ആലപ്പുഴ: തെളിമയുള്ള തൈക്കാട്ടുശേരി പദ്ധതി വഴി പ്ലാസ്റ്റിക് മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ് തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്. അജൈവ മാലിന്യ നിർമാർജനത്തിനായുള്ള പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെയും ഹരിത കർമ്മ സേന പ്രവർത്തകരുടെയും നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസുകൾ, പ്ലാസ്റ്റിക് വലിച്ചെറിയൽ മുക്തപ്രതിജ്ഞ, ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് പദ്ധതി വഴിയുള്ള മാലിന്യ ശേഖരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടത്തുന്നത്. ഇതുവഴി 15 വാർഡുകളിലും പ്ലാസ്റ്റിക് ശേഖരണത്തിലും യൂസർ ഫീ കളക്ഷനിലും 100% നേട്ടം കൈവരിക്കാൻ പഞ്ചായത്തിന് സാധിച്ചു. സർക്കാർ സ്ഥാപനമായ കെൽട്രോണുമായി സഹകരിച്ചാണ് പഞ്ചായത്തിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്ലിക്കേഷൻ പദ്ധതി നടപ്പാക്കിയത്. നിലവിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ക്യു. ആർ കോഡ് പതിപ്പിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മാലിന്യം ശേഖരിക്കുന്ന സ്ഥലങ്ങളിൽ ക്യൂ. ആർ കോഡ് പതിപ്പിച്ച് മാലിന്യ ശേഖരണം കൂടുതൽ കാര്യക്ഷമമാക്കാൻ പദ്ധതിയിലൂടെ ഹരിതകർമ സേനാംഗങ്ങൾക്ക് കഴിയും. കൂടാതെ മാലിന്യശേഖരത്തിന്റെ അളവ്, ശേഖരിച്ച ദിവസം, അടച്ച തുക എന്നിവയും ഇതിലൂടെ അറിയാം. ഹരിത കർമ്മ സേന പ്രവർത്തകർ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ട് എത്തിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നത്. ഓരോ മാസവും മുടങ്ങാതെ മാലിന്യങ്ങൾ ശേഖരിക്കും. മാലിന്യ ശേഖരണം കൂടുതൽ കാര്യക്ഷമമാക്കാൻ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മിനി എം. സി. എഫുകൾ സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കി വരികയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംബരൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.