February 5, 2023 Sunday

Related news

October 24, 2020
September 23, 2020
September 10, 2020
September 4, 2020
September 3, 2020
July 27, 2020
July 24, 2020
July 22, 2020
July 17, 2020
July 16, 2020

ഈ കൊറോണ കാലം നമുക്ക് നേരിടാം സർഗാത്മകമായി തന്നെ

Janayugom Webdesk
March 28, 2020 12:41 pm

നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വീടുകളിൽ ഒതുങ്ങിക്കഴിയുകയാണ് എല്ലാവരും. വിരസമാവുന്ന ഈ ദിവസങ്ങളെ സർഗാത്മകമായി ഉപയോഗിക്കുകയാണ് ഒരു വീട്ടമ്മ. കൊയിലാണ്ടി കുറുവങ്ങാട് മാവിൻ ചുവട്ടിൽ സുമയ്യ വീട്ടിൽ താമസിക്കുന്ന ഷൈമയാണ് കോവിഡ് കാലത്ത് വീട്ടിലിരുന്ന് അതി മനോഹരങ്ങളായ കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നത്. ഷൈമ നിർമ്മിക്കുന്ന മാലകൾക്ക് കൊറോണക്കാലത്തും ആവശ്യക്കാരുണ്ട്. നൂറ് മുതൽ അയ്യായിരം രൂപ വരെ വില വരുന്ന മാലകളാണ് ഇവരുണ്ടാക്കുന്നത്. സമയം വെറുതെ പാഴാക്കരുത് എന്ന ചിന്തയിൽ നിന്നാണ് മാല നിർമ്മാണം തുടങ്ങിയതെന്ന് ഷൈമ പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞ് കരുനാഗപ്പള്ളിയിലെ കടക്കാരും മാലകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്.

കൊറോണക്കാലം കഴിഞ്ഞാൽ അവർക്കും മാലകൾ എത്തിച്ചു നൽകുമെന്നും ഇവർ വ്യക്തമാക്കുന്നു. ഒരാഴ്ച കൊണ്ട് ഇരുന്നൂറ്റമ്പതോളം മനോഹരമായ മാലകൾ ഇവർ നിർമ്മിച്ചിട്ടുണ്ട്. ഈ മാസം പത്തിനാണ് ഇവർ കരുനാഗപ്പള്ളി തഴവ, കടത്തൂരിലെ മല്ലശ്ശേരി തെക്കേതിൽ എന്ന സ്വന്തം വീട്ടിലെത്തിയത്. കൊറോണയുടെ പശ്ചാത്തലത്തിൽ കൊയിലാണ്ടിക്ക് മടങ്ങിപ്പോകാൻ കഴിഞ്ഞില്ല. ഇതോടെ പാഴായിപ്പോകുന്ന ദിനങ്ങളെ ഇവർ സമർത്ഥമായി ഉപയോഗപ്പെടുത്തുകയായിരുന്നു. മാല നിർമ്മാണത്തിനുള്ള മെറ്റീരിയലുകൾ കൊല്ലത്തുനിന്നും സംഘടിപ്പിച്ചു. മൂന്നു മക്കളും മാല നിർമ്മാണത്തിന് സഹായത്തിനുണ്ട്. ചെറുപ്പത്തിൽ തന്നെ കരകൗശല വസ്തുക്കളോട് താത്പര്യമായിരുന്നു. പിന്നെ സ്വന്തമായി ഓരോന്ന് നിർമ്മിച്ചു തുടങ്ങി. മെറ്റീരിയൽസ് കിട്ടുന്ന സ്ഥലങ്ങൾ അന്വേഷിച്ചു പോയി. ഫോട്ടോ നോക്കിയാണ് നെറ്റിപ്പട്ടം ഉണ്ടാക്കിത്തുടങ്ങിയത്. ഇപ്പോൾ സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും നെറ്റിപ്പട്ടം വാങ്ങാനായി ആളുകൾ എത്തുന്നുണ്ട്.

ഫ്ലവർ ബോട്ടിൽ ആർട്ടും ഇവർ ചെയ്തു വരുന്നുണ്ട്. ഇതെല്ലാം കൊയിലാണ്ടി ലിങ്ക് റോഡിലെ പൊന്നൂസ് ഫാൻസി വഴിയായിരുന്നു വിൽപന നടത്തിയിരുന്നത്. നെറ്റിപ്പട്ട നിർമ്മാണത്തിലും ആഭരണ നിർമ്മാണത്തിലും കുട്ടികൾക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. ഇതിനകം നൂറോളം ക്ലാസുകൾ എടുത്തു കഴിഞ്ഞു. കൊറോണക്കാലം കഴിഞ്ഞാൽ മാല നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇവരുടെ തീരുമാനം. ജനങ്ങളെ ചേർത്തു നിർത്തുന്ന സർക്കാറിനൊപ്പം ഈ ദുരിത കാലത്തെയും നമ്മൾ അതിജീവിക്കുമെന്ന് ഷൈമ പറയുന്നു. രോഗത്തെ നേരിടാൻ നിർബന്ധമായും വീട്ടിലിരിക്കുക. വിരസതയെ അതിജീവിക്കാൻ സർഗാത്മകമായ എന്തെങ്കിലും കാര്യങ്ങൾ ചെയ്യുക. അത് പിന്നീട് നമ്മുടെ ജീവിതത്തിൽ തന്നെ മാറ്റമുണ്ടാക്കുമെന്നും ഈ വീട്ടമ്മ വ്യക്തമാക്കുന്നു.

You may also like this video…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.