ഒരു പീഡിതയുടെ കുമ്പസാരം സ്ത്രീമനസ്സുകളുടെ മഹാകാവ്യം

Web Desk
Posted on March 10, 2019, 7:34 pm

സി. ദിവാകരന്‍ എംഎല്‍എ
കയ്യില്‍ കിട്ടുന്നതെന്തും വായിക്കുന്ന ഒരു പ്രകൃതമാണ് പണ്ടുമുതല്‍ക്കേ എനിക്കുള്ളത്. മലയാളികള്‍ക്ക് ഒരു നല്ല കഥാസമാഹാരം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഞാന്‍ എന്ന് ആത്മാര്‍ത്ഥമായി പറഞ്ഞുകൊള്ളട്ടെ. ഗോപീകൃഷ്ണന്റെ വളരെ ഭാവനാപൂര്‍ണ്ണമായ പതിനൊന്നു കഥകളാണ് ഒരു പീഡിതയുടെ കുമ്പസാരം എന്ന ചെറുപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീയുടെ മൗനം സമൂഹത്തിന് നല്‍കുന്ന സന്ദേശം നിസ്സാരമല്ല.വാക്കിനേക്കാള്‍അത്മൂര്‍ച്ചയുള്ളതും, സംവേദനശക്തി കൂടിയതും, നവോത്ഥാനമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായിരിക്കും.
ഗോപീകൃഷ്ണന്റെ കഥകള്‍ക്ക് ഒരു ലാളിത്യമുണ്ട്. നമ്മുടെ നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന നിരവധി കഥാപാത്രങ്ങള്‍, അവരുടെ മാനസിക സംഘര്‍ഷങ്ങള്‍ എല്ലാം ഗോപീകൃഷ്ണന്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഒപ്പം സമൂഹത്തിലെ തിന്മകള്‍ക്കെതിരെ അതിശക്തമായി കഥാപാത്രങ്ങള്‍ വിരല്‍ചൂണ്ടുന്നുമുണ്ട്.
സമൂഹമനസ്സാക്ഷിയെ നേരില്‍ കാണുകയും, അതിനോടൊപ്പം സഞ്ചരിക്കുകയും, അനീതകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ, ഒരു എഴുത്തുകാരന്‍ യഥാര്‍ത്ഥ സാഹിത്യകാരനാകൂ.

ഗോപീകൃഷ്ണന്റെ ‘ഞാന്‍ എന്റെ ശത്രു’ എന്ന നോവലിന് വലിയ സ്വീകരണമാണ് ജനഹൃദയങ്ങളില്‍ ലഭിച്ചത്. ഒരു വര്‍ഷം കൊണ്ടു തന്നെ പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ആ പുസ്തകം രണ്ടാംപതിപ്പിലേയ്ക്ക് കടക്കുകയാണ്.
അതുപോലെ തന്നെ വായനക്കാരെ നല്ലപോലെ ആകര്‍ഷിക്കുന്ന ഒരു പുസ്തകമാണ് ‘ഒരു പീഡിതയുടെ കുമ്പസാരം.’ ഇതിലെ ആദ്യത്തെ കഥ ഒരു വല്ലാത്ത കഥയാണ്. നല്ലൊരു സിനിമ സൃഷ്ടിക്കാന്‍ പര്യാപ്തമാണ് ഈ കഥയെന്ന് എനിക്കു തോന്നുന്നു. ഇ കഥയിലെ പ്രധാന കഥാപാത്രമായ മിത്രന്‍ എന്ന ഒരു സാധാരണ കവി പറയുന്നുണ്ട്;
”സമ്മാനങ്ങളും ഉപഹാരങ്ങളും ചിലപ്പോഴെങ്കിലും നിശ്ചയിക്കപ്പെടുന്നത്, സാഹിത്യസൃഷ്ടികളുടെ അന്തഃസത്തയോ, യോഗ്യതയോ, കലാമൂല്യങ്ങളോ, സാമൂഹ്യപ്രതിബദ്ധതയോ മറ്റു ഗുണനിലവാരങ്ങളോ ശരിക്കും വിലയിരുത്താതെയാണ്. പരിചയം, ബന്ധുത്വം, വിധേയത്വം, സൗഹൃദം, അധികാരം, രാഷ്ട്രീയം എന്നീ മേഖലകളുടെ സ്വാധീനത്തില്‍ അധികാരികള്‍ നിര്‍ദ്ദേശിക്കും പ്രകാരം അവാര്‍ഡ് ശുപാര്‍ശകള്‍ നല്‍കുന്ന വിധികര്‍ത്താക്കള്‍ വരെയുണ്ട് നമ്മുടെ സമൂഹത്തില്‍. ഇത്തരത്തില്‍ നിശ്ചയിക്കപ്പെടുന്ന അവാര്‍ഡുകള്‍ക്ക് എന്തു വിലയാണുള്ളത്?
ഇത് വഞ്ചനയല്ലേ?
ഇത് സമൂഹത്തിന് തെറ്റായ സന്ദേശമല്ലേ നല്‍കുന്നത്?” അയാള്‍ സ്വയം ചോദിക്കുകയാണ്.
”നീ പറഞ്ഞത് തെറ്റാണ് എന്ന് എനിക്കും തോന്നിയില്ല. നിന്റെ കാഴ്ചപ്പാടുകളില്‍ എനിക്ക് ബഹുമാനമാണ് തോന്നിയത്. ഈ കാലത്തെ ഏറ്റവും വലിയ കലാകാരന്‍ നീയാണെന്ന് ഉറക്കെ വിളിച്ചു പറയാന്‍ പോലും എനിക്കു തോന്നി.” അതു കേട്ടിരിക്കുന്ന ഒരു സ്ത്രീ കഥാപാത്രത്തിന്റെ അഭിപ്രായമാണിത്.
ഇത് ഗോപീകൃഷ്ണന്റെ കഥയാണ്. നല്ല കഥയാണ്. കട്ട റൊമാന്‍സ് ആണ്. ഈ കഥയ്ക്കുള്ളില്‍ കട്ടിയായ ഒരു ചീറ്റിംഗ് അഥവാ വഞ്ചനയുണ്ട്. ഇത്തരം കഥകള്‍ ചിലപ്പോള്‍ യാഥാര്‍ത്ഥ്യമായി വരുന്നുണ്ട്. വായനക്കാര്‍ അത് സശ്രദ്ധം വായിക്കുക.
അതുപോലെ പുസ്തകത്തിന്റെ പേരിന് ആധാരമായ കഥ ഹൃദ്യമായി തോന്നി നിരപരാധികള്‍ എങ്ങനെയാണ് പലപ്പോഴും ട്രാപ്പ് ചെയ്യപ്പെടുന്നതെന്നും സമൂഹം അതിന് എന്തു വിലയിരുത്തലാണ് നടത്തുന്നതെന്നും, അത് അനുഭവസ്ഥരെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നും ഉള്ള സന്ദേശമാണ് വഹിക്കുന്നത്. ഒരു നല്ല കഥ. ഇന്നത്തെ സമൂഹത്തിന്റെ കഥ.
ഡോ. രാജീവും, ഡോ. മാലതിയും തമ്മിലുള്ള ഒരു പരിചയകഥ. നിരപരാധിയായ ഒരു ചെറുപ്പക്കാരനോട് വാശിതീര്‍ക്കാന്‍ നിര്‍ബന്ധപൂര്‍വ്വം നില്‍ക്കുന്ന ഒരു സ്ത്രീ. ഒടുവില്‍ അവള്‍ക്ക് അയാളെ രക്ഷിക്കണമെന്നു തോന്നി. അവസാനം അവള്‍ എഴുതുന്നു.
”പ്രിയപ്പെട്ട രാജീവേ എനിക്കു മാപ്പുതരൂ,
ഒരു പരാതി കൊടുക്കുമ്പോള്‍, ഇടനിലക്കാരായി ആരെങ്കിലും ഇടപെട്ട് എന്നെ രാജീവിനെക്കൊണ്ട് വിവാഹം ചെയ്യിക്കാം എന്ന സമ്മതിക്കും എന്നു ഞാന്‍ വിശ്വസിച്ചു.
പക്ഷേ അതുണ്ടായില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ പരിചയപ്പെട്ടവരില്‍ ഏറ്റവും മാന്യനാണ് താങ്കള്‍. എന്റെ പരാതിയില്‍ ഞാന്‍ പറഞ്ഞിരിക്കുന്നതെല്ലാം കളവാണ്. സത്യത്തിന് നിരക്കാത്ത മീഡിയാ വിചാരണകളും, പോലീസിന്റെ കള്ളത്തെളിവുശേഖരണവും ബുദ്ധിയില്ലാതെ കൂകിവിളിക്കുന്ന പൊതുജനവും നമ്മുടെ സമൂഹത്തിന് ഒരു തീരാവ്യാധിയാണ്.
ഞാന്‍ ഇനിയും ജീവിച്ചിരുന്നാല്‍ നമ്മുടെ നാട്ടിലെ കപട സ്ത്രീസംരക്ഷണ നിയമങ്ങളും കുരുക്കിട്ട്, പോലീസും മാധ്യമങ്ങളും ചേര്‍ന്ന് ഒരു തെറ്റും ചെയ്യാത്ത എന്റെ പാവം രാജീവിനെ ശിക്ഷിക്കുമെന്നുറപ്പാണ്. ആയതിനാല്‍ അതില്‍ നിന്നും കുറ്റക്കാരനല്ലാത്ത രാജീവിനെ സംരക്ഷിക്കാന്‍ ഇനിയുള്ള ഏകമാര്‍ഗ്ഗം എന്റെ ആത്മഹത്യയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ ഞാന്‍ എന്റെ ജീവിതം സ്വയം അവസാനിപ്പിക്കുന്നു.
പേലീസും, കോടതിയും, പൊതുജനവും, മാദ്ധ്യമങ്ങളും എന്നോട് പൊറുക്കുക. രാജീവിന് മോചനം നല്‍കുക.

എന്ന്,
നിങ്ങളുടെയെല്ലാം സ്വന്തം
ഡോക്ടര്‍ മാലതി.

അവിടെ കഥ അവസാനിക്കുകയാണ്.
സ്ത്രീയുടെ വിവിധ ഭാവങ്ങള്‍, സ്‌നേഹത്തോടും വിനയത്തോടും ഗോപീകൃഷ്ണന്‍ ഇതിലെ കഥകളിലൂടെ അവതരിപ്പിക്കുകയാണ്. വെറും ഒരു മണിക്കൂര്‍കൊണ്ട് എല്ലാ കഥകളും വെറുതെ വായിച്ചുപോകാവുന്ന ലാളിത്യത്തിലാണ് ഗോപീകൃഷ്ണന്‍ എഴുതിയിരിക്കുന്നത്. കടുപ്പമില്ലാത്ത നല്ല മലയാളഭാഷ, വായിക്കുമ്പോള്‍ നല്ല ഒഴുക്കനുഭവപ്പെടുന്ന ആഖ്യാനശൈലി. എന്തുകൊണ്ടും ഇതു നല്ലൊരു ചെറുകഥാസമാഹാരമാണെന്നാണ് എന്റെ അഭിപ്രായം.