പ്രകൃതിയോടുള്ള നമ്മുടെ സമീപനം മാറേണ്ടതിന്റെ സൂചനയാണ് പ്രളയങ്ങള്‍: മമ്മൂട്ടി

Web Desk
Posted on August 19, 2019, 6:01 pm

കൊച്ചി: അടിക്കടിയുണ്ടാകുന്ന പ്രളയങ്ങള്‍ പ്രകൃതിയോടുള്ള സമീപനം മാറേണ്ടതിന്റെ ഓര്‍മപ്പെടുത്തലുകളിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്ന് നടന്‍ മമ്മൂട്ടി. വരാന്‍ പോകുന്ന ദുരന്തകാലങ്ങളെ ഭയപ്പാടോടെ കാണുന്നതിന് പകരം ബോധവാന്മാരായിരിക്കുകയാണ് വേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു. മഹാപ്രളയത്തിന്റെ ഓര്‍മ്മകള്‍ക്ക് ഒരു വര്‍ഷം തികയുന്ന വേളയില്‍ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് എറണാകുളം പ്രസ്‌ക്ലബ്ബ് കേരള ലളിതകലാ അക്കാദമി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവയുമായി സഹകരിച്ച് ദര്‍ബാര്‍ ഹാളില്‍ ലോക ഫോട്ടോഗ്രാഫി ദിനത്തില്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ സംഘടിപ്പിച്ച വാര്‍ത്താ ചിത്രങ്ങളുടെ പ്രദര്‍ശനം വെറ്റ് ഫ്രെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം അതിജീവിച്ചത് വലിയ ദുരന്തത്തെയാണെന്ന ഓര്‍മപ്പെടുത്തലുകളിലൂടെയാണ് ഓരോ ചിത്രങ്ങളും സഞ്ചരിക്കുന്നത്. പ്രളയകാലത്തിന്റെ തീവ്രത ചോര്‍ന്ന് പോകാതെയാണ് ഓരോ ചിത്രങ്ങളും പകര്‍ത്തിയിരിക്കുന്നത്. വാര്‍ത്ത ചിത്രങ്ങളിലെ പലമുഖങ്ങളും വലിയ വേദനയാണ് ഉളവാക്കുന്നത്. പരസ്പര സ്‌നേഹത്തോടെയും നന്മനിറഞ്ഞ സമീപനങ്ങളിലൂടെയുള്ള കടന്നുപോക്കാണ് പ്രളയകാലത്തുടനീളം കണ്ടത്. മനുഷത്വത്തിന്റെ പലമുഖങ്ങളും ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാന്‍ സാധിച്ചതായും മമ്മൂട്ടി പറഞ്ഞു. ഓരോ ചിത്രങ്ങളും ഓരോ വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഓരോരുത്തരുടെയും കാഴ്ച്ചപ്പാടുകളിലെ വൈവിധ്യം ചിത്രങ്ങളില്‍ പ്രകടാണെന്നും ബ്ലാക്ക് ആന്‍ഡ് വൈറ്റ് മോഡിലുള്ള പടം കാണണമെന്ന് ആഗ്രഹിച്ചതായും മമ്മൂട്ടി കൂട്ടിചേര്‍ത്തു.

മമ്മൂട്ടിയും, ഹൈബി ഈഡന്‍ എം.പിയും പ്രളയത്തിലെ രക്ഷകരായ എറണാകുളം ജില്ലയില്‍ നിന്നുള്ള മത്സ്യതൊഴിലാളികളായ ജോയി പൊള്ളയില്‍, മജീഷ് പി എസ്, സെല്‍വന്‍ പുത്തങ്കരി, പി വി അംബുജാക്ഷന്‍, സെബാസ്റ്റ്യന്‍ ഒ എഫ്, സുരേഷ് എം എസ്, എന്നിവര്‍ ചേര്‍ന്ന്, സ്‌നേഹം , കരുണ, അന്‍പ്, അലിവ്, കാരുണ്യം, നന്മ, നമ്മളൊന്ന്, കരുതല്‍, , കാരുണ്യം ‚രക്ഷകന്‍ എന്നീ പേരുകള്‍ നാമകരണം ചെയ്ത പ്രതീകാത്മക ബോട്ടുകള്‍ പ്രത്യേകം തയ്യാറാക്കിയ ടാങ്കില്‍ നീറ്റിലിറക്കി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസ്സ് ക്ലബ് പ്രസിഡന്റ് ഡി.ദിലീപ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രസ്സ് ക്ലബ് സെക്രട്ടറി സുഗതന്‍ പി.ബാലന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അരുണ്‍ ചന്ദ്രബോസ് നന്ദിയും പറഞ്ഞു. മുന്‍ മന്ത്രി കെ. ബാബു, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, ഫോട്ടോജേര്‍ണലിസ്‌റ് ഫോറം കണ്‍വീനര്‍ പ്രകാശ് എളമക്കര, ജിപ്‌സന്‍ സിക്കേര എന്നിവര്‍ സംസാരിച്ചു.എറണാകുളത്തെ 35 ഫോട്ടോഗ്രാഫര്മാരുടെ 100 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന എക്‌സിബിഷന്‍ 21നു സമാപിക്കും.

YOU MAY LIKE THIS VIDEO ALSO