September 28, 2022 Wednesday

സൈനിക കാന്റീനില്‍ നിന്ന് ആയിരത്തിലേറെ സ്വദേശി ഉല്പന്നങ്ങള്‍ പുറത്ത്

Janayugom Webdesk
June 1, 2020 3:58 pm

ന്യൂഡല്‍ഹി: രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന ആയിരത്തിലേറെ ഉല്പന്നങ്ങള്‍ ഇനി മുതല്‍ രാജ്യത്തെ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ ക്യാന്റീനുകളില്‍ ലഭ്യമാകില്ല. സ്വദേശി ഉല്പന്നങ്ങള്‍ മാത്രം ലഭ്യമാകുന്ന കാന്റീനുകളില്‍ നിന്നാണ് ഇവ അപ്രത്യക്ഷമായിരിക്കുന്നത്.
ആഭ്യന്തരവ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസം ഒന്നുമുതല്‍ തദ്ദേശീയ ഉല്പന്നങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ എന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് ഇവ പടിക്ക് പുറത്തായിരിക്കുന്നത്.
ന്യൂട്ടില്ല, കിന്‍ഡര്‍ ജോയി, ടിക് ടാക്, ഹോര്‍ലിക്സ് ഓട്സ്, യൂറേക്ക ഫോബ്സ്, ടോമി ഹില്‍ഫിഗര്‍ ഷര്‍ട്ട്, അഡിഡാസ് ബോഡി സ്പ്രേ, ചില കമ്പനികളുടെ മൈക്രോവേവ് ഓവനുകള്‍, നിരവധി വീട്ടുപകരണങ്ങള്‍ തുടങ്ങിയവയാണ് ഇന്ന് മുതല്‍ ഇത്തരം കാന്റീനുകളില്‍ ലഭ്യമാകാത്തത്.
ഇപ്പോള്‍ ഇത്തരം കാന്റീനുകളില്‍ നിന്ന് എഴുപത് ശതമാനത്തോളം പേര്‍ സാധനങ്ങള്‍ വാങ്ങുന്നുണ്ട്. എന്നാല്‍ പുതിയ നിയന്ത്രണങ്ങളോടെ ഇത് മുപ്പത് മുതല്‍ നാല്‍പ്പത് ശതമാനം വരെയാകുമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും അധികം ആവശ്യക്കാരുള്ള പല ഉല്പന്നങ്ങളും ഒഴിവാക്കല്‍ പട്ടികയില്‍ പെട്ടിട്ടുണ്ട്.
മൂന്ന് വിഭാഗങ്ങളിലായാണ് സാധനങ്ങളെ തിരിച്ചിരിക്കുന്നത്. പൂര്‍ണമായും രാജ്യത്ത് ഉല്പാദിപ്പിക്കുന്നത്, അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുകയും ഇവിടെ ഉല്പാദിപ്പിക്കുകയും ചെയ്യുന്നവ, പൂര്‍ണമായും ഇറക്കുമതി ചെയ്യുന്നവ എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്.
പ്രതിവര്‍ഷം 2,800 കോടിയുടെ വില്‍പ്പനയാണ് അര്‍ദ്ധസൈനിക വിഭാഗത്തിന്റെ കാന്റീനുകള്‍ വഴി നടക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.