ഗുജറാത്തിലെ സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 13,000 നവജാതശിശുക്കൾ ചികിത്സയ്ക്കിടെ മരിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാന നിയമസഭയില്‍ ചോദ്യോത്തര വേളയിൽ കോൺഗ്രസ് എംഎൽഎമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയാണ് ഉപമുഖ്യമന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയുമായ നിതിൻ പട്ടേൽ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ നവജാതശിശു സംരക്ഷണ യൂണിറ്റുകളിൽ (എസ്എൻസിയു) ദിവസേന ശരാശരി 18 നവജാതശിശുക്കൾ ചികിത്സയ്ക്കിടെ മരിച്ചതായി സംസ്ഥാന സർക്കാർ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. അഹമ്മദാബാദ് ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 3,134 നവജാതശിശുക്കളാണ് ഇവിടെ മരിച്ചത്. എന്നാൽ മഹിസാഗർ, അരവല്ലി, ബോട്ടാഡ്, ആനന്ദ്, ദേവഭൂമി-ദ്വാരക ജില്ലകളിൽ ശിശുമരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്തൊട്ടാകെയുള്ള 1.06 ലക്ഷം ശിശുക്കളെയാണ് കൂടുതൽ ചികിത്സയ്ക്കായി ശിശു സംരക്ഷണ യൂണിറ്റുകളിൽ പ്രവേശിപ്പിച്ചത്. ഇതിൽ 69,000 ശിശുക്കൾ സർക്കാർ ആശുപത്രികളിൽ ജനിച്ചവരാണ്. അതേസമയം 38,000 ശിശുക്കൾ ജനിച്ചത് മറ്റ് ആശുപത്രികളിലാണെങ്കിലും ശിശു സംരക്ഷണ യൂണിറ്റുകളിൽ ചികത്സയ്ക്ക് നിർദ്ദേശിച്ചിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ചികിത്സയും മരുന്നുകളും ശിശു സംരക്ഷണ യൂണിറ്റുകളിൽ സൗജന്യമായി നൽകിയിട്ടും കുട്ടികളെ രക്ഷ്ക്കാൻ കഴിയാത്തത് ആശുപത്രി അധികൃതരുടെയും സർക്കാരിന്റെയും അനാസ്ഥയാണെന്നും നിതിൽ പട്ടേൽ വ്യക്തമാക്കി.
ശിശു സംരക്ഷണ യൂണിറ്റുകളിൽ ഒഴിവുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും തസ്തിക നികത്തുന്നതിനും ആവശ്യമായ ഉപകരണങ്ങൾ ആശുപത്രിക്ക് എത്രയും വേഗം നൽകുന്നതിനും സംസ്ഥാന സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ENGLISH SUMMARY: OVER 13,000 INFANTS DIED IN GUJARATH
YOU MAY ALSO LIKE THIS VIDEO