സംസ്ഥാനത്തെ ആദ്യത്തെ ഔട്ട്ഡോർ എസ്കലേറ്റർ കം ഓവർ ബ്രിഡ്ജ് ഉദ്ഘാടനം സജ്ജമായി. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച എസ്കലേറ്റർ മേൽപ്പാലത്തിന്റെ ഉദ്ഘാടനം നവംബർ ഒന്നിന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവ്വഹിക്കും. നഗര നവീകരണത്തിന്റെ ഭാഗമായി രാജാജി റോഡിലെ തിരക്കേറിയ ഭാഗത്ത് സ്ഥിരമായുണ്ടാവുന്ന ഗതാഗത കുരുക്ക് കുറയ്ക്കാനാണ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോർപ്പറേഷൻ എസ്കലേറ്റർ കം ഓവർ ബ്രിഡ്ജ് നിർമ്മാണം ആരംഭിച്ചത്.
25.37 മീറ്റർ നീളവും 3 മീറ്റർ വീതിയും 6.5 മീറ്റർ ഉയരത്തിലുമാണ് മേൽപ്പാല നിർമ്മാണം. യാത്രക്കാർക്ക് ഒരേ സമയം പുതിയ ബസ് സ്റ്റാൻഡിലേക്ക് ഇറങ്ങാനും തിരിച്ചു കയറാനും ഇതിലൂടെ സാധിക്കും. ഇരുവശങ്ങളിലും എസ്കലേറ്ററും ലിഫ്റ്റും ഉണ്ട്. ലിഫ്റ്റിൽ ഒരു സമയം പതിമൂന്നു പേർക്ക് കയറാം. എസ്കലേറ്ററിൽ മണിക്കൂറിൽ 11700 പേർക്ക് പോകാനാകും.
നടപ്പാലത്തിൽ ഒരേ സമയം 300 പേർക്കും കയറാം. പടികളിൽ ഗ്രാനൈറ്റ് വിരിച്ചിട്ടുണ്ട്. മേൽക്കൂരയിൽ ഷീറ്റിടലും പാലത്തിന്റെ ഭിത്തികളിൽ ഗ്ലാസിടലും പൂർത്തിയായി. 11.5 കോടി ചെലവിട്ട് നിർമ്മിച്ച പാലത്തിന്റെ അവസാന ഘട്ട ഇലക്ട്രിക്കൽ ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു നിർമ്മാണ ചുമതല. മൂന്നു വർഷത്തെ പരിപാലനവും കൂടി ഉൾപ്പെടുുത്തിയാണ് കരാർ. കഴിഞ്ഞ മാസം തുറന്നുകൊടുക്കാമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോവിഡ് ഉൾപ്പെടെയുള്ള സാഹചര്യങ്ങളാൽ നിർമ്മാണം നീണ്ടുപോവുകയായിരുന്നു.
നേരത്തെ റോഡിന് കുറുകെ നടപ്പാലം സ്ഥാപിച്ചിരുന്നു. എന്നാൽ പടി ചവിട്ടി പാലത്തിലെത്തുക ബുദ്ധിമുട്ടായതോടെ യാത്രക്കാർ ഇതിലൂടെയുള്ള സഞ്ചാരം ഉപേക്ഷിച്ചു. പിന്നീട് വർഷങ്ങളോളം ഈ പാലം ഉപയോഗ ശൂന്യമായി കിടന്നു. ദേശീയ ഗെയിംസിനോട് അനുബന്ധിച്ചാണ് ഇത് പൊളിച്ചു നീക്കിയത്. തുടർന്നാണ് ആധുനിക സംവിധാനങ്ങളോടെ ഔട്ട്ഡോർ എസ്കലേറ്റർ കം ഓവർ ബ്രിഡ്ജ് നിർമ്മിക്കാൻ കോർപ്പറേഷൻ തീരുമാനമെടുത്തത്.
English summary; outdoor escalator com over bridge inaguration
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.