ജീവിതയാഥാര്‍ഥ്യങ്ങളുടെ നോവലുകള്‍

Web Desk
Posted on July 14, 2019, 6:51 pm

ഷാജി ഇടപ്പള്ളി

പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളുടെ നേര്‍സാക്ഷ്യമാണ് ഷാലന്‍ വള്ളുവശ്ശേരിയുടെ നോവലുകള്‍. നഗരവത്കരണത്തിന്റെ പുത്തന്‍ കാലഘട്ടത്തില്‍ നഷ്ടമാകുന്ന ആത്മാര്‍ത്ഥ സ്‌നേഹത്തിന്റെയും ബന്ധങ്ങളുടെയും തിരിച്ചറിവുകള്‍ കോറിയിടുന്നതാണ് ‘ഫഌറ്റുകള്‍ കഥപറയുമ്പോള്‍’ എന്ന നോവല്‍. വിധി വൈപരീത്യത്താല്‍ വിധവയായി ഒറ്റപ്പെട്ടു കഴിയേണ്ടിവരുന്ന ഒരു യുവതിയുടെ ദുരവസ്ഥ വെളിപ്പെടുത്തുന്ന ലഘു നോവലാണ് ‘ഒറ്റക്ക് താമസിക്കുന്ന പെണ്ണ്. ‘വ്യത്യസ്ത ചിന്താഗതിക്കാരായ മൂന്ന് സ്ത്രീകളിലൂടെ ഒരാള്‍ കടന്നു പോകുമ്പോഴുണ്ടാകുന്ന വേറിട്ട അനുഭവങ്ങളാണ് ഫഌറ്റുകള്‍ കഥപറയുമ്പോള്‍ വരച്ചുകാട്ടുന്നത്. സമൂഹത്തിന് മാതൃകയായി നിലകൊള്ളുന്ന ഒരു അദ്ധ്യാപികയുടെ കുടുംബത്തില്‍ ഉണ്ടാകുന്ന താളപ്പിഴകളിലൂടെയാണ് നോവലിന്റെ തുടക്കം. പാവപ്പെട്ട കുടുംബത്തിലെ സുന്ദരിയായ സലോമി എന്ന പെണ്‍കുട്ടിയെ സണ്ണിയെന്ന ടീച്ചറുടെ മകന്‍ രജിസ്റ്റര്‍ വിവാഹം കഴിച്ചതും പിന്നീട് അയാളുടെ അമ്മയുടെ നിര്‍ബന്ധപ്രകാരം വിവാഹം നടത്തുകയും ചെയ്തുകഴിയുന്നതോടുകൂടിയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. വെറും കൈയോടുകൂടി കയറിവന്ന മരുമകള്‍ക്കെതിരെ സാധാരണ അമ്മായിയമ്മമാര്‍ കാണിക്കുന്ന പോരാണ് ടീച്ചറും കാണിക്കുന്നത്. മരുമകളെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ വീട്ടിലെ സ്വന്തം മകളുടെ പ്രണയ കഥ വെളിപ്പെടുത്തി ധീരമായി ചെറുത്തുനില്‍ക്കുന്ന സലോമിയും അതേ ചൊല്ലിയുണ്ടാകുന്ന പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും സിനിമാ കഥകളെ വെല്ലുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ ഈ നോവലില്‍ ഷാലന് കഴിഞ്ഞിട്ടുണ്ട്. സണ്ണിയെന്ന പ്രധാന കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന പ്രണയവും വിരഹവും ദുരന്തങ്ങളും ആകാംഷ നിറഞ്ഞ വായനക്ക് പ്രചോദനമാകുന്നു.
ആഡംബര ജീവിതത്തില്‍ തല്‍പരരായ മകന്റെ ആഗ്രഹങ്ങള്‍മൂലം കടബാധ്യതയേറിയതും പെട്ടെന്നുള്ള മരണവും ഒക്കെ സ്വപ്‌നയെന്ന ഭാര്യയുടെ അഹങ്കാരവും പിടിപ്പുകേടുമാണെന്ന് വിളിച്ചു പറഞ്ഞു ഒറ്റപ്പെടുത്തുന്ന ഭര്‍ത്താവിന്റെ മാതാപിതാക്കളും ബന്ധുക്കളും, വിധവയും സുന്ദരിയുമായ ഒരു പെണ്ണിന് ഒറ്റക്ക് താമസിക്കേണ്ടി വരുമ്പോഴുള്ള മാനസികസംഘര്‍ഷങ്ങളും, സദാചാര വാദികളുടെ വിവിധ തരത്തിലുള്ള പീഡനങ്ങളും പ്രതിപാദിക്കുന്നതാണ് ‘ഒറ്റക്ക് താമസിക്കുന്ന പെണ്ണെ‘ന്ന നോവല്‍. സ്‌നേഹവും സന്തുഷ്ട കുടുംബ ജീവിതവും ആഗ്രഹിക്കുന്ന ഒരു പെണ്ണിന്റെ ജീവിത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തങ്ങള്‍ നോവലില്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു. കോട്ടയം മൂണ്‍ ബുക്സാണ് രണ്ടു നോവലുകളും പ്രസിദ്ധീകരിച്ചത്.