24 April 2024, Wednesday

ഇന്ത്യന്‍ സിനിമ ലോകത്തിന്റെ നെറുകയില്‍

Janayugom Webdesk
March 15, 2023 5:00 am

ഇന്ത്യന്‍ ചലച്ചിത്രരംഗം രണ്ട് പ്രാദേശിക ഭാഷകളിലൂടെ ഓസ്കര്‍ അംഗീകാരം നേടി ലോകത്തിന്റെ നെറുകയിലെത്തിയ ദിവസമായിരുന്നു തിങ്കളാഴ്ച. ചലച്ചിത്രരംഗത്ത് സാര്‍വദേശീയ തലത്തിലെ ഏറ്റവും ഉയര്‍ന്ന അംഗീകാരമാണ് ഓസ്കര്‍. 95-ാമത് ഓസ്കര്‍ പുരസ്കാരവേദി അതുകൊണ്ടുതന്നെ ഇന്ത്യന്‍ ചലച്ചിത്ര വേദിക്കു മാത്രമല്ല രാജ്യത്തിനാകെ അഭിമാനമാണ് നല്കുന്നത്. ഈ ഇരട്ടപ്പുരസ്കാര നേട്ടത്തിന് പ്രത്യേകതകള്‍ ഏറെയാണ്. ലോക ചലച്ചിത്രോത്സവങ്ങളിലും മത്സരവേദികളിലും പേരറിയിച്ച ഭാഷാ ചിത്രങ്ങളും സംവിധായകരും പ്രതിഭകളും നിരവധിയുണ്ടെങ്കിലും ഇന്ത്യന്‍ ചലച്ചിത്രമെന്നാല്‍, ലോകത്തിന് മുന്നില്‍ അത് പ്രധാനമായും ഹോളിവുഡിലെ സിനിമകളാണ്. അതില്‍ നിന്ന് വ്യത്യസ്തമായി ആദ്യമായി പുരസ്കാര നേട്ടമുണ്ടാക്കിയ രണ്ടു ചിത്രങ്ങളും പ്രാദേശിക ഭാഷയിലുള്ളതായിരുന്നുവെന്നതാണ് പ്രധാന പ്രത്യേകത. ഹ്രസ്വ ചിത്ര വിഭാഗത്തില്‍ ദ എലഫന്റ് വിസ്പറേഴ്സും ഒറിജിനല്‍ ഗാന വിഭാഗത്തില്‍ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനവുമാണ് ഇന്ത്യയിലേക്ക് ഓസ്കര്‍ നേരിട്ടെത്തിച്ചത്. രാജമൗലി സംവിധാനം ചെയ്തൊരുക്കിയ ആര്‍ആര്‍ആര്‍ ഓസ്കര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയും കാർത്തികി ഗോൺസാൽവസ് ഒരുക്കിയ ദ എലഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററി ആദ്യ ഹ്രസ്വചിത്രവുമായി. നേരത്തെ ഇന്ത്യക്കാരായ രണ്ടുപേര്‍ക്ക് പുരസ്കാരം ലഭിച്ചിട്ടുണ്ട്. അതിലൊരാള്‍ മലയാളിയാണെന്ന ഇരട്ടിമധുരവുമുണ്ട്. എ ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിയുമായിരുന്നു അന്ന് താരങ്ങളായി നമ്മുടെ അഭിമാനമായത്.

2009ൽ സ്ലം ഡോഗ് മില്ല്യണര്‍ എന്ന ബ്രിട്ടീഷ് ചിത്രത്തിലെ ജെയ് ഹോ എന്ന ഗാനത്തിനാണ് എ ആർ റഹ്മാനും ശബ്ദമിശ്രണത്തിനാണ് റസൂൽ പൂക്കുട്ടിയും പുരസ്കാരത്തിന് അർഹരായത്. റസൂല്‍ പൂക്കുട്ടി കൊല്ലം ജില്ലയിലെ അഞ്ചലിനടുത്ത വിളകുപാറയില്‍ ജനിച്ചുവളര്‍ന്ന വ്യക്തിയായിരുന്നു. റഹ്മാനാകട്ടെ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാടുകാരനും. അതുകൊണ്ടുതന്നെ അവരുടെ വിജയം നമുക്ക് വലിയ സന്തോഷം നല്കുന്നതായിരുന്നു. എങ്കിലും അവരുടെ പുരസ്കാരനേട്ടം ഇന്ത്യക്ക് പുറത്തുള്ള ചിത്രങ്ങളിലൂടെയായിരുന്നു. അതുകൊണ്ടു കൂടിയാണ് ഇപ്പോഴത്തെ രണ്ട് പുരസ്കാരങ്ങളും വലിയതോതില്‍ ആഘോഷിക്കപ്പെടുന്നത്. ഇപ്പോള്‍ അംഗീകാരം നേടിയ രണ്ട് ചിത്രങ്ങളെയും വേറിട്ടതാക്കുന്ന മറ്റുള്ള പ്രത്യേകതകളുമുണ്ട്. അടിമത്തവും സ്വാതന്ത്ര്യവും പ്രമേയമാകുന്ന ആര്‍ആര്‍ആര്‍ സിനിമയിലെ ലോകം മുഴുവന്‍ ഏറ്റുപാടുന്ന നാട്ടുനാട്ടു എന്ന ഗാനം തെലുങ്കരുടെ തദ്ദേശീയ നൃത്തരൂപത്തിലൂടെ അവർ നടത്തിയ ചെറുത്തു നിൽപ്പിനെ കൂടി ഓര്‍മ്മിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ് ദമ്പതികള്‍ അദിലാബാദിൽ നിന്ന് ഗോത്രവര്‍ഗത്തിൽ പെട്ട ഒരു കുട്ടിയെ കൊണ്ടുപോകുന്നതും രക്ഷപ്പെടുത്തുവാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് കഥയുടെ ഇതിവൃത്തം. അമ്മയിൽ നിന്ന് ബലമായാണ് കുട്ടിയെ വേര്‍പ്പെടുത്തി ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നത്. ഗോത്ര സംരക്ഷകനായ ഭീം മറ്റുള്ളവരുമായി യാത്ര ചെയ്യുന്നതുള്‍പ്പെടെ കാടും മലകളും നഗരങ്ങളും പശ്ചാത്തലമാകുന്ന ചിത്രമാണെങ്കിലും ആകര്‍ഷകമായ കഥയും സാങ്കേതിക മികവും ചലച്ചിത്രത്തിന്റെ പ്രത്യേകതയാണ്.


ഇതുകൂടി വായിക്കൂ: കലാകാരന്മാർ ഉണരുന്നു, കേരളവും


അതുകൊണ്ടുതന്നെ ഇതിനകം നിരവധി അംഗീകാരം കരസ്ഥമാക്കിയ ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനം നേരത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. അതുപോലെതന്നെ ഹ്രസ്വ ചിത്രത്തിനുള്ള അംഗീകാരം നേടിയ ദ എലഫന്റ് വിസ്പറേഴ്സും വ്യത്യസ്തതകള്‍ പലതുള്ളതാണ്. ഗോത്ര വിഭാഗവുമായി ബന്ധപ്പെടുത്തിയാണ് ഈ ചിത്രവും രൂപപ്പെട്ടിരിക്കുന്നത്. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന കാര്‍ത്തികി ഗോണ്‍സാല്‍വസ് വര്‍ഷങ്ങളെടുത്ത് പഠിച്ചാണ് കാട്ടുനായ്ക്കര്‍ വിഭാഗത്തെ ആസ്പദമാക്കിയുള്ള ഈ ഹ്രസ്വ ചിത്രം പൂര്‍ത്തീകരിക്കുന്നത്. അതിനാല്‍ ആത്മസമര്‍പ്പണത്തിലൂടെ യാഥാര്‍ത്ഥ്യമാക്കിയ സ്വപ്നമായിരുന്നു ചിത്രമെന്ന് വിശേഷിപ്പിക്കാം. നാട്ടു സംസ്കൃതിയെയാണ് ഉയര്‍ത്തിക്കാട്ടുന്നത് എന്നതുതന്നെയാണ് ഇരുചിത്രങ്ങളുടെയും മറ്റൊരു പ്രത്യേകത. 95 വര്‍ഷത്തെ ഓസ്കര്‍ ചരിത്രത്തിനിടയില്‍ അപൂര്‍വമായിരുന്നുവെങ്കിലും ഇന്ത്യന്‍ സിനിമാ പ്രതിഭകളും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മഹാത്മജിയുടെ സമ്പൂര്‍ണ ജീവിതം പറഞ്ഞ റിച്ചാര്‍ഡ് ആറ്റംബറോയുടെ ഗാന്ധി സിനിമയിലെ വസ്ത്രാലങ്കാരത്തിന് ഭാനു അത്തയ്യ ഓസ്കറിനര്‍ഹയായി. ഇന്ത്യന്‍ സിനിമയിലെ പകരം വയ്ക്കാനില്ലാത്ത പ്രതിഭ സത്യജിത്റായ് 1992ല്‍ ആജീവനാന്ത സേവനത്തിനും അംഗീകരിക്കപ്പെട്ടു. പിന്നെ എ ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിയും 2009ല്‍. അതിനു ശേഷം 13 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും ഓസ്കര്‍ ഇന്ത്യയിലെത്തുമ്പോള്‍ അതിന് തിളക്കമേറുന്നത് മേല്‍പ്പറഞ്ഞ പല കാരണങ്ങളാലാണ്. ഹ്രസ്വ ചിത്രത്തിനുള്ള അംഗീകാരം ഏറ്റുവാങ്ങിയത് നിര്‍മ്മാതാവായ ഗുനീത് മോംഗയും കാര്‍ത്തികിയും ചേര്‍ന്നായിരുന്നു. കാര്‍ത്തികിയുടെ ആദ്യ സംരംഭമായിരുന്നു ദ എലഫന്റ് വിസ്പറേഴ്സ്. അതേസമയം ആര്‍ആര്‍ആര്‍ ഒരുക്കിയ രാജമൗലിയും നാട്ടു നാട്ടു ഗാനത്തിന് സംഗീതം നല്കിയ കീരവാണിയും അതാതു രംഗങ്ങളിലെ പരിണിത പ്രജ്ഞരാണ്. അങ്ങനെ രണ്ടു തലമുറയില്‍പ്പെട്ടവരിലൂടെ പുരസ്കാരം ഇന്ത്യയിലെത്തിയെന്നതും ഈ ഓസ്കറിനെ വേറിട്ടതാക്കുന്നു. ഭാഷകളുടെയും രാജ്യങ്ങളുടെയും അതിര്‍വരമ്പുകള്‍ ഇല്ലാതാക്കി ഇന്ത്യന്‍ നാട്ടുഭാഷാ സിനിമകളെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഈ പ്രതിഭകള്‍ മാത്രമല്ല മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നവര്‍ തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.