September 24, 2023 Sunday

നമ്മുടെ ഉറക്കം ജനാധിപത്യത്തെ ഹനിക്കുന്നു

അജിത് കൊളാടി
വാക്ക്
February 12, 2022 6:00 am

ഡച്ച് ചരിത്രകാരൻ ഫ്രാങ്ക് ഡിക്കോറ്റർ എഴുതിയ ‘ഹൗ ടു ബി എ ഡിക്റ്റേട്ടർ: ദ കൾട്ട് ഓഫ് പേഴ്സനാലിറ്റി ഇന്‍ ട്വന്റിന്‍ത് സെഞ്ചുറി’ എന്ന പുസ്തകത്തിൽ പറയുന്നു ‘സ്വയം നിർമ്മിക്കുന്ന പ്രതിച്ഛായയിൽ അഭിരമിച്ച് ഏകാധിപതികളിൽ പലരും അവരുടെ സ്തുതിപാഠകർ ചായം പൂശുന്ന, സ്വയം തീർക്കുന്ന ഒരു ലോകത്തേക്ക് വഴുതിപ്പോകും. തീരുമാനങ്ങളൊക്കെ എടുക്കുന്നത് അവർ മാത്രമായിരിക്കും. ഒടുവിൽ അവർ നേരിടുന്ന ഭീഷണി ജനങ്ങളിൽ നിന്നായിരിക്കില്ല. അവരിൽ നിന്നു തന്നെയാകും’. ജനാധിപത്യം ഒരു എതിർചലനമാണ്. രാഷ്ട്രത്തിൽ നിന്നുള്ള വ്യക്തി ജീവിതത്തിന്റെ സംരക്ഷണം അതാവശ്യപ്പെടുന്നു. അത് ഫാസിസത്തിനെതിരാണ്, യുദ്ധത്തിനെതിരാണ്, ഏകാധിപത്യത്തിനെതിരാണ്. പിടിച്ചടക്കലിന്റെയൊരവസ്ഥയിൽ സ്വാതന്ത്ര്യമില്ലല്ലൊ. സൗജന്യമായി എത്തിപ്പിടിക്കാൻ കഴിയാത്ത അറിവും സ്വതന്ത്രവും തുറന്ന ചർച്ചകൾക്കുള്ള സൗകര്യവും ലഭ്യമല്ലാത്ത ഏതു സാഹചര്യവും സ്വാതന്ത്ര്യത്തെയും തുല്യതയെയും അപൂർണമാക്കുന്നു. ജനാധിപത്യാശയങ്ങൾ പൂർണത കൈവരിക്കാൻ ഇതൊക്കെ അനിവാര്യമാണ്. ഏറ്റവും കടുത്ത രീതിയിൽ ആശയപരമായ വിമർശന സ്വാതന്ത്ര്യം അനുവദിക്കലാണ് ജനാധിപത്യം. അത് ആത്മാവിഷ്കാര സ്വാതന്ത്ര്യമാണ്. ജനാധിപത്യപരമായ ജനകീയ മുന്നേറ്റങ്ങളിൽ പ്രവർത്തിക്കുന്നത് ജനസഞ്ചയ ജനാധിപത്യമാണെങ്കിൽ ഫാസിസ്റ്റ് നയങ്ങളിൽ പ്രവർത്തിക്കുന്നത് അടിമകളുടെ കൂട്ട മനഃശാസ്ത്രമാണ്. മനുഷ്യർ അവരുടെ പോസിറ്റീവ് ജീവിതേച്ഛയെ നിഷേധാത്മക ശക്തികൾക്ക് അടിയറവുവച്ച് സ്വയം വരിക്കുന്ന അടിമത്തവും അതിന്റെ അന്ധമായ ആവേശവുമാണ് ഫാസിസത്തിന്റെ ഊർജം എന്ന് നാം വിസ്മരിച്ചു കൂടാ. ഇന്ന് ജനാധിപത്യം ഭരണാധികാരികൾക്ക് ഒരു ഭാരമാകുന്നു. നാം മൗലിക പ്രതിഭയില്ലാത്ത ഒരു ജനസമൂഹമായികൊണ്ടിരിക്കുന്നതുകൊണ്ടാണ് ഭരണാധികാരികൾ ഏകാധിപത്യത്തെ പുൽകുന്നത്. ഒരു ജനത ഒന്നിച്ചു നിൽക്കുന്നതിന് കാരണമായതെന്തൊക്കെയാണോ അതൊക്കെ ധർമ്മം ആണ് എന്ന് മഹാഭാരതം പറയുന്നു. ‘കരണാത് ധർമ്മ:’ എന്നാണ് പഴയ നിർവചനം. എന്നാൽ ഇപ്പോൾ ഒരു ജനത എന്ന നിലയ്ക്ക് നാം തകർന്നിരിക്കുന്നു. അത് അധർമ്മത്തിന്റെ വിലാസമാണ്. ഒരു രാഷ്ട്രത്തിന്റെ നട്ടെല്ല് എങ്ങനെ നിലനിർത്തണം എന്ന് നാം ഇന്നത്തെ അവസ്ഥയിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. ചിരകാലമായി അധാർമ്മികാഭിരുചി നാം കൊണ്ടു നടക്കുന്നു. അതിനെയാണ് നാം എത്രയോ കാലമായി അനീതി, അഴിമതി എന്നൊക്കെ പറയുന്നത്. മനുഷ്യരാണല്ലൊ ജനാധിപത്യത്തിന്റെ അടിസ്ഥാനം. ആ മനുഷ്യർക്കു തന്നെയാണ് പരമാധികാരവും. കാലം കഴിയുംതോറും അത് നിഷേധിക്കുന്ന ഭരണകൂടങ്ങൾ വർധിക്കുന്നു. ഇന്ന് ഏതു കർമ്മവീഥിയിലും ധർമ്മഭ്രംശം കാണാം. ജീവന്റെ നിഷേധമാണ് കറപ്ഷൻ. ഒരു ജനത പൊറുക്കുന്ന അധർമ്മങ്ങൾക്കനുസരിച്ച് കുറ്റം ചെയ്യുന്നു. ഒരു ജനത പൊറുക്കുന്ന അധർമ്മങ്ങളുടെ മാനദണ്ഡം വച്ചാണ് ആ ജനതയെ നാം വിലയിരുത്തേണ്ടത്. അങ്ങനെയാണെങ്കിൽ ഇന്ത്യയുടെ ചരിത്രത്തിൽ വന്ന ഏറ്റവും അധാർമ്മികമായ സമൂഹം നമ്മളായിരിക്കുമോ? അവതാരപുരുഷനെന്ന ഭാവേന, മൂലധനശക്തികളുടെ ഇഷ്ടതോഴരായി ”അച്ഛേദിൻ’ എന്ന സാങ്കല്പിക മുദ്രാവാക്യം മുന്നോട്ടുവച്ച്, പൗരാണികകാല പ്രതാപം അയവിറക്കി, അതിരു കടന്ന ദേശീയത പറഞ്ഞ്, മതവിദ്വേഷം പടർത്തി, മുന്നോട്ടുനീങ്ങുന്ന ഭരണാധികാരികൾ പ്രകടിപ്പിക്കുന്നത് തികഞ്ഞ സ്വേച്ഛാധിപത്യ പ്രവണതകളും മാനവികക്കെതിരായ നയങ്ങളും ആണ്. പ്രശസ്ത ഇറ്റാലിയൻ ചിന്തകനും എഴുത്തുകാരനും ആയ ഉമ്പർട്ടോ ഇക്കോ, പത്രസ്വാതന്ത്ര്യം മുസോളിനി നിരോധിച്ചതിനെക്കുറിച്ചും രാഷ്ട്രീയ അഭിപ്രായവ്യത്യാസമുള്ളവരെ നാടുകടത്തിയതിനെക്കുറിച്ചും മനുഷ്യാവകാശ ധ്വംസനത്തെക്കുറിച്ചും പലയിടങ്ങളിലും പറയുന്നുണ്ട്. ഇവിടെയും ഇതെല്ലാം നിഷേധിക്കപ്പെടുന്നു. ഉമ്പർട്ടോ ഇക്കോ, മുസോളിനിയുടെ കാലത്ത് എക്സിക്യൂട്ടീവ്, നിയമനിർമ്മാണസഭകളെ പാടെ അവഗണിച്ച്, പരമമായ അധികാരം കയ്യടക്കിയതിനെക്കുറിച്ച് പറയുന്നുണ്ട്. ഇന്ന് ഇന്ത്യയിലും പാർലമെന്റിനെ നോക്കുകുത്തിയാക്കി. അവിടെ ചർച്ചകളില്ല. സർക്കാരിനു ഇഷ്ടമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നു, അതിലൂടെ നുണകളുടെ പ്രവാഹത്തിനുവേണ്ടിയുള്ള വേദിയാക്കി ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിനെ. നീതി, സാഹോദര്യം, മതേതരത്വം, സമത്വം, സ്വാതന്ത്ര്യം മുതലായ ആദർശങ്ങൾ നക്ഷത്രങ്ങളെപ്പോലെ പരിഭ്രമണം ചെയ്യുന്ന ക്ഷീരപഥമാണ് ഭരണഘടന .


 ഇതുകൂടി വായിക്കാം; ജനാധിപത്യം പ്രതിസന്ധിയിൽ


ആ ഭ്രമണപഥത്തിൽ നിന്ന് ഇന്ത്യയുടെ നിയമ ഭ്രമണത്തെ ഭ്രംശിപ്പിച്ച് അനീതി മണ്ഡലമാക്കി മാറ്റാൻ അധികാര കേന്ദ്രങ്ങളും അവരുടെ സാമ്പത്തിക കോട്ടകളും ആഭിചാരം നടത്തുമ്പോൾ അവരുടെ പൈശാചിക ഹോമങ്ങൾക്ക് മംഗളമണി മുഴക്കേണ്ടവരല്ല ജനങ്ങൾ. നമ്മൾ ഉറക്കം അവസാനിപ്പിക്കണം. സമ്പത്തിനെ മാത്രം പ്രധാനമായി കാണുന്ന ഭരണാധിപരും നീതിന്യായ സ്ഥാപനങ്ങളും അധികരിക്കുമ്പോൾ ജനാധിപത്യം എവിടെ? ഒരു സത്യം മനസിലാക്കിയെ മതിയാകൂ. സകല ജീവരാശികൾക്കും പൊതുവിൽ അവകാശപ്പെട്ടതും മനുഷ്യത്വ പ്രാപ്തിയോടുകൂടി മാത്രം സമ്പൂർണമായി സമ്പാദിക്കുവാൻ കഴിയുന്നതുമായ ഒന്നാണ് സ്വാതന്ത്ര്യം. അത് എല്ലാവർക്കും വേണം. മനുഷ്യരുടെമേൽ ചുരുക്കം ചിലർ, അവരുടെ അഭിപ്രായം അടിച്ചേല്പിക്കലല്ല ജനാധിപത്യവും സ്വാതന്ത്ര്യവും. ഇവിടെ തെരുവുകളിൽ അരങ്ങേറുന്നത് അസഹിഷ്ണുതയാണ്. വേഷത്തിന്റെ പേരിലും വിശ്വാസത്തിന്റെ പേരിലും അസഹിഷ്ണുത. ഒരു പ്രത്യേക മതത്തിൽ ജനിച്ചുവെന്ന കാരണംകൊണ്ട് ഒരു വിഭാഗം ജനങ്ങൾക്ക് ഭയചകിതരായി ജീവിക്കേണ്ടി വരുന്നദുസ്ഥിതി അചിന്തനീയമാണ്. ചില ജനവിഭാഗങ്ങൾക്ക് ഇന്നലെ വരെ സാധാരണമായിരുന്ന ജീവിതം ഇന്നത്തെ രാഷ്ട്രീയപരിതോവസ്ഥയിൽ ഭയാനകമായി മാറുന്നു. ജനാധിപത്യം സുതാര്യതയാണ്. ഏത് നിയമവും നിയമഭേദഗതിയും ഗഹനമായി നിയമനിർമ്മാണ സഭയിൽ ചർച്ച ചെയ്യപ്പെടണം. ഭരിക്കുന്നവർ മാത്രം ചർച്ച ചെയ്താൽ പോരാ. ഭരണകൂടാധികാരത്തിന് ബദലായി ജനകീയാധികാരം ആണ് ഗാന്ധിജി ഉയർത്തിപ്പിടിച്ചത്. അതുകൊണ്ടാണ് പാർലമെന്ററി സ്വരാജിൽനിന്ന് യഥാർത്ഥ സ്വരാജിനെ ഗാന്ധി മാറ്റി നിർത്തിയത്. ഭരണകൂടാധികാര സങ്കല്പം ജനങ്ങളുടെ അധികാരത്തെ തമസ്ക്കരിക്കുന്നു. ഭരണകൂട പരമാധികാരം ഈ കാലത്ത് ജനങ്ങളെ അധികാരമില്ലാത്ത പ്രജകളായി മാത്രം കാണുന്നു. ഇതല്ല ഗാന്ധി കണ്ട രാഷ്ട്രീയവും ജനാധിപത്യവും. ഭരണഘടനയുടെ ആമുഖത്തിൽ ജനാധിപത്യത്തിന്റെ അടിസ്ഥാന സത്യങ്ങൾ ഉണ്ട്. അത് ഇന്ന് പുസ്തക രൂപത്തിലുണ്ട്. പക്ഷെ ഇന്ന് ആ അടിസ്ഥാന സത്യങ്ങൾ നാട്ടിൽനിന്നും നിത്യേന അപ്രത്യക്ഷമാകുന്നു. അതിനാൽ തന്നെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. ജനത വളരേണ്ടത് ധർമ്മസമരങ്ങളിലൂടെയാണ്. ചെറുതാണ് വലുതെന്ന ചിന്ത കാറൽമാർക്സിലും ഗാന്ധിജിയിലും പ്രബലമായി പ്രവർത്തിച്ചു. ചെറിയ മനുഷ്യരുടെ സ്വാതന്ത്ര്യം അവർ കാംക്ഷിച്ചു. സമത്വത്തിനുവേണ്ടി അവർ നിലകൊണ്ടു. ചെറുത് ചെറുതല്ലെന്നും ചെറുതാക്കപ്പെട്ടതാണെന്നും ഉള്ള യുക്തിയാണ് ഈ മഹാത്മാക്കളുടെ ചിന്തകളെ ബന്ധിപ്പിക്കുന്ന ഏറ്റവും കരുത്തുറ്റ കണ്ണി. സാധാരണ ജനങ്ങളുടെ ജീവിതമായിരുന്നു അവരുടെ മുന്നിൽ. ഇന്ന് സാധാരണക്കാരന്റെ ശബ്ദം കേൾക്കാൻ എത്രപേരുണ്ട്? ജനാധിപത്യം പരിഹാസമാകുന്നുവോ? ചിന്തകർ പണ്ടെ പറഞ്ഞു ‘മനുഷ്യന് നീതിമാനാകാമെന്നതിനാൽ ജനാധിപത്യം സാധ്യമാണ്; അവന് അനീതിയോട് ചായ്‌വുള്ളതിനാൽ ജനാധിപത്യം അനിവാര്യമാണ്’. ജനാധിപത്യവ്യവസ്ഥ അഴിമതി നിറഞ്ഞതും രാഷ്ട്രീയ സാമൂഹ്യ മത പ്രവർത്തകരുടെ ലാഭവർധനക്കുള്ള വെറും സംവിധാനമാക്കുകയും ചെയ്താലുള്ള അവസ്ഥ ചരിത്രത്തിലെ അഭിശപ്ത കാലഘട്ടമായിരുന്ന ‘ഇരുണ്ട യുഗ’ത്തെയാവും തിരിച്ചു കൊണ്ടുവരിക. അധികാരികൾ മൂലധന ശക്തികളുമായി അടുത്ത ബന്ധം പുലർത്തുമ്പോൾ, ജനാധിപത്യം അവസാനിക്കും. ലാഭം, കൂടുതൽ ലാഭം; അതിലുമേറെ പ്രലോഭനീയമായി മറ്റെന്തുണ്ട് സ്വകാര്യ കുത്തകകൾക്കു മുന്നിൽ? ആ ലാഭം നേടാൻ അവർ എന്തും ചെയ്യും എന്ന് നിത്യസംഭവങ്ങൾ നമുക്ക് കാണിച്ചുതന്നുകൊണ്ടിരിക്കുന്നു. ജനങ്ങൾ മതസ്പർധയിലും വേഷധാരണ രീതിയിലും ഭക്ഷണ രീതിയിലും പ്രാർത്ഥനാ രീതികളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഈ കോലാഹലങ്ങളൊന്നും കോർപറേറ്റുകള ബാധിക്കുന്നില്ല. അവർ എന്നും ലാഭംകൊയ്യുന്നു. തങ്ങളുടെ ചൂഷണം ജനം ശ്രദ്ധിക്കാതിരിക്കാൻ മേൽപറഞ്ഞ വിവാദങ്ങൾ ഉണ്ടാക്കാൻ അവർ വേണ്ടപ്പെട്ടവരെ സഹായിക്കുന്നു. ഇതെല്ലാം നടക്കുമ്പോൾ ഉറക്കത്തിൽ നിന്ന് ഉണരണം നാം. നമ്മൾ ഒരു പുതിയ ആകാശത്തേക്ക് നോക്കണം. മനുഷ്യ ജീവതത്തിന്റെ സർഗാത്മക വളർച്ചയെ നിഷേധിക്കുന്നവർക്കെതിരെ പോരാടണം. ഏറ്റവും വലിയ അടുപ്പം വിശ്വാസവും സ്നേഹവുമാണ്. അതാണ് ഈ രാജ്യം നമ്മെ പഠിപ്പിച്ചത്. ഇന്നു വരെ ഭരണത്തിന്റെ അടുത്ത് പ്രവേശിക്കുവാൻ ഈ രാജ്യത്തെ അവസാനത്തെ മനുഷ്യർക്ക് സാധിച്ചിട്ടില്ല. അത് സാധിക്കാൻ ജനങ്ങളുടെ ഐക്യം അനിവാര്യം. ജനങ്ങളാണ് ജനാധിപത്യത്തിൽ പരമാധികാരി എന്ന അടിസ്ഥാന തത്വമാണ് നമ്മെ നയിക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.