പെയിന്‍റടിക്കാന്‍ കീരികളെ കൊന്നൊടുക്കുന്നു

Web Desk
Posted on December 13, 2018, 10:32 am
ന്യൂഡൽഹി: രാജ്യത്തുടനീളം നടത്തിയ റെയ്ഡില്‍ കീരി രോമംകൊണ്ട് നിര്‍മ്മിച്ച 3500 പെയിന്‍റിംഗ് ബ്രഷുകള്‍ പിടിച്ചെടുത്തു. ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ 13 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ബ്രഷുകള്‍ പിടിച്ചെടുത്തത്.
കീരികളെ കൊന്നൊടുക്കി ബ്രഷ് നിര്‍മ്മാണം നടത്തുന്നത് രാജ്യത്ത് വ്യാപകമാണ്. ഇതുമായി ബന്ധപ്പെട്ട് വൈൾഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്ക്  ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. വിദേശ മാര്‍ക്കറ്റുകളില്‍ കീരികളുടെ രോമം കൊണ്ട് ഉണ്ടാക്കുന്ന ബ്രഷിന് ആവശ്യക്കാര്‍ ഏറെയാണ്. മറ്റ് ബ്രഷുകളെ അപേക്ഷിച്ച് കൂടുതല്‍ ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഇവയുടെ പ്രത്യേകത.
ബ്രഷ് നിർമാണത്തിനു വിൽക്കുന്ന കീരി രോമത്തിനു കിലോയ്ക്ക് 3000 മുതൽ 5000 രൂപ വരെയാണ് വില. ഒരു കിലോ രോമത്തിനായി 50 കീരികളെയെങ്കിലും കൊന്നൊടുക്കണമെന്നാണു കണക്ക്. ഇവയെ കൊല്ലുകയോ രോമമെടുക്കുകയോ ചെയ്തതായി തെളിഞ്ഞാൽ 7 വർഷം വരെ തടവും 10,000 രൂപ വരെ പിഴയും ശിക്ഷയുണ്ട്. ഇത്തരം ബ്രഷ് ഉപയോഗിക്കുന്നതിൽ ആളുകൾ സ്വയം പിന്മാറണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.