കേരളം-അതിഥി തൊഴിലാളികളുടെ പറുദീസ

ഡോ.ജോമോൻ മാത്യു
Posted on April 02, 2020, 6:10 am

ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് 2019 ല്‍ 272 ദശലക്ഷം കുടിയേറ്റക്കാരാണ് ലോകത്താകമാനം ഉള്ളത്. ഇത് ലോകജനസംഖ്യയുടെ 3.5 ശതമാനം വരും. ആഗോള കുടിയേറ്റ കണക്കില്‍ ഇന്ത്യ (17.5 ദശലക്ഷം) ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 50.7 ദശലക്ഷം പേരുടെയും ലക്ഷ്യസ്ഥാനമായി അമേരിക്ക മാറുന്നു. ഗള്‍ഫ് കുടിയേറ്റത്തിലൂടെ വിദേശത്ത് തൊഴില്‍ കമ്പോളം കണ്ടെത്തിയ മലയാളികള്‍ 21 ലക്ഷം പേരാണ്. പുറമേ 10 ലക്ഷത്തോളം പേര്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും. ചുരുക്കിപ്പറഞ്ഞാല്‍ സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 10 ശതമാനം പേര്‍ കേരളത്തിന് പുറത്താണ് ജീവിക്കുന്നത് എന്ന് സാരം.

ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് അന്താരാഷ്ട്ര കുടിയേറ്റക്കാരില്‍ 74 ശതമാനം പേരും 20–64 വയസിനിടയില്‍ ഉള്ളവരാണ്. അങ്ങനെ നോക്കുമ്പോള്‍ കേരളത്തിന്റെ നല്ലൊരു ശതമാനം ഉല്പാദനക്ഷമതയുള്ള തൊഴില്‍ശക്തി പുറംലോകത്താണ്. ഈ കുറവ് നമ്മുടെ തൊഴില്‍ കമ്പോളത്തില്‍ സൃഷ്ടിച്ച ചോദന‑പ്രദാന വിടവിലേക്കാണ് അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവ്. കൃത്യമായ എണ്ണം ലഭ്യമല്ലെങ്കിലും 35–40 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിന്റെ ഭാഗമായിക്കഴിഞ്ഞു. അതിഥിക്ഷേമത്തിന്റെ കേരള മാതൃക കുടിയേറ്റ തൊഴിലാളികള്‍ എക്കാലത്തും ഏത് ദേശത്തും വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ബഹുഭൂരിപക്ഷം വരുന്ന മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലെ നിതാഖത്ത് നിയമത്തിന്റെ മുള്‍മുനയിലാണെന്നത് ഓര്‍ക്കുമല്ലോ. അപകടകരമായ തൊഴില്‍ സാഹചര്യങ്ങള്‍, പാര്‍പ്പിടം, ഭാഷ, മനുഷ്യാവകാശങ്ങള്‍ എന്നിവയെല്ലാം സങ്കീര്‍ണമാകുന്നിടത്താണ് കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നത്.

കുടിയേറ്റ തൊഴിലാളികളെ ‘അതിഥി തൊഴിലാളി‘കളെന്ന് വിളിച്ച് ലോക ശ്രദ്ധനേടുക മാത്രമല്ല, കുറച്ച് വര്‍ഷങ്ങളായി നാം നടത്തുന്ന അതിഥി ക്ഷേമത്തിന്റെ വഴികളും കുടിയേറ്റക്കാരുടെ ലോകത്തില്‍ കേരളത്തെ വ്യത്യസ്തമാക്കുന്നുണ്ട്. ആവാസ് ഇന്‍ഷുറന്‍സ് പദ്ധതി സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്കുള്ള ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2017 നവംബറിലാണ് കേരളം തുടങ്ങിവച്ചത്. 18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 25,000 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ്, രണ്ട് ലക്ഷത്തിന്റെ അപകട മരണ ആനുകൂല്യം എന്നിവയടങ്ങുന്ന പദ്ധതി ഇന്ത്യയില്‍ തന്നെ ഒരു സംസ്ഥാനത്ത് ഇതാദ്യമാണ്. 2020 ജനുവരി 4 വരെ സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലധികം പേര്‍ ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. അപ്‌നാ ഘര്‍ അതിഥി തൊഴിലാളികള്‍ക്ക് സുരക്ഷിതത്വവും ശുചിത്വവുമുള്ള താമസ സൗകര്യമൊരുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് 2017ല്‍ തുടക്കമിട്ട ‘അപ്‌നാ ഘര്‍’. ‘ഞങ്ങളുടെ സ്വാഗത മനോഭാവത്തിന്റെ സാക്ഷ്യമാണ് അപ്‌നാ ഘര്‍’ എന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ കേരളത്തിന്റെ വീടുകളില്‍ പതിനായിരങ്ങളാണിന്ന് അന്തിയുറങ്ങുന്നത്. 8.5 കോടി ചെലവില്‍ 600 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ആദ്യ സമുച്ചയം പാലക്കാട് 2019 ഫെബ്രുവരിയില്‍ പൂര്‍ത്തിയായി. ‘ചങ്ങാതി’ — സാക്ഷരതാ പരിപാടി ജോലിയും വീടും ഇന്‍ഷുറന്‍സും മാത്രം പോരെ അന്യദേശത്തു നിന്നെത്തുന്നവര്‍ക്ക്.

നമ്മുടെ സംസ്കാരവും കൂടി അവര്‍ ഉള്‍ക്കൊള്ളണം. അതിനവര്‍ ഭാഷയറിയണം. ഈ വിശാല കാഴ്ചപ്പാടില്‍ നിന്നാണ് ‘ചങ്ങാതി‘യെന്ന സാക്ഷരതാ പരിപാടിക്ക് കേരളം തുടക്കമിട്ടത്. സാക്ഷരതാ മിഷന്റെ കീഴില്‍ ‘ഹമാരി മലയാളം’ എന്ന പാഠപുസ്തകത്തിന്റെ സഹായത്തോടെ ആദ്യഘട്ടത്തില്‍ 1738 പേര്‍ 2019 ഓഗസ്റ്റില്‍ പരീക്ഷയും പാസായിക്കഴിഞ്ഞു. എല്ലാ ജില്ലകളിലുമുള്ള ക്ലാസുകളില്‍ 17 ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും നേപ്പാളിലെയും തൊഴിലാളികള്‍ ഒത്തുകൂടുന്നത് ‘ചങ്ങാതി‘യുടെ സ്വീകാര്യതയ്ക്ക് തെളിവാണ്. റോഷ്നി അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്ക് ഭാഷാതിര്‍ത്തി കടന്നുള്ള ഉല്ലാസകരമായ പഠനം സാധ്യമാക്കാന്‍ എറണാകുളം ജില്ലാ ഭരണകൂടം തുടങ്ങിവച്ച പരിപാടിയാണ് ‘റോഷ്നി’. ഇംഗ്ലീഷ്-ഹിന്ദി-മലയാളം ഭാഷാ സംയോജനത്തിലൂടെ വ്യത്യസ്തമായ പഠനാനുഭവം ഒരുക്കുകയാണീ നൂതന പരിപാടി. ചുരുക്കത്തില്‍ കുടിയേറ്റ തൊഴിലാളികളെ ‘അതിഥി‘കളായി കണ്ട് അവര്‍ക്കിത്രയേറെ ക്ഷേമ പദ്ധതികള്‍ ഒരുക്കുന്ന ഒരിടം ലോകത്തെവിടെയും കണ്ടെന്നുവരില്ല. അതിനാല്‍ത്തന്നെ അതിഥി തൊഴിലാളികളുടെ പറുദീസയാണ് കേരളമെന്ന് സമ്മതിക്കേണ്ടിവരും. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ വന്നപ്പോഴും കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം ഉറപ്പാക്കി തൊഴിലാളികളെ സുരക്ഷിതരാക്കാന്‍ കേരളത്തിന് കഴിഞ്ഞു. രാജ്യ തലസ്ഥാനം കണ്ടതുപോലുള്ള ഭക്ഷണവും വെള്ളവും സുരക്ഷയുമില്ലാത്ത കൂട്ടപ്പലായനങ്ങള്‍ ഇവിടെ സംഭവിച്ചതുമില്ല. എന്നാല്‍, കേരളീയരെപ്പോലെതന്നെ അതിഥി തൊഴിലാളികള്‍ക്കും കരുതലോടെ സുരക്ഷയൊരുക്കുന്ന നാട്ടില്‍ ഒരു സുപ്രഭാതത്തില്‍ അവര്‍ സംഘടിച്ച് പുറത്തിറങ്ങുമ്പോള്‍ നാം ജാഗ്രതയോടെയിരിക്കണം — അതിര്‍ത്തികള്‍ കടന്നുവരുന്ന കൊറോണയേക്കാള്‍ മാരകമായ വൈറസുകള്‍ അതിര്‍ത്തിക്കുള്ളില്‍ തന്നെയുണ്ടാകാം. (ലേഖകൻ യൂണിവേഴ്സിറ്റി കോളജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്.)