‘ഒരു ചായക്കടക്കാരന്റെ മന്‍കീ ബാത്’

Web Desk
Posted on April 08, 2018, 1:29 am

ജീവിതത്തിലും, കാഴ്ചപ്പാടുകളിലും വ്യത്യസ്ഥത പുലര്‍ത്തുന്ന യഹിയ എന്ന സാധാരണക്കാരനായ ഒറ്റയാള്‍ പോരാളിയുടെ ജീവിതം യാതൊരു കൂട്ടിച്ചേര്‍ക്കലുകളുമില്ലാതെ പച്ചയായി അവതരിപ്പിക്കുകയാണ് ‘ഒരു ചായക്കടക്കാരന്റെ മന്‍കീ ബാത്’ എന്ന ഡോക്യുമെന്ററിയില്‍. ശുദ്ധനര്‍മ്മത്തിലൂടെ വളരെ ലളിതമായി യഹിയയുടെ ജീവിതം പ്രേക്ഷകന് അനുഭവിച്ചറിയാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്റെ അവതരണം. കാരിക്കേച്ചറുകളിലൂടെയാണ് യഹിയയുടെ പൂര്‍വ്വകാല ജീവിതത്തിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നത്.

നോട്ടുനിരോധനം സാമ്പത്തികവ്യവസ്ഥയേയും, രാജ്യപുരോഗതിയേയും എങ്ങനെ ബാധിച്ചിരുന്നാലും, സാധാരണക്കാരന്റെ ബുദ്ധിമുട്ടുകളും ആശങ്കകളും എത്രത്തോളം വലുതായിരുന്നു എന്നത് യഥാര്‍ത്ഥ ജീവിതകഥയിലൂടെ വ്യക്തമാക്കുകയാണ് ഈ ഡോക്യൂമെന്ററിയില്‍. യഹിയയെ അടുത്തറിയാവുന്നവരും അറിയാത്തവരുമായ ജനങ്ങള്‍ അവരുടെ രാഷ്ട്രീയചിന്തകള്‍ക്കുമതീതമായി ഈ ഡോക്യൂമെന്ററിയെ ഹൃദയത്തില്‍ ഏറ്റുവാങ്ങിയതും ഈ നേര്‍ക്കാഴ്ചയിലൂടെ കണ്ട പച്ചയായ ജീവിതത്തിലെ സാധാരണക്കാരന്റെ വികാരവും അതിന്റെ സാമൂഹികപ്രാധാന്യവുമാണ്. മികച്ച ഷോട്ട് ഫിലിമിനുള്ള ‘ഗ്രാമ മയൂര മടക്കമുള്ള പുരസ്‌കാരങ്ങള്‍ നേടിയിട്ടുളള സനു കുമ്മിളിന്റെ ആദ്യ ഡോക്യുമെന്ററിയാണ് ഒരു ചായക്കടക്കാരന്റെ മന്‍കിബാത് ‘.

യഹിയയേയും അദ്ദേഹത്തിന്റെ വ്യത്യസ്ഥമായ പ്രതിഷേധങ്ങളേയും വാര്‍ത്തകളാക്കി ജനങ്ങളിലെത്തിച്ച സനു കുമ്മിള്‍ എന്ന പത്രപ്രവര്‍ത്തകനാണ് യഹിയ തന്റെ തുടര്‍ജീവിതത്തിലും പിന്‍തുടരുന്ന വ്യത്യസ്ഥതകളിലൂടെ ദേശീയപ്രാധാന്യമുള്ള ഒരു വിഷയത്തെ ഒരു ഡോക്യുമെന്ററിയാക്കിയിട്ടുള്ളത്.

കാലാകാലങ്ങളില്‍ നടപ്പിലാക്കുന്ന ചില സാമൂഹ്യവ്യവസ്ഥിതികളില്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാരന്റെ പ്രതീകമായി ഒരു യഥാര്‍ത്ഥജീവിതത്തെ ഈ ഡോക്യുമെന്ററിയിലൂടെ ക്യാമറയ്ക്കു മുന്നില്‍ കൊണ്ടു വന്നിരിക്കുകയാണ് സംവിധായകന്‍.

ഹോളിവുഡ് സിനിമകളിലെ അസ്വാഭാവിക കഥാപാത്രങ്ങളെയും വെല്ലുന്ന സ്വഭാവ സവിശേഷതകള്‍ക്കുടമ. സാധാരണക്കാരിലെ അസാധാരണക്കാരന്‍ എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം. രാജ്യം ഭരിക്കുന്നവനെ വരെ പോടാ പുല്ലേ എന്നു വിളിച്ച് കൊണ്ട് ആരെയും കൂസാതെയുള്ള ജീവിതം. വ്യവസ്ഥിതികള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി സകലരെയും അല്‍ഭുതപ്പെടുത്തുന്നയാള്‍. ഇങ്ങനെ പോകുന്നു യഹിയ എന്ന ചായക്കടക്കാരന്റെ വിശേഷങ്ങള്‍. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് യഹിയയെ ശ്രദ്ധേയനാക്കുന്നത്.

യഹിയ എന്ന സമര ജീവിതം

ഇയാള്‍ക്കെന്താ, വട്ടുണ്ടോ എന്ന് പലരും മൂക്കത്ത് വിരല്‍ വയ്ക്കുമ്പോഴും എല്ലാവരുടേയും കണ്ണു നിറക്കുന്ന ജീവിതകഥയ്ക്ക് ഉടമകൂടിയാണ് ഈ 75 വയസ്സുകാരന്‍. 13 മക്കളടങ്ങുന്ന ദരിദ്രകുടുംബത്തിലൊരുവനായി പിറന്ന യഹിയക്ക് കുട്ടിക്കാലത്ത് വയറുനിറച്ചുള്ള ആഹാരവും വിദ്യാഭ്യാസവുമെല്ലാം വിദൂരസ്വപ്‌നങ്ങള്‍ മാത്രമായിരുന്നു. ഒന്നാം ക്ലാസില്‍തന്നെ പഠനമുപേക്ഷിച്ച് വീട്ടുജോലികള്‍ ചെയ്യേണ്ടിവന്നതും വയറുനിറച്ചു ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കൊണ്ടുമാത്രമായിരുന്നു. ജോലിക്കു നിന്ന വീട്ടില്‍, പാചകം മുതല്‍ കന്നുകാലികളെ തീറ്റിപ്പോറ്റുന്ന ജോലിവരെ യഹിയയുടെ ചുമലിലായിരുന്നു. അന്നു കിട്ടിയ പാചകക്കൂട്ടുകളാണ് യഹിയക്ക് ഇപ്പോഴുള്ള ജീവിതത്തില്‍ കൈത്താങ്ങാകുന്നത്. കുട്ടിക്കാലത്ത് തുടങ്ങിയ വീട്ടുപണി കൗമാരം പിന്നിട്ടപ്പോള്‍ ഉപേക്ഷിച്ച് യഹിയ പുറത്തുള്ള കൂലിപ്പണികളില്‍ മുഴുകി. അക്കാലത്താണ് സുഹ്റയെ കണ്ട് ഇഷ്ടപ്പെടുന്നതും വിവാഹമാലോചിക്കുന്നതും. യഹിയയെപ്പോലെ സുഹ്റയുടെ സാധുകുടുംബത്തിനും മറ്റൊന്നുമാലോചിക്കാനുണ്ടായിരുന്നില്ല. അതിഥികളെ മുക്കിപ്പൊടി നല്‍കി സല്‍ക്കരിച്ചാണ് വിവാഹത്തില്‍ യഹിയ വ്യത്യസ്തത പുലര്‍ത്തിയത്.

തനിക്കു പിറന്ന മകളുടെ ഭാവി മുന്നില്‍ കണ്ടാണ് സുഹ്റയുടെ ആകെയുണ്ടായിരുന്ന പുരയിടം വിറ്റ് യഹിയ സൗദിയിലെത്തിയത്. ബെന്യാമന്റെ ആടുജീവിതത്തെ വെല്ലുന്ന നാളുകളായിരുന്നു സൗദിയിലെ മരുഭൂമിയില്‍ യഹിയയെ കാത്തിരുന്നത്. രണ്ടാമത്തേതും പെണ്‍കുട്ടിയായതോടെ യഹിയയുടെ ഉത്തരവാദിത്വം ഇരട്ടിയായി. 18 വര്‍ഷക്കാലം ആടുകളോടും ഒട്ടകങ്ങളോടുമൊത്ത് ഒരു മൃഗങ്ങളെക്കാള്‍ ഗതികെട്ട ജീവിതമായിരുന്നു തുടര്‍ന്ന് യഹിയ നയിച്ചത്. ദാഹവും വിശപ്പും അറബികളുടെ പീഡനവും സഹിച്ചുകഴിഞ്ഞ മരുഭൂമിയിലെ ജീവിതത്തിന്റെ പര്യവസാനം വ്യാജപാസ്പോര്‍ട്ടുമായി വന്നിറങ്ങിയ ബോംബെ എയര്‍പോര്‍ട്ടിലായിരുന്നു. വര്‍ഷങ്ങളോളം മരുഭൂമിയിലെ പൊടിക്കാറ്റും, തീ ചൂടും, മരം കോച്ചുന്ന തണുപ്പുമനുഭവിച്ച യഹിയക്ക് വ്യാജ പാസ്പോര്‍ട്ട് പിടിക്കപ്പെട്ടതോടെ പൂനയിലെ ജയില്‍ ജീവിതവും അനുഭവിക്കേണ്ടിവന്നു.

തന്റെ ആഗ്രഹം പോലെതന്നെ രണ്ടു മക്കളെയും നാട്ടുനടപ്പനുസരിച്ച് വിവാഹം ചെയ്തയക്കാന്‍ കഴിഞ്ഞതുമാത്രമാണ് യഹിയയുടെ ദുരിതജീവിത്തിലെ ഏക ആശ്വാസം. അനാരോഗ്യം ബാധിച്ചു തുടങ്ങിയതിനാല്‍ ഗള്‍ഫുജീവിതം മതിയാക്കി നാട്ടിലെത്തി ഉന്തുവണ്ടിയിലെ തട്ടുകട തുടങ്ങുകയായിരുന്നു. ഒരിക്കല്‍ ഉന്തുവണ്ടിയില്‍ കച്ചവടം നടത്തിക്കൊണ്ടിരുന്ന യഹിയയെ മുണ്ടിന്റെ മടിക്കുത്തഴിക്കാത്തതില്‍ ദേഷ്യം വന്ന എസ്.ഐ ചെകിട്ടത്തടിച്ചു. അന്നുമുതല്‍ മുണ്ടിനു പകരം മാക്സി മാത്രം ധരിച്ച് യഹിയ വസ്ത്രധാരണത്തിലും വ്യത്യസ്ഥത പുലര്‍ത്തി. അതോടെ യഹിയ നാട്ടുകാര്‍ക്കിടയില്‍ ശ്രദ്ധേയനായി.

കുട്ടിക്കാലത്തു ഭക്ഷണത്തിനുവേണ്ടി ചെയ്ത പാചകജോലികള്‍ യഹിയയെ നല്ലൊരു പാചകക്കാരനായി മാറ്റിയിരുന്നു. യഹിയയുടെ പാചകം ജനങ്ങള്‍ ഇഷ്ടപ്പെട്ടതോടെ കച്ചവടം പുരോഗമിച്ചു. കടയ്ക്കല്‍ മുക്കുന്നം ജംഗ്ഷനിലെ കടമുറിയില്‍ ആര്‍.എം.എസ് എന്നപേരില്‍ തുടങ്ങിയ ചായക്കട നാട്ടുകാര്‍ ഹൃദയത്തിലേറ്റുവാങ്ങി. ചായക്കടയിലെ പ്രത്യേകനിയമങ്ങള്‍ നാട്ടുകാരില്‍ കൗതുകമുണര്‍ത്തി. പണമില്ലാത്തവനും വിശപ്പിന് ആഹാരം കൊടുക്കും. ഊണു കഴിക്കുന്നവര്‍ രണ്ടാമത് വാങ്ങി ബാക്കി വച്ചാല്‍ 25 രൂപ പിഴ ഈടാക്കും. കോഴിയിറച്ചി തയ്യാറാക്കുന്നത് സ്വന്തം മസാലക്കൂട്ടുകളിലാണ്. കൃത്രിമ പദാര്‍ത്ഥങ്ങളൊന്നും ചേര്‍ക്കില്ല. ഒരിക്കല്‍ പാചകത്തിനുപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കില്ല. ആര്‍.എം.എസ് തട്ടുകടയില്‍ 10 ദോശക്ക് 2 ദോശയും 5 ചിക്കന്‍ വാങ്ങിയാല്‍ ഒരു ചിക്കനും സൗജന്യമാണ്. അങ്ങനെ കച്ചവടത്തിലും യഹിയ തന്റേതായ വ്യത്യസ്ഥത പുലര്‍ത്തുന്നു. കൃത്രിമ രുചികളില്ലാത്ത ആഹാരം കഴിക്കണമെന്നാഗ്രഹിക്കുന്നവരുടെ ഇഷ്ടകേന്ദ്രമാണ് യഹിയയുടെ തട്ടുകട.

ഒരിക്കല്‍ രാത്രിയില്‍ ആഹാരം കഴിക്കാനെത്തിയ രണ്ടുപേര്‍ യഹിയയുടെ കടയിലുണ്ടായിരുന്ന 5000 ത്തോളം രൂപ മോഷ്ടിച്ചുകൊണ്ടു പോയി. അതിനുശേഷം കിട്ടുന്ന പണമൊക്കെ സൂക്ഷിക്കുന്ന രീതിയും വ്യത്യസ്തമായിരുന്നു. മണ്ണില്‍ കുഴിയുണ്ടാക്കിയും പൊത്തുകളിലൊളിപ്പിച്ചുമാണ് പിന്നീട് പണം സൂക്ഷിച്ചുപോന്നത്. ഇങ്ങനെ സൂക്ഷിച്ച 23000 ത്തോളം രൂപയും 500 രൂപയുടേയും 1000 രൂപയുടേയും നോട്ടുകളായിരുന്നു. 2016 നവംബര്‍ 8-ാം തീയതി രാത്രിയില്‍ പ്രധാനമന്ത്രിയുടെ നോട്ടു നിരോധനമറിഞ്ഞ യഹിയ അടുത്ത ദിവസം തന്നെ കടയടച്ച് നോട്ടുമാറാനായി ബാങ്കിലെ ക്യൂവില്‍ നിന്നു. രണ്ടാം ദിവസം അവശനായി ക്യൂവില്‍ തളര്‍ന്നുവീണ യഹിയ ആശുപത്രിവാസത്തിനുശേഷം കടയിലെത്തി തന്റെ കൈവശമുണ്ടായിരുന്ന 23000 രൂപ അടുപ്പിലിട്ട് ചുട്ടുകരിച്ചാണ് പ്രതിഷേധിച്ചത് . അതിലും തൃപ്തനാകാതെ അടുത്തുള്ള ബാര്‍ബര്‍ ഷാപ്പിലെത്തി തന്റെ മുടിയുടെ പകുതി വടിച്ചുകളഞ്ഞു. നോട്ടു നിരോധിച്ച പ്രധാനമന്ത്രി അധികാരം വിട്ടൊഴിയുംവരെ താനിനി പാതി മുടി വളര്‍ത്തില്ല എന്നൊരു ശപഥവുമെടുത്തു. അതോടെ യഹിയ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും നിറയുവാന്‍ തുടങ്ങി. പ്രാദേശികവും ദേശീയവുമായ ശ്രദ്ധ യഹിയയിലേക്കു പതിയാന്‍ തുടങ്ങി.

യഹിയയുടെ പ്രതിഷേധം അവിടെയും തീരുന്നില്ല. നോട്ടുനിരോധനത്തിനുശേഷം ഒരുവര്‍ഷം കഴിഞ്ഞിട്ടും ഭരണമാറ്റം വരാത്തതില്‍ പ്രതിഷേധിച്ച് തന്റെ പകുതി മീശ വടിച്ചുകളഞ്ഞാണ് പ്രതിഷേധം കനപ്പെടുത്തിയത്. വാര്‍ദ്ധക്യത്തിന്റെ അനാരോഗ്യത്തിലും മറ്റാരെയും ആശ്രയിക്കാതെ ജീവിക്കണമെന്നു തീരുമാനിച്ച യഹിയ തന്റെ മരണാനന്തരചെലവുകള്‍ക്കുപോലും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ കരുതിവച്ച പണമാണ് പ്രതിഷേധാര്‍ത്ഥം ചുട്ടുകരിച്ചത്. നഷ്ടപ്പെട്ട പണം വീണ്ടെടുക്കാന്‍ തന്റെ ശപഥത്തില്‍ ഉറച്ചുനിന്നുകൊണ്ട് ഇപ്പോഴും അദ്ധ്വാനിച്ചുകൊണ്ടിരിക്കുകയാണ് ഈ 75 കാരന്‍.

തെരുവകളെയുണര്‍ത്തുന്ന പ്രദര്‍ശനങ്ങള്‍

പഴയ വായനശാലാ സംസ്‌കാരത്തെ ഓര്‍മ്മപ്പെടുത്തുംവിധം, തുറസ്സായ ഇടങ്ങളിലെ കൂടിച്ചേരലുകളില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള ഓരോരുത്തരും ഈ ഡോക്യുമെന്ററിയെയും യഹിയയേയും മനസ്സിലേറ്റുക്കൊണ്ടാണ് തിരിച്ചുപോകുന്നത്.

വലുതും ചെറുതുമായ സംഘടനകളിലൂടെയും, കൂട്ടായ്മകളിലൂടെയും ആഭിമുഖ്യത്തിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത്. കടയ്ക്കല്‍ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ആദ്യ പ്രദര്‍ശനം നടത്തിയത് പിന്നീട് ഗ്രാമങ്ങള്‍ തോറും പ്രദര്‍ശനം ഏറ്റെടുക്കുകയായിരുന്നു. സി പി ഐ പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഡോക്യുമെന്ററി കൊല്ലത്ത് പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ചകളിലൂടെയും, വാര്‍ത്തകളിലൂടെയും ‘ഒരു ചായക്കടക്കാരന്റെ മന്‍കീ ബാത് ’ എന്ന 26 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററി സാധാരണ ജനങ്ങളോട് സംവേദിക്കാനായി സംസ്ഥാനത്തെ എല്ലാ തെരുവുകളിലും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറെടുപ്പ് നടത്തുകയാണ് ഇതിന്റെ പ്രവര്‍ത്തകര്‍