു ഇന്ന് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ അഗതിമന്ദിരത്തിലാണ്. 77കാരനായ ഈ വൃദ്ധൻ ഒറ്റയ്ക്കായിരുന്നില്ല. സഹധർമ്മിണിയും കൂടെയുണ്ടായിരുന്നു. തലചായ്ക്കാനിടമില്ലാതെ പലയിടങ്ങളിലും അലഞ്ഞശേഷം ഓച്ചിറയിലെ അഗതിമന്ദിരത്തിൽ അടുത്തകാലത്താണ് ഇവരെത്തിയത്. ഹൃദ്രോഗിയായിരുന്ന ഭാര്യ കഴിഞ്ഞമാസം മരിച്ചു. തടവുശിക്ഷ കഴിഞ്ഞുവന്നവരും കൂലിപ്പണിക്കാരും സന്യാസിമാരും കിടപ്പുരോഗികളും അന്യസംസ്ഥാനക്കാരും അംഗഭംഗം വന്നവരും മാനസികവിഭ്രാന്തിയുള്ളവരുമടങ്ങുന്ന നൂറിൽപരം പേര് ഇവിടുത്തെ അന്തേവാസികളായുണ്ട്. പലതരം ജീവിതസാഹചര്യങ്ങളിൽ നിന്നും വരുന്ന അവരുമായി സഹകരിച്ചുപോകാൻ ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു എങ്കിലും ഇപ്പോൾ അതൊക്കെ ശീലമായി എന്ന് നാടകവും സംഗീതവും ഇപ്പോഴും ആവേശത്തോടെ ഉള്ളിൽ കൊണ്ടുനടക്കുന്ന മധു പറയുന്നു. ”ഇവിടെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കെട്ടിടങ്ങളുണ്ട്. നാലുനേരം ആഹാരമുണ്ട്. വയസ്സുകാലത്ത് ഈ ഗതി ആർക്കും വരുത്തരുതേ എന്ന പ്രാർത്ഥന മാത്രം” 

പതിനാറു വയസ്സുള്ളപ്പോഴാണ് മധു നാടകത്തിന്റെ ഭാഗമാകുന്നത്. അമച്വർ സമിതികളിൽ ഗായകനായും, സംഗീതസംവിധായകനായും അരങ്ങേറ്റം നടത്തി. കെപിഎസിയിലെ ഗായികയായിരുന്ന കൊച്ചിൻ ഗ്രേസിയോടൊപ്പം ഗാനമേളകളിൽ പങ്കെടുത്തു. അക്കാലത്താണ് കൊല്ലം കടപ്പാക്കട ജ്യോതി തിയേറ്റേഴ്സിൽ ഹാർമോണിസ്റ്റാകുന്നത്. പിന്നീട് കൊല്ലം യൂണിവേഴ്സൽ തിയേറ്റേഴ്സിൽ ഗായകനും, ഹാർമോണിസ്റ്റുമായി. “ഈ നാടകങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചത് ദക്ഷിണാമൂർത്തിസ്വാമിയും, അർജ്ജുനൻ മാഷും, കണ്ണൂർ രാജനുമായിരുന്നു. സംഗീതലോകത്തെ കുലപതികളായ ആ ഗുരുക്കന്മാരിൽ നിന്നും നേരിട്ട് പാട്ടു പഠിക്കാനും അടുത്തിടപഴകാനും ഒട്ടേറെ അവസരങ്ങൾ കിട്ടി. സംഗീതം ഇഷ്ടപ്പെടുന്ന ഒരാളെ സംബന്ധിച്ച്, അതിൽ പരം ഭാഗ്യം മറ്റെന്താണുള്ളത്?” ഒരു നെടുവീര്‍പ്പോടെ മധു പറയുമ്പോള്‍ ആ കണ്ണുകള്‍ തിളങ്ങി. അന്ന് മധുവിനോടൊപ്പം പാടിയിരുന്നത് അടുത്തകാലത്ത് അന്തരിച്ച സിനിമാഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായിരുന്ന കൊച്ചിൻ അമ്മിണിയായിരുന്നു. 

കഥാപ്രസംഗത്തിന്റെയും, ഗാനമേളകളുടെയും സുവർണകാലമായിരുന്ന 1970കളിൽ മധു ആ രംഗങ്ങളിൽ സജീവമായിരുന്നു. കടവൂർ ബാലൻ, ചവറ ധനപാലൻ, ആർ എം മംഗലശേരി, പാറശാല തങ്കപ്പൻ തുടങ്ങി പ്രശസ്തരായ കഥാപ്രാസംഗികരുടെ സംഘങ്ങൾക്കൊപ്പം എത്രയോ വേദികൾ പങ്കിട്ടു. “തിരുവനന്തപുരം ദൂരദർശന്റെ തുടക്കകാലത്ത് കഥാപ്രസംഗം അവതരിപ്പിക്കാൻ ആദ്യമായി അവസരം ലഭിച്ചത് കടവൂർ ബാലനായിരുന്നു. ആ പരിപാടിയ്ക്ക് ഹാർമോണിയം വായിച്ചത് ഞാനാണ്.” ഈ കാലത്താണ് പ്രൊഫ. വി സാംബശിവനുമായി പരിചയപ്പെടുന്നത്. ആദ്യം പകരക്കാരനായിട്ടാണ് ചെല്ലുന്നത്. പിന്നീട് അദ്ദേഹത്തിന്റെ കൂടെ ദൂരദർശനിലും ആകാശവാണിയിലും ധാരാളം പരിപാടികൾ അവതരിപ്പിക്കാൻ മധുവിന് അവസരം കിട്ടി. കൊല്ലം കേന്ദ്രമാക്കി മധുവും സുഹൃത്തുക്കളും രൂപീകരിച്ച കിങ്സ് ഓർക്കസ്ട്രയിലൂടെയാണ് കെ ജി മാർക്കോസ് എന്ന ഗായകന്റെ അരങ്ങേറ്റം. 1980 മുതലാണ് ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്സ്, ഹെലൻ തിയേറ്റേഴ്സ്, എ കെ തിയേറ്റേഴ്സ് എന്നിവയിൽ പ്രവർത്തിച്ചത്. അക്കാലത്ത് കേരളത്തിലങ്ങോളമിങ്ങോളവും വടക്കേ ഇന്ത്യയിലും പരിപാടികൾ അവതരിപ്പിച്ചു. നാടകങ്ങളുടെ തിരക്കിൽ കഴിയുമ്പോഴാണ് തന്നോടൊപ്പം സ്ഥിരമായി സഹകരിക്കണമെന്ന് സാംബശിവൻസാർ മധുവിനോട് ആവശ്യപ്പെട്ടത്. അർത്ഥം, വ്യാസനും മാർക്സും, ലാഭം ലാഭം, 1857, കുറ്റവും ശിക്ഷയും, സിദ്ധാർത്ഥ, പതിവ്രതയുടെ കാമുകൻ, ഏഴുനിറങ്ങൾ എന്നീ കഥകൾ അവതരിപ്പിക്കുമ്പോൾ മധു സാംബശിവനോടൊപ്പമുണ്ടായിരുന്നു. 1996 മാർച്ച് ഏഴിന് പാക്കുളം മാടൻ നട ക്ഷേത്രത്തിലായിരുന്നു സാംബശിവന്റെ അവസാന സ്റ്റേജ് പ്രോഗ്രാം. അന്ന് ഹാർമോണിയം വായിച്ചതും മധുവാണ്. തൊട്ടടുത്ത മാസം 23-ാം തീയതിയാണ് സാംബശിവൻ മരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ മകൻ വസന്തകുമാറിനൊപ്പം രണ്ടു വർഷം പ്രവർത്തിച്ചു. അച്ഛനും മകനുമൊപ്പം പലതവണ ഗൾഫ് പരിപാടികളിലും പങ്കെടുത്തു. ആരോഗ്യപ്രശ്നങ്ങളാൽ 1998ൽ മധു സ്വയം പിരിഞ്ഞു പോകുകയായിരുന്നു. 

ചിറക്കര സലീം കുമാറിനൊടൊപ്പം കഥാപ്രസംഗപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരുന്ന സന്ദർഭത്തിലാണ് മധുവിന് ഹൃദ്രോഗവും പക്ഷാഘാതവുമുണ്ടാകുന്നത്. അത് അദ്ദേഹത്തെ മാനസികമായും ശാരീരികമായും തളർത്തി. പാടുവാനോ ഹാർമോണിയം വായിക്കുവാനോ കഴിയാതെയായി. മധുവിന്റെയും രോഗിണിയായ ഭാര്യ ഓമനയുടെയും ഭാരിച്ച ചികിത്സാച്ചെലവുകളും അതേത്തുടർന്നുണ്ടായ ബാധ്യതകളും അദ്ദേഹത്തിന്റ ജീവിതത്തെ മാറ്റി മറിച്ചു. മധുവിനിപ്പോൾ സ്വന്തമായി വീടില്ല. രണ്ടു പെൺ മക്കളും ഒരു മകനുമാണ് ഇവർക്കുള്ളത്. പെൺ മക്കളെ കല്യാണം കഴിപ്പിച്ചു വിട്ടു. പക്ഷേ, അവർക്ക് വൃദ്ധരായ മാതാപിതാക്കളെ നോക്കാനുള്ള പ്രാപ്തിയില്ല. കാൻസർ രോഗിയായ മകൻ ഓട്ടോ ്രൈഡ്രൈവറാണ്. പലരോടും സഹായങ്ങൾ തേടി. കലാകാരന്മാർക്കുള്ള തുച്ഛമായ പെൻഷൻ കൊണ്ടാണ് അദ്ദേഹം ജീവിതച്ചെലവുകൾ നടത്തിവന്നത്. ചെലവുകൾ താങ്ങാനാവാതെയായപ്പോള്‍ രോഗിണിയായ ഭാര്യയുടെ കൈപിടിച്ച് പെരുവഴിയിലേക്കിറങ്ങി. പല വാതിലുകളിലും മുട്ടി നിരാശരായ അവർ കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ഓച്ചിറയിലെത്തുമ്പോൾ കയ്യിലുണ്ടായിരുന്നത് ഒരു തകരപ്പെട്ടിയും പഴയ ഹാർമോണിയവും മാത്രം. സാംബശിവനോടൊപ്പമുള്ള നിറം മങ്ങിയ ഒന്നുരണ്ടു ഫോട്ടോകളും, പഴയപാട്ടുകൾ കുത്തിക്കുറിച്ച കുറേ പുസ്തകങ്ങളും മരുന്നിന്റെ കുറിപ്പടികളുമാണ് ആ പെട്ടിയിലുള്ളത്. എത്രയോ വേദികളിൽ ശ്രുതി മീട്ടിയ ഹാർമോണിയത്തിന്റെ കട്ടകളിലൂടെ വിരലോടിക്കാൻ ശക്തി ക്ഷയിച്ചുപോയ വിരലുകൾക്കാകുന്നില്ല. എങ്കിലും, ഉത്സപ്പറമ്പിലെ ആ ആരവങ്ങളും സാംബശിവന്റെ ദൃഢതയുള്ള ശബ്ദവും ഈരടികളും മനസിനുള്ളിൽ ഇപ്പോഴും മുഴങ്ങിനില്ക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.