നാടൻ രുചികളുമായി ‘നമ്മുടെ അടുക്കള ’

Web Desk

കൊച്ചി

Posted on February 14, 2020, 6:48 pm

നാടൻ രുചികളിലേയ്ക്ക് മടങ്ങുന്ന അടുക്കള കാഴ്ച്ചകളാണ് ഇ‑ഉന്നതി കണക്ടിംഗ് ഭാരത് ദ്വിദിന കോൺഫറൻസിലെ “നമ്മുടെ അടുക്കള” ക്ക് നിറപ്പകിട്ട് നൽകിയത്. സ്ഥിരം രീതിയിൽ നിന്ന് മാറി ഔഷധ ഗുണങ്ങൾ ഉള്ള സാമഗ്രികൾ ഉപയോഗിച്ച് പാചകം ചെയ്ത വിഭവങ്ങളുടെ മത്സരവും നടന്നു. വിവിധ ജില്ലകളിൽ നിന്നെത്തിയ 16 ഓളം വീട്ടമ്മമാരാണ് രുചികാഴ്ച്ചകൾ ഒരുക്കിയത്.

വീട്ടു വളപ്പിൽ തന്നെ ഉണ്ടാക്കാൻ  കഴിയുന്ന വാഴക്കൂമ്പ്, ചക്ക, ഇടിച്ചക്ക, ചക്കകുരു, ഏത്തക്കാതൊലി, മുരിങ്ങയില, പയറില തുടങ്ങിയവയിൽ നിന്നാണ് മിക്ക വിഭവങ്ങളും തയ്യാറാക്കിയത്. പയറില കട്ലറ്റ്, കഞ്ഞിവെള്ളം — മുരിങ്ങയില സ്റ്റാർട്ടർ, എന്നിവയെല്ലാം ആരോഗ്യത്തെ കാക്കുന്നവയെന്ന് മത്സരാർത്ഥികൾ പറഞ്ഞു.  ഇതുവരെ ആരും പരീക്ഷിച്ചു നോക്കാത്ത തനിനാടൻ വിഭവങ്ങളുമായാണ് ചക്കരപറമ്പിൽ നിന്നെത്തിയ ഷിബിൻ ആരിഫ് ശ്രദ്ധ നേടിയത്. പച്ച പാവയ്ക്ക പൊരിച്ചത്, നെല്ലിയ്ക്കയിട്ട മീൻ കറി, ആയുർവേദ ഇലകൾ ചേർത്ത ഹെർബൽ സൂപ്പ്, പച്ച പപ്പായ ചേർത്ത മധുര വിഭവം തുടങ്ങിയവ ഉദാഹരണം.

ഇരുമ്പൻപുളിയും കറ്റാർവാഴയും ചേർത്ത ഹൽവ കൗതുകം നിറച്ചു. മധുരമില്ലാത്ത ചേരുവകൾ ചേർത്ത് മധുരത്തിന്റെ പര്യായമായ ഹൽവ. ചക്കക്കൊണ്ടുള്ള പ്രത്യേക വിഭവങ്ങളാണ് പെരുമ്പാവൂരിൽ നിന്നുള്ള ബിബിൻഷായുടെ ‘ഹൈലൈറ്റ്’. ചക്കക്കുരു പായസം, ഇടിച്ചക്ക കട്ലറ്റ്, ഇടിച്ചക്ക ബീഫ് ചട്ടി ബിരിയാണി, ചക്കകൂനിൽ അച്ചാർ.… ചക്കയിലെ ഒന്നും തന്നെ കളയാനില്ല എന്നാണ് ബിബിൻഷായുടെ മൊഴി.
ചക്കയും വാഴക്കൂമ്പും കൊടപ്പനുമൊക്കെയാണ് ഈ അടുക്കളയിലെ താരങ്ങൾ.

നാടൻ അല്ലാത്തതൊന്നും ഇവിടെ കണ്ടില്ല. എന്നാൽ നാടൻ വിഭവങ്ങളെ നാടൻ ചട്ടിചോറായും വിദേശി കട്ലറ്റും പോക്കറ്റുമായും രൂപാന്തരപ്പെടുത്തുന്ന കാഴ്ച്ചയുമുണ്ട്. നോൺ വിഭവങ്ങൾ താരതമ്യേന കുറവായിരുന്നെങ്കിലും കുരുമുളക് ചേർത്ത താറാവ് പെരട്ടും കോഴിക്കുറുമയും നിറംകൊണ്ടും രുചികൊണ്ടും നാവിൽ രസമുകുളങ്ങൾ വിരിയിക്കുന്നുണ്ട്.  നാടൻ വിഭവങ്ങൾ തന്നെ വേണമെന്നായിരുന്നു രുചിമേളയിലെ മാനദണ്ഡങ്ങളിൽ ഒന്ന്. ഗൃഹാതുരത്വം ഉണർത്തുന്ന രുചികളെ അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക് കൊണ്ടു വരികയാണ് ഈ വീട്ടമ്മമാർ ചെയ്തത്. മത്സരത്തിൽ പങ്കെടുത്ത 8 പേരെ ഫൈനൽ മത്സരത്തിൽ തിരഞ്ഞെടുത്തു. ഏപ്രിൽ മാസത്തിലാണ് ഫൈനൽ മത്സരങ്ങൾ നടക്കുന്നത്.

Eng­lish sum­ma­ry: ‘Our Kitchen’ with nat­ur­al fla­vors