Janayugom Online
Heidi Sadiya- Janayugom

പ്രതിബന്ധങ്ങളെ അതിജീവിച്ച്…

Web Desk
Posted on July 26, 2018, 10:13 pm

അതുല്യ എന്‍ വി

തിരുവനന്തപുരം: ഹെയ്ദി സാദിയ…മനസ്സും ശരീരവും കൊണ്ട് മാറ്റങ്ങള്‍ക്ക് തയ്യാറായവള്‍.. സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതിയെയും കാഴ്ചപ്പാടുകളെയും തോല്‍പ്പിച്ച് സര്‍വലിംഗക്കാര്‍ക്കും മാതൃകയായ ട്രാന്‍സ്‌ജെന്‍ഡര്‍. ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളോടും പൊരുതി ജയിച്ച ഹെയ്ദിക്ക് മാധ്യമപ്രവര്‍ത്തകയാകാനാണ് ആഗ്രഹം.. നേരും നെറിവോടും കൂടി സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തക. ഇന്നവള്‍ തിരുവനന്തപുരം പ്രസ്സ്‌ക്ലബ്ബ് നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം പുതിയ ബാച്ചില്‍ ഇലക്‌ട്രോണിക് ജേര്‍ണലിസം വിദ്യാര്‍ഥിയാണ്. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേര്‍ണലിസം വിദ്യാര്‍ഥിയും.

തൃശ്ശൂര്‍ സ്വദേശിയായ 21 വയസ്സുള്ള ഹെയ്ദി സാദിയ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നെ നയാണ്‍ എന്ന ആണ്‍കുട്ടിയായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ സ്വന്തം സ്വത്വം അവള്‍ മനസ്സിലാക്കിയിരുന്നെങ്കിലും ശാരീരികമായ മാറ്റം വന്നുതുടങ്ങിയത് 15-ാം വയസ്സിലാണ്. സ്വാഭാവികമായും വീട്ടിലും നാട്ടിലുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അവളേയും അലട്ടി.. ഒടുവില്‍ 18-ാം വയസ്സില്‍ നാട് വിട്ടു.. പിന്നീടങ്ങോട്ട് സര്‍ജറി ചെയ്യാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പായിരുന്നു. ബാംഗ്ലൂരിലും ഡല്‍ഹിയിലുമായി കുറേ നാളുകള്‍ ..പൂര്‍ണമായും സ്ത്രീയായി പരിവര്‍ത്തനം ചെയ്‌തെന്നു ബോധ്യപ്പെട്ടതിന് ശേഷം തിരിച്ച് നാട്ടിലേക്ക്… കൊച്ചിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയായ ദ്വയയുടെ ഭാരവാഹികളായ രഞ്ജുരഞ്ജിമാര്‍, സൂര്യ ഇഷാന്‍, ഹരിണി ചന്ദന തുടങ്ങിയവര്‍ ആണ് തന്റെ രണ്ടാം ജന്‍മത്തിന് എല്ലാ പിന്തുണയും നല്‍കിയതെന്ന് ഹെയ്ദി പറയുന്നു. ദ്വയയുടെ നാടക ഗ്രൂപ്പിലും ഷോര്‍ട്ട്ഫിലിമിലുമെല്ലാം അഭിനയിച്ച് മികവ് പ്രകടിപ്പിച്ചിരുന്നു.

എറണാകുളം സെന്റ്‌തെരാസസ് കോളജില്‍ നിന്നും ബിരുദമെടുത്തതിന് ശേഷമാണ് ജേര്‍ണലിസം പഠിക്കാനായി തലസ്ഥാനത്തേക്ക് വരുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഒരു പരിഗണനയും വാങ്ങിക്കാതെ പൊതുവിഭാഗത്തില്‍ അപേക്ഷിച്ച് എന്‍ട്രന്‍സ് പരീക്ഷയില്‍ 18-ാം റാങ്ക് നേടിയാണ് ഹെയ്ദി അഡ്മിഷന്‍ നേടിയത്.

ഒരു പക്ഷേ സമൂഹത്തിന് തന്നേയോ തന്റെ തീരുമാനങ്ങളെയോ അംഗീകരിക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ എനിക്ക് തലയുയര്‍ത്തി തന്നെ ജീവിക്കണം. ഹെയ്ദിയുടെ വാക്കുകള്‍ക്ക് ഉറച്ച തീരുമാനത്തിന്റെ കരുത്തുണ്ട്. താനുള്‍പ്പെടുന്നവിഭാഗത്തിന്റെയും പൊതുസമൂഹത്തിന്റെയും ക്ഷേമവും നന്‍മയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ മാധ്യമപ്രവര്‍ത്തനം സഹായകമാകുമെന്ന പ്രതീക്ഷയ്ക്ക് തകര്‍ക്കാന്‍ കഴിയാത്ത ആത്മവിശ്വാസത്തിന്റെ നേരുണ്ട്.