ഒരു മുത്തശ്ശിയുടെ മൗനനൊമ്പരങ്ങള്‍

Web Desk
Posted on July 14, 2019, 10:41 pm

devikaഅരനുറ്റാണ്ടിനു മുമ്പ് ഉന്നത വിദ്യാഭ്യാസ പൊതുമണ്ഡലത്തില്‍ ഒരു പറച്ചിലുണ്ടായിരുന്നു. ”ദി ജന്റില്‍മെന്‍ ഓഫ് യൂണിവേഴ്‌സിറ്റി കോളജ്, ദി ഗുണ്ടാസ് ഓഫ് എം ജി കോളജ്, അനന്തപുരിയിലെ മുഖ്യ കലാലയങ്ങളെക്കുറിച്ചുള്ള ആ വിശേഷണങ്ങള്‍ അന്വര്‍ഥമാക്കും വിധത്തിലായിരുന്നു ആ കലാലയവളപ്പുകള്‍. യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് പഠിച്ചിറങ്ങുന്നവരില്‍ നല്ലൊരു കരപറ്റാത്തവരായി ആരുമുണ്ടായിരുന്നില്ല. രാഷ്ട്രീയരംഗത്തായാലും ഉദ്യോഗസ്ഥതലത്തിലായാലും സാമൂഹ്യ‑സാംസ്‌കാരിക രംഗങ്ങളിലായാലും യൂണിവേഴ്‌സിറ്റി കോളജിന്റെ സന്താനങ്ങള്‍ മിക്കവരും അടയാളങ്ങള്‍ കുറിച്ചിട്ടവര്‍. അന്നത്തെ അധ്യാപകര്‍ സാംസ്‌കാരിക ലോകത്തിനു നല്‍കിയ സംഭാവനകള്‍ നിസ്തൂലം.
അത്തരത്തില്‍ യൂണിവേഴ്‌സിറ്റി കോളജിലെ ഒരധ്യാപകനായിരുന്നു മുന്‍ഷി പരമുപിള്ള. അദ്ദേഹത്തിന്റെ മലയാളം ക്ലാസ് മുറിയുടെ തൊട്ടടുത്താണ് രസതന്ത്രവിഭാഗം. അവിടത്തെ ലാബില്‍ നിന്ന് നിരന്തരമായി ചീഞ്ഞ മുട്ടയുടെ ദുര്‍ഗന്ധം. ഹൈഡ്രജന്‍ സള്‍ഫേഡിനെക്കുറിച്ചുള്ള പരീക്ഷണത്തിനിടെയുണ്ടാകുന്ന നാറ്റമാണെന്ന് മുന്‍ഷിസാറിന് പിടികിട്ടി. പരീക്ഷണമെങ്കില്‍ മലയാള പഠനത്തിനും സോദാഹരണ പരീക്ഷണമാകാമെന്ന് അദ്ദേഹം. അടുത്ത ദിവസം ചെണ്ടയും മദ്ദളവും ചേങ്ങിലയുമെല്ലാമായി വിദ്യാര്‍ഥി പരിവാരസമേതം മുന്‍ഷി പരമുപിള്ള സാര്‍ ക്ലാസിലെത്തി. കീചകവധവും നളചരിതവും കിര്‍മ്മീരവധവും പൂതനാമോക്ഷവുമായി താളവട്ടങ്ങളോടെ കഥകളി ക്ലാസ്. കലാശാലാ വളപ്പ് ഒരു ഉത്സവപ്പന്തല്‍പോലെ താളവാദ്യമുഖരിതം. പിറ്റേന്ന് മുതല്‍ പരമുപിള്ളസാര്‍ ക്ലാസെടുക്കുമ്പോള്‍ കെമിസ്ട്രി ലാബില്‍ പരീക്ഷണമേയില്ല. ഇന്നായിരുന്നെങ്കിലോ മുന്‍ഷിസാറിനെ കലാലയ ഗൂണ്ടകളെത്തി ഗല്‍ത്തയ്ക്ക് കുത്തിപ്പിടിച്ച് പുറത്തേക്കെറിയുമായിരുന്നു. അദ്ദേഹത്തിന്റെ തുണിയുരിഞ്ഞ് കൊടിയാക്കി പറത്തി വിജയാഘോഷം നടത്തുമായിരുന്നു.
ജെന്റില്‍മെന്‍ ഓഫ് യൂണിവേഴ്‌സിറ്റി കോളജ്, ഗുണ്ടാസ് ഓഫ് യൂണിവേഴ്‌സിറ്റി കോളജായി പരിവര്‍ത്തനപ്പെടുത്തിയെടുത്ത ദാരുണ കഥ. ഈ പരിവര്‍ത്തനത്തിനു മുന്നില്‍ മൗനനൊമ്പരങ്ങളുമായി നില്‍ക്കുന്ന കലാലയ മുത്തശ്ശി. കഴിഞ്ഞ ദിവസം കോളജില്‍ എസ്എഫ്‌ഐയുടെ കുപ്പായമണിഞ്ഞ ഗുണ്ടാസംഘം എസ്എഫ്‌ഐക്കാരായ വിദ്യാര്‍ഥികളെ ആക്രമിക്കുകയും അവരിലൊരാളായ അഖിലിന്റെ നെഞ്ചില്‍ കഠാരകുത്തിയിറക്കുകയും ചെയ്ത സംഭവത്തിലേക്ക് ഈ മഹാകലാലയം നിപതിക്കണമെങ്കില്‍ അതിന് എത്രമാത്രം ഗൃഹപാഠം ചെയ്യേണ്ടിവരുമായിരുന്നുവെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനയായ എഐഎസ്എഫിന്റെ സ്ഥാനാര്‍ഥിയായി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനെത്തിയ വിദ്യാര്‍ഥിയുടെ കൂടെയെത്തിയ സംസ്ഥാന നേതാവിനെ മര്‍ദ്ദിച്ചശേഷം തുണിയുരിഞ്ഞ് ആ ഉടുമുണ്ടു വീശി വിജയാഹ്ലാദം നടത്തിയ ഗുണ്ടകളാണ് എസ്എഫ്‌ഐക്കാരനായ അഖിലിന്റെ നെഞ്ചകത്ത് കഠാര കുത്തിയിറക്കിയത്.

യൂണിവേഴ്‌സിറ്റി കോളജ് ഇങ്ങനെയായിരുന്നില്ല. പണ്ടൊരിക്കല്‍ ഈ വളപ്പില്‍ സതീര്‍ഥ്യരായ മൂന്നു ചങ്ങാതിമാരുണ്ടായിരുന്നു. ആര്‍ വെങ്കിട്ടരമണന്‍, കെ അനിരുദ്ധന്‍, ആര്‍ ബാലകൃഷ്ണപിള്ള. അന്ന് ഒരൊറ്റ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിനുകീഴില്‍ ഒരൊറ്റ എഐഎസ്എഫും മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ മൂന്നു പേരുമായിരുന്നു യൂണിവേഴ്‌സിറ്റി കോളജിലെ എഐഎസ്എഫിന്റെ സാരഥികള്‍. പഠിക്കുക, പോരാടുക എന്നിവയായിരുന്നു അവരുടെ മുദ്രാവാക്യങ്ങള്‍. വെങ്കിട്ടരമണന്‍ പിന്നീട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിവരെയെത്തി. ആര്‍ ബാലകൃഷ്ണപിള്ള മന്ത്രിയും എംഎല്‍എയും എംപിയുമൊക്കെയായി. അനിരുദ്ധന്‍ എംപിയായി, എംഎല്‍എയായി, ജനങ്ങളെ ഇളക്കിമറിക്കുന്ന പ്രഭാഷകനായി. രാഷ്ട്രീയകാലുഷ്യം കഠാരപ്രയോഗത്തിലേക്കു വളരാതിരുന്ന അക്കാലത്ത് വിദ്യാര്‍ഥി സംഘടനാ പ്രതിയോഗികള്‍ തമ്മില്‍ യൂണിവേഴ്‌സിറ്റി കോളജില്‍ നടത്തിവന്നത് സൈദ്ധാന്തിക ദ്വന്ദ്വയുദ്ധമായിരുന്നു. കുപ്രസിദ്ധമായ വിമോചന സമരത്തിനുശേഷം നടന്ന യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ്. സ്പീക്കര്‍ സ്ഥാനത്തേക്ക് പിന്നീട് ആര്‍എസ്പിയുടെ അഖിലേന്ത്യാ സെക്രട്ടറിവരെയായ പ്രൊഫ. ടി ജെ ചന്ദ്രചൂഡനായിരുന്നു വിമോചന സമരസഖ്യകക്ഷികളുടെ പിഎസ്‌യു സ്ഥാനാര്‍ഥി. എതിരാളി സിപിഐയുടെ ബഹുമുഖ പ്രതിഭ കണിയാപുരം രാമചന്ദ്രന്‍ എഐഎസ്എഫ് സ്ഥാനാര്‍ഥിയും. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കണിയാപുരത്തെ ചന്ദ്രചൂഡന്‍ നേരിയ വോട്ടിനു പരാജയപ്പെടുത്തി. പക്ഷേ പിറ്റേന്ന് മുതല്‍ കണിയാപുരവും ചന്ദ്രചൂഡനും കണിയാപുരത്തിന്റെ അകാലവിയോഗം വരെ ഉറ്റ ചങ്ങാതിമാരായി തലസ്ഥാനത്തെ രാജവീഥികളില്‍ സായാഹ്ന സവാരിക്കിറങ്ങുന്നത് പതിവു കാഴ്ചയായിരുന്നു. ഇന്ന് യൂണിവേഴ്‌സിറ്റി കോളജിലാകട്ടെ സംഘടനാസംസ്‌കാരത്തെ ദുര്‍ഗന്ധപൂരിതമാക്കുന്ന ഏകസംഘടനാവാദം. തല്ലാനും കൊല്ലാനും എതിരാളികളെ കിട്ടാനില്ലാത്തതിനാല്‍ സ്വന്തം സംഘടനയിലുള്ളവരുടെ നെഞ്ചില്‍ കത്തി താഴ്ത്തി ചീറ്റുന്ന ചോര കണ്ടു രസിക്കുന്ന കാപാലികസംഘങ്ങളുടെ കാലം.

ഇനി മറ്റൊരു സംഭവം. 1966 ല്‍ യൂണിവേഴ്‌സിറ്റി കോളജിന്റെ ശതാബ്ദി ആഘോഷവേള. അന്ന് എഐഎസ്എഫിന്റെയും എസ്എഫ്‌ഐയുടെ പൂര്‍വരൂപമായ കെഎസ്എഫിന്റെയും മുന്നണിയായ എസ്എഫിന്റെ നേതാവ് എ കെ പ്രതാപനാണ് സ്പീക്കര്‍. ശതാബ്ദി ആഘോഷങ്ങള്‍ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തശേഷം നടന്നത് ‘വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയം വേണമോ’ എന്ന വിഷയത്തില്‍ ഇംഗ്ലീഷ് സംവാദം. പിന്നീട് ഓള്‍ സെയിന്റ്‌സ് കോളജില്‍ പ്രൊഫസറായ ശ്യാമളാ ശശിധരനായിരുന്നു വിദ്യാര്‍ഥി രാഷ്ട്രീയത്തിനെതിരെ സംസാരിച്ചത്. എഐഎസ്എഫ് നേതാവും പിന്നീട് മാധ്യമപ്രവര്‍ത്തകനുമായ ‘ജനയുഗ’ത്തിന്റെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ കെ രംഗനാഥ് ആയിരുന്നു വിദ്യാര്‍ഥി രാഷട്രീയം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന് അനിവാര്യമെന്നു വാദിച്ചത്. രാഷ്ട്രീയം വേണമെന്ന വാദത്തിനാണ് ഏറ്റവും കയ്യടി ലഭിച്ചത്. പക്ഷേ ശ്യാമളാശശിധരന്‍ പറഞ്ഞത് ക്യാമ്പസുകളിലെ രാഷ്ട്രീയത്തില്‍ ക്രമേണ സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞുകയറുമെന്നും അവര്‍ ഫാസിസ്റ്റുകളായി സംഘടനയുടെ കിരീടവും ചെങ്കോലും സിംഹാസനവും ഏറ്റെടുക്കുമെന്നുമായിരുന്നു. യൂണിവേഴ്‌സിറ്റി കോളജിനെ സംബന്ധിച്ചിടത്തോളം ആ ആശങ്ക അച്ചട്ടായിരിക്കുന്നു.

ശതാബ്ദി വര്‍ഷത്തിനടുത്ത വര്‍ഷം കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എഐഎസ്എഫ്-കെഎസ്എഫ് മുന്നണിയായ എസ്എഫിന്റെ എതിരാളികള്‍ കെഎസ്‌യുക്കാരുടെ എസ്എ. എസ്എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി പി വിശ്വനാഥന്‍ നായര്‍, വൈക്കം വിശ്വന്‍, അതേ എല്‍ഡിഎഫിന്റെ മുന്‍ കണ്‍വീനര്‍, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി പിന്നീട് പ്രൊഫസറായി അന്തരിച്ച എഐഎസ്എഫിന്റെ ഓച്ചിറ പി ആര്‍ ജയചന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോയായിരുന്നു എസ്എയുടെ ആര്‍ട്ട്‌സ് ക്ലബ് സ്ഥാനാര്‍ഥി. ഹരിപണിക്കര്‍, എയര്‍ ലങ്ക പൈലറ്റായി ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്ന ജോണ്‍ മാത്യു എന്നിവരും സ്പീക്കര്‍, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥികള്‍. തെരഞ്ഞെടുപ്പിന് എസ്എഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി കോളജിന്റെ മുന്‍വശത്തെ മതിലില്‍ ഒരു സഖാവിന്റെ മോതിരം വിറ്റ കാശുകൊണ്ട് വാങ്ങിയ കാവിയും കുമ്മായവും കൊണ്ട് ചുമരെഴുത്തു നടത്തി. പിറ്റേന്ന് നേരം വെളുത്തപ്പോള്‍ മതിലായ മതിലുകള്‍ മുഴുവന്‍ എസ്എഫിന്റെ ചുവരെഴുത്തു മായ്ച്ച് വിലകൂടിയ പെയിന്റ് കൊണ്ട് എസ് എക്ക് വേണ്ടി ചുവരെഴുത്ത്. മുന്‍വശത്തെ മഹാഗണി മരത്തിന്റെ ഉച്ചിയില്‍ എസ്എയുടെ പതാക. രാവിലെ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ എസ്എക്കാരെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ നിരപരാധിത്വം ചമഞ്ഞു. ഇതിനിടെ ഹരിപണിക്കരുടെ സൈക്കിളിന്റെ റിമ്മില്‍ അവര്‍ ചുവരെഴുതിയ പെയിന്റിന്റെ തുള്ളികള്‍. പ്രതികള്‍ കയ്യോടെ പിടിയില്‍. എസ് എഫുകാര്‍ അവരെ കഠാരയൂരി കുത്തിയില്ല. കഠാരമുനയിലൂടെ വിപ്ലവം എന്നു കരുതാത്തതിനാല്‍ അവര്‍ കഠാര കൊണ്ട് നടക്കാറുമില്ല. എസ്എക്കാരെക്കൊണ്ടുതന്നെ എസ്എഫിനുവേണ്ടി ചുവരെഴുത്തു നടത്തിച്ചു. സംഗതി ശുഭം. അന്നത്തെ പ്രതിയോഗികളില്‍ മിക്കവരും ഇന്നു ജീവിച്ചിരിപ്പുണ്ട്. തമ്മില്‍ കാണുമ്പോള്‍ അവര്‍ ആ കലാലയസ്മരണകള്‍ ഉരുവിട്ട് പരസ്പരം പുണര്‍ന്നു ചിരിയാണ്.

പക്ഷേ കെ ആര്‍ നാരായണന്‍ അടക്കം പഠിച്ച പ്രൊ. എന്‍ കൃഷ്ണപിള്ളയും എന്‍ ഗോപാലപിള്ളയും എസ് ഗുപ്തന്‍ നായരും എം കൃഷ്ണന്‍ നായരും ഒഎന്‍വിയും തിരുനെല്ലൂരും അയ്യപ്പപ്പണിക്കരും സുധാകരന്‍ നായരും തങ്ങളുടെ പാണ്ഡിത്യത്തിന്റെ വാഗ്‌ധോരണികൊണ്ട് സ്മൃതിധന്യമാക്കിയ യൂണിവേഴ്‌സിറ്റി കോളജ് എന്ന കലാലയ മുത്തശ്ശിയുടെ ഹൃദയനൊമ്പരങ്ങള്‍ക്കെന്തേ കാരണം! സമൂഹത്തിന് പത്തരമാറ്റ് തങ്കങ്ങളെ സംഭാവന ചെയ്ത യൂണിവേഴ്‌സിറ്റി കോളജ് രണ്ടായിരത്തോളം ക്രിമിനലുകളുള്ള പൊലീസ് സേനയിലേക്ക് സഹപ്രവര്‍ത്തകന്റെ വിരിമാറില്‍ കഠാരകുത്തിയിറക്കിയ ശിവരഞ്ജിത്തിനെയും നസീമിനെയും മറ്റു രണ്ട് ക്രിമിനല്‍ പൊലീസുകാരായി സംഭാവന ചെയ്യാന്‍ പട്ടിക തയാറാക്കുന്ന മഹാപതനത്തില്‍ എങ്ങനെ എത്തിപ്പെട്ടു. ആരാണ് ഉത്തരം പറയേണ്ടതും തിരുത്തേണ്ടതും.