സിനി കെ എസ്

November 09, 2021, 3:52 pm

ഒറ്റ നക്ഷത്രം

Janayugom Online

ഉദിക്കാതായ പകലിനെ
പാൽക്കാരനും പത്രക്കാരനുമായിരിക്കും ആദ്യം കണ്ടുമുട്ടുക
അതോ രാത്രിയെ കമിഴ്ത്തി മൂടി
ഉറങ്ങാൻ പോയ പെണ്ണുങ്ങളോ …? 

സൂര്യനെ കാത്തിരുന്ന് മുഷിഞ്ഞ ആളുകൾ ഓരോ നക്ഷത്രങ്ങളെ എടുത്ത് വേലയ്ക്കുപോകും .
പെണ്ണുങ്ങൾക്ക് വേറെ നക്ഷത്രങ്ങൾ ഉണ്ടാകുമോ?
ഭാരം കുറഞ്ഞ… തിളക്കം കുറഞ്ഞ… ഊർജ്ജം കുറഞ്ഞ…
എന്റെ നക്ഷത്രം കെട്ടു പോയെന്ന് അവൾ ആവലാതിപ്പെടുമ്പോൾ ഒരുപാട് ആണുങ്ങൾ അവരുടെ നക്ഷത്രങ്ങളെ അവൾക്ക് നീട്ടും
വിയർത്ത ചുണ്ടിന്നാഴങ്ങളിൽ,
അരക്കെട്ടിൽ, മുലയിടുക്കിൽ പിൻകഴുത്തിൽ, തുടപ്പുറത്തും ,
ഉടൽ ചുരുളുകളിലെല്ലാം ജ്വലന നക്ഷത്രങ്ങൾ ..
അപ്പോഴവൾ ഒരു ആകാശമാകും നക്ഷത്രങ്ങളുടെ ആകാശ ദ്വീപ്
ആണുങ്ങൾ വെളിച്ചപ്പെടുത്തിയ നക്ഷത്ര ദ്വീപ്..

പക്ഷേ മറ്റൊന്നും തിരിച്ചു ചോദിക്കാത്ത
ആ ഒറ്റ നക്ഷത്രത്തെ എന്നാണ് അവൾക്ക് കിട്ടുക…?