Saturday
23 Feb 2019

ഒരു മുഖം മാത്രം…..

By: Web Desk | Sunday 5 August 2018 6:41 AM IST


umbayi gazal janayugom

നിസാര്‍ മുഹമ്മദ്
ഉംബായി എന്ന മൂന്നക്ഷരംകൊണ്ട് സംഗീതപ്രേമികളുടെ പാട്ടനുഭവങ്ങളില്‍ കൂടുകൂട്ടിയ സ്‌നേഹഗായകനാണ് മറഞ്ഞത്. നാട്ടുകാരുടെയും കൂട്ടുകാരുടെയും ഇഷ്ടഗായകനായി മട്ടാഞ്ചേരിയിലും പരിസരത്തും തബലവായിച്ചും പാട്ടുപാടിയും കാലം കഴിച്ച ഇബ്രാഹിംകുട്ടി എന്ന ചെറുപ്പക്കാരനാണ് ഉംബായിയെന്ന പുകഴ്‌പെറ്റ ഗസല്‍ ആലാപകനായി കേരളമറിഞ്ഞത്. ആ നാദവീചികള്‍ നാടുംകടന്ന മറുനാടുംകടന്ന്, സമുദ്രം കടന്നു. ലോകമലയാളികളുടെ സ്വന്തംപാട്ടുകാരന് അവര്‍ വിശ്രമം കൊടുത്തില്ല.

ഇ എം എസ് അബു എന്ന മട്ടാഞ്ചേരിക്കാരന്‍ തൊഴിലാളി സംഘടനാ പ്രവര്‍ത്തകന്റെ മകന്‍ ഇബ്രാഹിമിന് ദുരിതയൗവ്വനമായിരുന്നു. പഠനത്തില്‍ പിറകില്‍പോയ ഉംബായിക്ക് പാടിമുന്നേറണമായിരുന്നു, തബലയില്‍ അത്ഭുതം വിരിയിക്കണമായിരുന്നു, ഉംബായി നാടുവിട്ടു. സ്വപ്നഭൂമിയായ ബോംബയ്ക്ക് പോകുമ്പോള്‍ എല്ലാവരെയുംപോലെ ഒരുതൊഴില്‍ എന്ന സ്വപ്നമായിരുന്നില്ല കൂട്ട്. തബല എന്ന ഇഷ്ടവാദ്യത്തില്‍ വലിയവനാകണം. മഹാനഗരത്തില്‍ കണ്ടെത്തിയത് തബലയുടെ ഉസ്ദാത് മുനവ്വറലിഖാനെ.

umbai gazal janayugom

പഠനം തുടരവേ ഗുരുവിന് ബോധ്യമായി, മുകേഷിന്റെ ‘ആംസുഭരേ…’ പാടുന്ന ശിഷ്യന് തബല വായിക്കാനല്ല, പാടാനാണ് വിധി. വായ്പ്പാട്ടിന്റെ മറ്റൊരു ഗുരുവിന്റെ മടയിലേക്ക് ഉംബായി എത്തപ്പെട്ടു. ഉസ്താദിനോടൊപ്പംകൂടി, ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മുക്കിലും മൂലയിലും അലഞ്ഞ,് നിരന്തര സാധകത്തിലൂടെ വായ്പ്പാട്ടില്‍ പ്രാവീണ്യം നേടി. നാടുവിട്ട് നാട്ടിലേക്ക് തിരിച്ചെത്തിയ ഉംബായിയുടെ ഉയര്‍ച്ചകളില്‍ ത്യാഗത്തിന്റെ, കഠിനാധ്വാനത്തിന്റെ, വിശപ്പിന്റെ, സാഹസികതയുടെ നീറുന്ന കഥയുണ്ട്. ഈ സംഗീതാന്വേഷണങ്ങളുടെ മഹായാത്രകളില്‍ നിലനില്‍പ്പിനുവേണ്ടി ബോംബെയ്ക്കും കൊച്ചിക്കുമിടയില്‍ അപകടം പിടിച്ച ചില ബിസിനസുകള്‍ ചെയ്യേണ്ടി വന്നതിനെപ്പറ്റി ഉംബായി പറയാറുണ്ട്.

umbai book janayugom

നാട്ടിലെത്തിയ ഉംബായിക്ക് വഴിത്തിരിവായത് പ്രശസ്ത ചലച്ചിത്രകാരന്‍ ജോണ്‍ എബ്രഹാമിന്റെ ‘അമ്മ അറിയാന്‍’ എന്ന ജനകീയ സിനിമയായിരുന്നു. സിനിമയിലെ വിപ്‌ളവകാരിയായ നായകന്‍ ഹരി, തബല വായിക്കുമ്പോള്‍ ഹാര്‍മോണിയം മീട്ടി മെഹ്ദി ഹസ്സന്റെ ഗസല്‍ പാടുന്നത് ഉംബായിയായിരുന്നു. ആ കൂടിക്കാഴ്ചയിലാണ് ഇബ്രാഹിം, ജോണിന്റെ ഉംബായിയായത്. പിന്നെപിന്നെ ചെറിയചെറിയ വേദികള്‍ കിട്ടിത്തുടങ്ങിയ ഉംബായിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നതേയില്ല.
അസാധാരണമാംവിധം ആലാപന സവിശേഷതകള്‍ ഉള്ള ഒരു ഗായകനായി ഉംബായിയെ ആരും വിലയിരുത്തുകയില്ല. അത് നന്നായി അറിയാവുന്നത് ഉംബായിക്കായിരുന്നു. തന്റെ ശബ്ദവിശേഷവും പരിമിതിയും നന്നായി അറിഞ്ഞ് അതിനെ ശ്കതിയാക്കി മാറ്റിയതാണ് ഉംബായിയുടെ വിജയം. മന്ദ്രസ്ഥായിയുടെ വശ്യമായ വഴികളിലൂടെ സ്‌നേഹത്തിന്റെ മധുരം ചേര്‍ത്ത് ഉംബായി പാട്ടിനെ നയിച്ചു. ജനങ്ങളുടെ മുന്നിലിരുന്ന് പാടുമ്പോള്‍ ഉംബായി അവരിലൊരാളായി. പാട്ടിനിടയില്‍ അവരോട് സംവദിച്ചു, അവരുടെ പ്രതികരണങ്ങളാരാഞ്ഞു. വലിയ ഉസ്താദുമാരുടെ ഗഡാഗഡിയന്‍ ആലാപനങ്ങളെ അതീവ ലളിതമാക്കി, ഹൃദ്യമായി ഉംബായി കൊടുത്തു. മലയാളഗാനങ്ങളെ, കവിതകളെ തന്റെമാത്രം രീതിയില്‍ ആലപിച്ച് ജനകീയമാക്കി.

വ്യത്യസ്ത രാഗവിശേഷങ്ങളെ പരിചയപ്പെടുത്തി, അവയെ പാടി ജനഹൃദയങ്ങളിലെത്തിച്ചു. കുന്ദന്‍ലാല്‍ സൈഗാളിന്റെ പേരുകേട്ട ഗാനം ഭൈരവി രാഗത്തിലെ ‘ബാബുള്‍ മൊരാ….’ ഉംബായിയുടെ ജീവഗാനമായിരുന്നു, സൈഗാള്‍ തന്റെ ഇഷ്ടഗായകനും ഭൈരവി ഇഷ്ട രാഗവുമായിരുന്നു.

ഉംബായിയെ ഞാന്‍ ആദ്യം കാണുന്നത് 2004ല്‍ ബാങ്ക് ജീവനക്കാരുടെ കലാസാംസ്‌കാരിക സംഘടനയായ ബീസ് കൊല്ലം ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സോപാനത്തില്‍ പാടാനെത്തിയപ്പോഴായിരുന്നു. ആലാപനത്തിനൊടുവില്‍ പ്രേക്ഷകരുടെ ഇഷ്ടഗാനം ചോദിച്ചപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ട ഗുലാം അലിയുടെ ‘ചുപ്‌കേ…ചുപ്‌കേ..എന്ന ഗസല്‍ വലിയ സന്തോഷത്തോടെ ‘ബലേ ഭേഷ്’ എന്ന് പറഞ്ഞുകൊണ്ട് ആലപിച്ചത് മായാത്ത ഓര്‍മ്മ. പിന്നെ കൊല്ലത്തും തിരുവനന്തപുരത്തും ചവറയിലും കൊട്ടാരക്കരയിലും എറണാകുളത്തുമായി എത്രയെത്ര ഗസല്‍ രാവുകള്‍. വിദ്യാരംഗം സംസ്ഥാന കലോത്സവത്തിന് കൊല്ലം ടികെഎം എച്ച്എസ്എസില്‍ പാടിക്കൊണ്ടിരുന്നപ്പോള്‍ സദസ്സിലിരുന്ന് ഞാന്‍ മെഹ്ദി ഹസ്സന്റെ യമനിലുള്ള പ്രശസ്തഗാനം ‘രഞ്ജിശി സഹീ…’ പാടാന്‍ ആവശ്യപ്പെട്ടപ്പോള്‍, ‘താങ്കള്‍ അവിടെ ഒളിച്ചിരിക്കുകയാണോ, ഇവിടെ മുന്നില്‍ വന്നിരിക്കൂ’ എന്ന് പറഞ്ഞ് ആവേശംകൊണ്ടതും, ആശ്രാമം 8പോയിന്റ് ആര്‍ട്ട് കഫേയിലെ ആലാപനത്തിനൊടുവില്‍ മെഹ്ദിയുടെ തന്നെ ‘പ്യാര്‍ ഭരേ….’ എന്ന ഗാനം ആവശ്യപ്പെട്ടപ്പോള്‍ തന്റെ പക്കമേളക്കാരോട് ‘നമുക്ക് കൊല്ലത്തും ആളുണ്ട്’ എന്ന് പറഞ്ഞ് അഭിമാനിച്ചതും നന്നായി പാടിയതും കണ്ണീരോടെ ഓര്‍മ്മിക്കുന്നു.

മലയാളഗാനങ്ങളിലെ ഹിന്ദുസ്ഥാനിച്ചുവയുള്ള പാട്ടുകള്‍, പ്രത്യേകിച്ചും എം എസ് ബാബുരാജിന്റെ യും മെഹ്ബൂബിന്റെയും പാട്ടുകള്‍ പാടി ഗസലിനോടുള്ള ഇഷ്ടം ജനിപ്പിച്ചു, ജനഹൃദയങ്ങളില്‍. സൈഗാളിന്റെ ‘ബാബുള്‍ മോരാ..’ പാടുംപോലെ ഉംബായി തരളിതനാകുമായിരുന്നു, മെഹ്ദി ഹസ്സനെ പാടുമ്പോള്‍. ഗുലാം അലിയെയും ജഗജിത് സിംഗിനെയും സ്‌നേഹാലിംഗനം ചെയ്തുകൊണ്ടാണ് ഉംബായി പാടുന്നത്. റാഫിയുടെ, തലത്തിന്റെ, മുകേഷിന്റെ പങ്കജ് മല്ലിക്കിന്റെ അങ്ങനെ എത്രയെത്ര മഹാഗായകരെയാണ് തന്റെ തേന്‍കുരലുകൊണ്ട് ഉംബായി നമ്മെ ഊട്ടിയത്.

umbai gazal janayugom

ഒന്‍വിയുടെയും സച്ചിദാനന്ദന്റെയും യൂസഫലി കേച്ചേരിയുടെയും പ്രദീപ് അഷ്ടമിച്ചിറയുടെയും ഈസ്റ്റ്‌കോസ്റ്റ് വിജയന്റെയും മാത്രമല്ല ബിനോയ് വിശ്വം, ടി എന്‍ പ്രതാപന്‍, എം കെ മുനീര്‍ എന്നീ രാഷ്ട്രീയ സൗഹൃദങ്ങളുടെ വരികളും നാടാകെ പാടി നടന്നു, ഉംബായി.
ഗസല്‍ നേരിട്ടാണ് അനുഭവിക്കേണ്ടത് എന്ന ഗസലാലാപനത്തിന്റെ പാരമ്പര്യത്തില്‍ ഉംബായി മനുഷ്യമുഖങ്ങളെനോക്കി അവരുടെ കണ്ണുകളിലേക്ക്, അതുവഴി അവരുടെ ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങി. ഉംബായിയുടെ ശബ്ദവും ഉംബായി എന്ന ശബ്ദവും മരിക്കുന്നില്ല. ഉംബായിക്ക് സലാം……