26 March 2025, Wednesday
KSFE Galaxy Chits Banner 2

ഒരു നായികയും രണ്ടു വില്ലത്തികളും

എം എസ് മോഹനചന്ദ്രൻ
നർമം
January 26, 2025 7:15 am

ഞാൻ ഒരു നാട്ടിൻ പുറത്തെ ബാങ്കുശാഖയിൽ ജോലികിട്ടി ബാച്ചിലറായി വിലസുന്ന കാലം. ഹൃദയകവാടം യുവ സുന്ദരിമാർക്കായി മലർക്കെ തുറന്നിട്ടിരിക്കുന്നു. അവിടേയ്ക്കു അതിക്രമിച്ചു കയറാൻ ശ്രമിച്ച മൂന്ന് പെൺകുട്ടികളുടെ കഥയാണിത്. അതിലൊരാൾ എന്റെ കാമുകിയാണ് — പേരറിയാത്തതുകൊണ്ട് അവളെനിക്ക് ശകുന്തള ആയി, അവളുടെ കൂട്ടുകാരികൾ അനസൂയയും പ്രിയംവദയും!
കോളജുകുമാരിയായ ശകുന്തള വൈകുന്നേരം ബസിറങ്ങി വീട്ടിലേയ്ക്കു പോകുന്നത് ബാങ്കിനു മുന്നിലൂടെയാണ്. ആ കൊച്ചു സുന്ദരിയുടെ ദർശന സൗഭാഗ്യം രാവിലെ ലഭ്യമായിരുന്നില്ല. ബാങ്കു തുറക്കും മുമ്പേ അവൾ കോളജിലേയ്ക്കു് പൊയ്ക്കഴിയുമായിരുന്നു. ഒരു നാൾ ശകുന്തള പാസുബുക്കിൽ പണമടയ്ക്കാനായി ബാങ്കിൽ വന്നപ്പോഴാണു് അവളുടെ ക്ലോസപ്പ് ദർശനത്തിനും കുശലാന്വേഷണത്തിനും അവസരമുണ്ടായത്. അമ്മയുടെ പാസുബുക്കാണ്. തൊട്ടടുത്ത സ്കൂളിലെ ടീച്ചറാണ് അമ്മ. ശകുന്തള രണ്ടു മൂന്നു തവണ ബാങ്കിൽ വന്ന് പണമിടപാടുകൾ നടത്തിക്കഴിഞ്ഞപ്പോഴാണ് അതൊരു അനൗപചാരിക പെണ്ണുകാണലായിരുന്നു എന്നു മനസിലായത്. താമസിയാതെ പ്രോപ്പർ ചാനലിലൂടെ വിവാഹാലോചന വന്നു. എന്റെ മാനേജരായിരുന്നു ദല്ലാൾ. തുടർന്ന് പെണ്ണുകാണൽ ചടങ്ങു നടന്നു.

ഈ സന്ദർഭത്തിലാണ്, ഒരു നാൾ മധ്യാഹ്നത്തിൽ രണ്ടു കോളേജുകുമാരിമാർ ബാങ്കിലേയ്ക്ക് വന്നത്. കൗണ്ടറിനു മുകളിൽ ( ഇന്നത്തെ കുള്ളൻ കൗണ്ടറുകളല്ല, കമ്പ്യൂട്ടറും ആയിട്ടില്ല) തടിച്ച ലഡ്ജറുകൾ നിരത്തി വച്ച് കണക്കെഴുതുകയായിരുന്ന എന്നോടു തന്നെയാണ് അവർ അന്വേഷിച്ചത് — “ആരാ, മോഹനചന്ദ്രൻ സാർ?”
തന്റെ രണ്ട് ആത്മ മിത്രങ്ങൾ ( അനസൂയാപ്രിയംവദമാർ ) എന്നെ ഇന്റർവ്യൂ ചെയ്യാൻ വന്നേക്കുമെന്നും അവൾ മഹാ വില്ലത്തികളാണെന്നും ശകുന്തള മുന്നറിയിപ്പു തന്നിരുന്നത് ഉപകാരമായി. അവർ താൻ ഇവർ! എന്നെ സ്കാൻ ചെയ്തിട്ടു വേണമല്ലൊ ഞാൻ അവരുടെ ചങ്ങാതിക്ക് അനുയോജ്യനായ വരനാണോ എന്നൊക്കെ പത്തു പേരോടു പറയാൻ!
മോഹനചന്ദ്രൻ എന്ന ഞാൻ ബാങ്കിൽ ക്ളാർക്കാണ്. ശിപായിയായി ഒരു ചന്ദ്രമോഹനുമുണ്ട്. സഹപ്രവർത്തകർക്കും കസ്‌റ്റമേഴ്സിനുമൊക്കെ ഇതൊരു കൺഫ്യൂഷനായിരുന്നു. മിക്കപ്പോഴും ഞങ്ങളുടെ പേരുകൾ മാറിപ്പറഞ്ഞു പോകും. ഇതിലെ സാധ്യതകൾ മുതലെടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
”വിളിക്കാം” എന്നു പറഞ്ഞ് ഞാൻ അകത്തെ മുറിയിലേക്കു പോയി.

ചന്ദ്രമോഹൻ ‘ശിപായി’ എന്നറിയപ്പെടാൻ താല്പര്യമുളള ആളല്ല. കാരണം, അയാളൊരു നടനാണ്, സിനിമാമോഹവുമായി നടക്കുന്നൊരു ക്രോണിക് ബാച്ചിലർ! അതിന്റെ അടയാളമായി അയാളുടെ കക്ഷത്തിലെപ്പോഴും സിനിമാമാസികകളുണ്ടാവും. മൂന്നാലു സിനിമകളിൽ തലകാണിച്ചതിൽപ്പിന്നെ ‘താര’ ഭാവത്തിലാണു നടപ്പ്. ബസ് യാത്രക്കാർ പോക്കറ്റടിക്കാരനെ ഓടിക്കുന്ന സീനിലായിരുന്നുവത്രെ ആദ്യാഭിനയം. ചാൻസു ചോദിച്ചു വന്ന അഭിനയ മോഹികളെ തൃപ്തിപ്പെടുത്താനായി സംവിധായകൻ ഒപ്പിച്ച ഷോട്ടാണ് ആ കൂട്ടയോട്ടമെന്നു ചന്ദ്രമോഹനു മനസിലായില്ല. അയാൾക്കു തുടർന്നും ലഭിച്ച ചാൻസുകൾ ഇങ്ങനൊക്കെത്തന്നെയായിരുന്നു. എന്നിരുന്നാലും തനിക്ക് ഒരു ആരാധകവൃന്ദം അഥവാ ഫാൻസ് ഉണ്ടെന്നാണു് അയാളുടെ അവകാശവാദം. അയാൾ സ്വപ്നം കാണുന്നത് നായകവേഷമാണെങ്കിലും, ബോഡി ലാംഗ്വേജ് വച്ചു നോക്കിയാൽ വില്ലൻ വേഷത്തിനേ ചാൻസുള്ളൂ.
“ചന്ദ്രമോഹൻ, രണ്ടു പെൺകുട്ടികൾ താങ്കളെ ദർശിക്കാൻ കാത്തു നിൽക്കുന്നു, ആരാധകരായി രിക്കാം” അയാൾ ആനന്ദപുളകിതനായി.
“പിന്നേയ്, അവർക്കു ചിലപ്പോൾ താങ്കളുടെ പേരു തിരിഞ്ഞു പോയേക്കും, കാര്യമാക്കേണ്ട. അവരെന്തു ചോദിച്ചാലും അതെ… അതെ എന്നു മാത്രം പറഞ്ഞേക്കുക.”
“ഓകെ, മോഹൻജി!”
അങ്ങനെ ചന്ദ്രമോഹനെ സൈസാക്കി ആ വില്ലത്തികളുടെ മുമ്പിലേക്കെറിഞ്ഞിട്ട് ഞാൻ ജോലിയിൽ വ്യാപൃതനായി.
“മോഹനചന്ദ്രൻ സാറല്ലേ, ഞങ്ങൾ .… യുടെ ഫ്രണ്ട്സാ, അവളുമായി സാറിന്റെ വിവാഹം ഉറപ്പിക്കുമെന്നറിഞ്ഞു, ഒന്നു പരിചയപ്പെടാൻ വന്നതാ!”
ചന്ദ്രമോഹൻ എന്നെ ദയനീയമായി നോക്കി. പിന്നെയും എന്തൊക്കെയോ സംഭാഷണങ്ങൾ നടന്നു. എല്ലാത്തിനും അയാൾ ‘യസ്’ മൂളി. കൂട്ടുകാരിയുടെ പ്രതിശ്രുതവരനെ അത്രയ്ക്കങ്ങ് ബോധിക്കാഞ്ഞിട്ടാവും, അഭിമുഖം വെട്ടിച്ചുരുക്കി വില്ലത്തികൾ സ്ഥലം വിട്ടു. ചന്ദ്രമോഹൻ എന്റെ മുതുകത്തിട്ട് രണ്ടിടി പാസാക്കി, അസൽ വില്ലന്റെ ഇടി !
“നിനക്ക് അയാളെയോ കിട്ടിയുള്ളോടി” എന്നു ചോദിച്ചു കൂട്ടുകാരികൾ കളിയാക്കിയതിനാൽ ശകുന്തള സത്യാവസ്ഥ അറിയാനെത്തി. ഞാൻ മെയിൻ ബ്രാഞ്ചിൽ ക്യാഷ് റെമിറ്റൻസിനു പോയ സമയത്താവും കൂട്ടുകാരികൾ വന്നതെന്നും, പിശകുപറ്റി എന്റെ അപരനോടാവും അവർ സംസാരിച്ചതെന്നും പറഞ്ഞ് ഞാൻ ശകുന്തളയെ ആശ്വസിപ്പിച്ചു.
“സാരമില്ല, തൽക്കാലം അങ്ങനിരിക്കട്ടെ, നിശ്ചയത്തിനു കാണാമല്ലൊ!”
വിവാഹനിശ്ചയത്തിനു സുമുഖനായ എന്നെ വരനായി കണ്ടപ്പോഴാണ് ആ വില്ലത്തിമാർ അന്തം വിട്ടുപോയത്. പ്രതികാരാഗ്നിയുമായി അവർ വീണ്ടും എന്നെ കാണാൻ വന്നു. “സർ, അവൾക്കു ഒരു പ്രേമമുണ്ടെന്നു ഞങ്ങൾക്കറിയാം. സൂക്ഷിക്കുന്നതു നന്ന്.”
വിഷം കുത്തിവച്ചിട്ടു് അവർ പോയി.
‘അശ്വത്ഥാമാ ഹത: കുഞ്ജര:’ എനിക്കോർമ്മ വന്നു.
മുട്ടത്തുവർക്കിയുടെ ഒരു നോവലിലെ നായകനേയും ഓർമ്മ വന്നു!
മിക്ക പൈങ്കിളിക്കഥയിലുമെന്നതുപോലെ, പണക്കാരിയായ പെൺകുട്ടിയെ പ്രേമിച്ചു നടക്കുന്ന നിർധനനായ കാമുകൻ. പ്രിയതമയെ കാമുകിയായി കിട്ടണമെങ്കിൽ കാമുകൻ ധനവാനാകണം. അങ്ങനെ അയാൾ മുംബൈ നഗരത്തിൽ ജോലി ചെയ്തു പണക്കാരനായി ഏതാനും വർഷങ്ങൾക്കു ശേഷം മടങ്ങിയെത്തുമ്പോൾ, വഴിമധ്യേ കണ്ട നാട്ടുകാരനോടു തന്റെ കാമുകിയുടെ കാര്യങ്ങൾ അന്വേഷിക്കുന്നു. മറുപടി -
“ആ പെൺകുട്ടിക്ക് ആരോടോ പ്രേമമുണ്ടെന്നും, അയാളെ മാത്രമേ വിവാഹം കഴിക്കൂ എന്നും കേൾക്കുന്നു.”
അവൾ സ്നേഹിക്കുന്നത് മറ്റേതോ പുരുഷനെയാണെന്നു തെറ്റിദ്ധരിച്ച ആ മണ്ടശിരോമണി സത്യാവസ്ഥ അറിയാൻ മിനക്കെടാതെ മടങ്ങിപ്പോകുന്നിടത്താണ് നോവൽ അവസാനിക്കുന്നത്. എന്നോടാ കളി? ഞങ്ങളുടെ അനുരാഗനദി നിർവിഘ്നം മുന്നോട്ടു തന്നെ ഒഴുകി!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.