October 6, 2022 Thursday

അന്യ സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തിരിച്ചടി; വിദ്യാർത്ഥികളുടെ അഭ്യർത്ഥനയോട് മുഖം തിരിച്ച് കോളേജ് അധികൃതർ

Janayugom Webdesk
കോഴിക്കോട്
September 8, 2020 1:38 pm

രാജ്യമാകെ കോവിഡ് 19 പടർന്നു പിടിക്കുമ്പോൾ തമിഴ് നാട്ടിലെ കോളേജിലെത്തി പരീക്ഷ എഴുതണമെന്ന കോളേജ് അധികൃതരുടെ കർശന നിർദ്ദേശത്തിന് മുമ്പിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ. ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള യാത്രയുടെ അപകടം ചൂണ്ടിക്കാണിച്ച് പരീക്ഷ ഓൺലൈനായി നടത്താനോ കേരളത്തിൽ പരീക്ഷാ സെന്റർ അനുവദിക്കാനോ ഉള്ള വിദ്യാർത്ഥികളുടെ അഭ്യർത്ഥനയോടും മുഖം തിരിക്കുകയാണ് കോളേജ് അധികൃതർ.

മാത്രമല്ല പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികൾ ഭക്ഷണവും താമസവും സ്വന്തം നിലയിൽ കണ്ടെത്തണമെന്നും രക്ഷിതാക്കളുടെ സമ്മത പത്രവും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണമെന്നും ഭാരതിയാർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഈറോഡ് പെരുന്തുറെയിലുള്ള പളനിസാമി കോളേജ് അധികൃതർ നിർദ്ദേശിക്കുന്നു. ഈ മാസം 21 മുതൽ അവസാന വർഷ പരീക്ഷ ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു കോളേജുകളിലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്. 10 ദിവസത്തോളം നീണ്ടു നിൽക്കുന്ന പരീക്ഷ അഭിമുഖികരിക്കാൻ പോകുന്നത് കോളേജിലെ അവസാനവർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ ആണ്. അതിൽ തന്നെ ഭൂരിപക്ഷം പേരും വിവിധ ജില്ലകളിൽ നിന്നുള്ള മലയാളികളാണ്.

ഓഫ് ലൈനായിട്ട്   പരീക്ഷയ്ക്കിരിക്കാൻ തങ്ങളെല്ലാം തയ്യാറാണെന്ന് പളനിസ്വാമി കോളേജിലെ വിദ്യാർത്ഥികൾ പറയുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അവിടം വരെ പോയി പരീക്ഷ എഴുതുന്ന തങ്ങളുടെ സുരക്ഷിതത്വം ആര് ഏറ്റെടുക്കുമെന്നാണ് ഇവരുടെ ചോദ്യം. എന്നാൽ പരീക്ഷ നടത്താൻ മറ്റു വഴികൾ ഇല്ലെന്നും ഇപ്പോൾ എഴുതാൻ പറ്റിയില്ലെങ്കിൽ സപ്ലിമെന്ററി പരീക്ഷ എഴുതിക്കോളു എന്നുമാണ് കോളേജ് പ്രിൻസിപ്പലും അധ്യാപകരും നൽകുന്ന മറുപടി. പരീക്ഷ ഓഫ്ലൈൻ ആയി നടത്തുക എന്ന ഉദ്ദേശമല്ലാതെ വിദ്യാർത്ഥികളുടെ ജീവന് യാതൊരു വിധ സുരക്ഷയോ പരിഗണനയോ കൊടുത്തതായി കാണുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. പെൺകുട്ടികൾക്കായുള്ള താമസസൗകര്യം കോളേജിനകത്ത് ഒരുക്കിയിട്ടുണ്ടെന്ന് കോളേജ് അധികൃതർ പറയുന്നുണ്ടെങ്കിലും ആഹാരം കഴിക്കുന്നതും ബാത്ത് റൂം സൗകര്യങ്ങൾ ഒരുക്കിയതും പൊതുവായിട്ടാണ്.

ആൺകുട്ടികളാവട്ടെ പരീക്ഷയ്ക്ക് രണ്ടു ദിവസം മുന്നേ വന്ന് താമസ സൗകര്യം കണ്ടെത്തിക്കോളൂ എന്നാണ് നിർദ്ദേശം. കേരളത്തിൽ നിന്നുള്ള തങ്ങൾക്ക് പരിചയമില്ലാത്ത ടൗണിൽ താമസസ്ഥലം കണ്ടെത്താൻ പ്രയാസമാണ് എന്ന വിദ്യാർത്ഥികളുടെ വാക്കുകൾക്കും അധികൃതർക്ക് മറുപടിയില്ല. വിശദ വിവരങ്ങൾ അറിയാൻ വിളിച്ചന്വേഷിച്ച രക്ഷിതാക്കളോടും വിദ്യാർത്ഥികളോടും വളരെ മോശമായ രീതിയിലായിരുന്നു അധികൃതരുടെ മറുപടിയെന്നും വിദ്യാർത്ഥികൾ പറയുന്നു. വേണമെങ്കിൽ പരീക്ഷ എഴുതട്ടെ ഇല്ലെങ്കിൽ സപ്പ്ളിമെന്ററിയിൽ എഴുതിക്കൊള്ളട്ടെ, ഇതിനൊന്നും തങ്ങൾ ഉത്തരവാദികളല്ല എന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്.

ഇതിനൊപ്പമാണ് പരീക്ഷ എഴുതാൻ വരുന്നവർ അവരവരുടെ രക്ഷിതാക്കളുടെ സമ്മതപത്രവും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന നിർദ്ദേശവും. വിദ്യാർത്ഥികളും കൂടെ വരുന്ന രക്ഷിതാക്കളും അടക്കം ഒരു കുടുംബം ഒന്നിച്ചു ക്വാറന്റൈനിൽ പോകേണ്ട അവസ്ഥയാണ് ഉണ്ടാവാൻ പോവുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു.

സർക്കാർ നിർദ്ദേശപ്രകാരമുള്ള ഓൺലൈൻ പരീക്ഷ നടത്തുന്നതിനോ കേരളത്തിൽ എവിടെയെങ്കിലും ഒരു പരീക്ഷ കേന്ദ്രം ഒരുക്കിത്തരുന്നതിനോ ഉള്ള നിർദ്ദേശം അധികൃതർ മുഖവിലയ്ക്ക് എടുക്കുന്നില്ല. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികളിൽ ഭൂരിപക്ഷം പേരും സാധാരണക്കാരാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അവസ്ഥയിൽ അവിടം വരെ പോകാനും കൂട്ട് വരാൻ ആളെ കിട്ടാത്തതുമായ അവസ്ഥയിലാണ് മിക്ക പേരും.

കൂട്ടത്തിൽ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരും രക്ഷിതാക്കളുടെ ശാരീരിക നില മോശമായവരുമായി അനവധി പ്രശ്നങ്ങൾ നേരിടുന്നവരുമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പളനിസ്വാമി കോളേജിലെ എം എസ് സി കെമിസ്ട്രി, ഫിസിക്സ്, മൈക്രോ ബയോളജി കോഴ്സുകൾക്ക് പഠിക്കുന്ന 54 വിദ്യാർത്ഥികൾ ഭാരതിയാർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്കും മന്ത്രി കെ ടി ജലീലിനും ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.

Eng­lish sum­ma­ry; stu­dents exam issue

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.