
ലിഷ അറപ്പുരയിൽ എന്ന യുവ എഴുത്തുകാരിയുടെ ആദ്യപുസ്തകമാണ് ‘ഇനി പറക്കാം നീലാകാശം കാത്തിരിക്കുന്നു’ എന്ന ഓർമക്കുറിപ്പുകൾ. പേരിൽത്തന്നെ പുതുമ കൈക്കൊള്ളുന്ന ഈ പുസ്തകം ഉൾക്കൊള്ളുന്ന സന്ദേശം പക്ഷെ അത്ര ചെറുതല്ല. വിശാലമായ ഒരു ലോകം നമുക്കു മുന്നിൽ ഉണ്ടെന്നും ഏതെങ്കിലും ഒരു വീക്ഷണകോണിൽ നിന്നു മാത്രം ജീവിതത്തെ കാണരുതെന്നും വിഷമതകളും വിഹ്വലതകളും കടന്നുവരുമ്പോൾ അതൊക്കെ തന്റെ വിധിയാണെന്ന് നിനച്ചിരിക്കാതെ വിശ്രമമില്ലാതെ പോരാടണമെന്നും ഈ ഓർമ്മക്കുറിപ്പുകൾ നമ്മോട് പറയുന്നു.
സ്ത്രീപക്ഷ എഴുത്തുകൾ നമുക്ക് സുപരിചിതമാണെങ്കിലും ഓർമ്മയെഴുത്തെന്ന ഒറ്റയടിപ്പാതയിലൂടെ നമുക്കൊപ്പം നടന്ന് ഗൃഹാതുര സ്മരണകളുണർത്തുന്നതിൽ പുത്തൻ സങ്കേതം തേടുകയാണ് ഗ്രന്ഥകാരി. വളരെ ലളിതമായ ഭാഷയിലൂടെ അനുവാചകരുടെ അകത്തളങ്ങളിലേക്ക് അവർ കടന്നു വരികയാണ്. തന്റെ കുട്ടിക്കാലം മുതലുള്ള അനുഭവങ്ങളെ കോർത്തിണക്കി അയത്നലളിതമായും സരസമായും അവർ ഓർമ്മകൾ പങ്കുവയ്ക്കുണ്ടണ്ടണ്ടന്നു. ണ്ടണ്ട ഓർമ്മകൾ ഋതുക്കളെപ്പോലെയാണെന്നാണ് ലിഷ പറയുന്നത്. വസന്തപുഷ്പങ്ങളെപ്പോലെ ആനന്ദിപ്പിച്ചും ശിശിരങ്ങളെപ്പോലെ ഇലകൊഴിഞ്ഞും ആർത്തുപെയ്ത് കലങ്ങിമറിഞ്ഞൊഴുകിയും അവ കടന്നുവരുന്നു. ചിറകുകൾ ഉണ്ടെന്ന് മനസിലാക്കുവാൻ വൈകിയ ഒരു കിളിക്കുഞ്ഞിന്റെ അവസ്ഥയുമായാണ് അവർ സ്വയം ഉപമിക്കുന്നത്. ദൃശ്യപ്രപഞ്ചം തന്റെ വാസനകൾക്കുമേൽ പിടിമുറുക്കിയതു മൂലമാണ് കുട്ടിക്കാലത്തെ സങ്കല്പാനുഭൂതികളുടെ സാന്ദ്രത വളർന്നുവരുന്തോറും കുറഞ്ഞു വന്നതെന്ന് അവർ പരിതപിക്കുന്നു. ചിറകുകളൊതുക്കി നിദ്രാവസ്ഥയിലായിപ്പോയ അവർ വൈകിയാണെങ്കിലും തന്റെ കുട്ടിക്കാല ഓർമ്മകൾ ഫാമിലി ഗ്രൂപ്പിൽ എഴുതി പോസ്റ്റ് ചെയ്യുകയും ഈ എഴുത്തുകൾക്ക് സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നു. ഈ കരുത്താണ് തന്റെ ചിറകുകൾ വിടർത്തി അതിരുകളില്ലാത്ത നീലാകാശത്തേക്ക് പറക്കുന്നതിന് അവർക്ക് തുണയായത്.
ഇരുപത്തിയേഴ് അധ്യായങ്ങളിലായി ഒരു കാലഘട്ടത്തിന്റെ നാഢീസ്പന്ദനങ്ങളെ ആവാഹിച്ചെടുക്കാൻ ഈ കൃതിക്ക് കഴിഞ്ഞിട്ടുണ്ട്. ബാല്യകാലത്ത് നുണഞ്ഞ മാമ്പഴമധുരത്തിന് കാലം ചെല്ലുന്തോറും മാധുര്യം കുറഞ്ഞ് പുളിരസം അനുഭവപ്പെടുന്നതിൽ ആകുലപ്പെടുമ്പോഴും മഴപ്പെയ്ത്തിൽ തകർന്ന കളിവീടിൽ മനം പകച്ചു നില്‍ക്കുമ്പോഴും പന്ത്രണ്ടാം വയസിൽ ഊരിവച്ച ചിലങ്കകൾ മനസിൽ ധ്വനിതരംഗചലനം തീർക്കുമ്പോഴും ലോകം മുഴുവൻ എതിരു നിന്നാലും നേരിടുന്നതിനുള്ള ധൈര്യം ശേഖരിക്കുകയായിരുന്നു ലിഷ. ചെയ്യുന്ന കാര്യം ശരിയാണെന്ന പൂർണവിശ്വാസമുണ്ടെങ്കിൽ ചിലപ്പോഴൊക്കെ ധിക്കാരിയാകുന്നതും നല്ലതാണെന്ന ബോധ്യത്തിൽ അവർ മുന്നോട്ട് കുതിക്കുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആർത്തവം അശുദ്ധിയായിത്തുടരുമ്പോൾ നമ്മുടെ ചിന്തകളും പ്രവൃത്തികളും നന്നാകുമ്പോൾ എല്ലാ അശുദ്ധികളും താനേ ഇല്ലാതാകുമെന്നവർ കണക്കുകൂട്ടുന്നു. ചിറകരിയപ്പെട്ട ചിന്തകളാൽ ചിതൽ തിന്നു തീരേണ്ടവയല്ല പെൺ ജീവിതങ്ങൾ എന്ന വിപ്ലവഘോഷത്തിന്റെയും ആചാരപെരുമകളാൽ അന്ധമായിപ്പോയ മനുഷ്യമനസിനെ ആധുനിക സത്യവാദങ്ങളാൽ അഞ്ജനമെഴുതി, സ്ത്രീ വീടിനുള്ളിൽ തളച്ചിടപ്പെടേണ്ടവളല്ല എന്ന ലക്ഷ്യബോധത്തോടെ നീങ്ങുന്ന നവസംസ്കൃതിയുടെ നേർകാഴ്ചകളിലൂടെയും വായനക്കാരെ ഗൃഹാതുരത്വത്തിന്റേയും ആത്മ ബോധത്തിന്റെയും തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുവാൻ ലിഷക്ക് കഴിഞ്ഞിരിക്കുന്നു.
ഇനി പറക്കാം
നീലാകാശം കാത്തിരിക്കുന്നു
(ഓര്‍മ്മ)
ലിഷ അറപ്പുരയ്ക്കല്‍
നെപ്റ്റ്യൂണ്‍ ബുക്സ്
വില: 250 രൂപ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.