കൂടുതല്‍ അറിവുകള്‍ നേടുവാന്‍ കഴിയുന്ന രീതിയിലേക്ക് നമ്മുടെ വിദ്യാലയങ്ങള്‍ മാറുന്നു: പന്ന്യന്‍ രവീന്ദ്രന്‍

Web Desk
Posted on June 12, 2019, 9:25 pm

അടൂര്‍: ആധുനിക രീതിയില്‍ കൂടുതല്‍ അറിവുകള്‍ നേടുവാന്‍ കഴിയുന്ന രീതിയിലേക്ക് നമ്മുടെ വിദ്യാലയങ്ങള്‍ മാറുകയാണെന്ന് സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. എഐഎസ്എഫ് സ്‌കൂള്‍ മെമ്പര്‍ഷിപ് സംസ്ഥാനതല ഉദ്ഘാടനത്തിന്റെ പൊതുസമ്മേളനം അടൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം അധികാരത്തിലുള്ള കേരളം എന്നും ലോകത്തിനു മാതൃകയാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ വളരെ വികസിച്ചു.

പൊതു വിദ്യാഭ്യാസനിലവാരത്തില്‍ ഏറെ മുന്നിലായതിനാല്‍ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ വര്‍ധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരന്റെ മതം മനുഷ്യത്വമുളളതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മെമ്പര്‍ഷിപ് വിതരണോദ്ഘാടനം എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ അടൂര്‍ ബോയ്‌സ് എച്ച്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി മേഘമോള്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അരുണ്‍ ബാബു പ്രസംഗിച്ചു. എസ് അഖില്‍ അധ്യക്ഷത വഹിച്ചു. ബിബിന്‍ ഏബ്രഹാം സ്വാഗതം പറഞ്ഞു.