കടുത്തുരുത്തി വാലാച്ചിറയിൽ മേൽപ്പാലം

Web Desk
Posted on September 23, 2020, 12:59 pm

കടുത്തുരുത്തി നിവാസികളുടെ ചിരകാലാഭിലാഷം കിഫ്ബിയിലൂടെ പൂവണിയുന്നു. വാലാച്ചിറയിൽ റെയിൽവേ ഗേറ്റിന് പകരം മേൽപ്പാലം വരുന്നു. കടുത്തുരുത്തിയിൽനിന്ന് മധുരവേലി, എഴുമാന്തുരുത്ത്, കക്കത്തുമല, ആയാംകുടി, കപിക്കാട്, ആദിത്യപുരം ക്ഷേത്രം, വാലാച്ചിറ, മേട്ടുംപാറ തുടങ്ങി നിരവധി ഗ്രാമപ്രദേശങ്ങളിലേക്കും തിരിച്ച് കടുത്തുരുത്തി ടൗണിലേക്കും യാത്രചെയ്യുന്നവർ ട്രെയിൻ വരുമ്പോൾ റെയിൽവേ ഗേറ്റ് അടയ്ക്കുന്നതുമൂലമുള്ള പലപ്പോഴും യാത്രാക്ലേശം അനുഭവിക്കാറുണ്ട്. പലപ്പോഴും ഗേറ്റ് അടച്ചിടുന്നതുമൂലം ഗേറ്റിന്റെ ഇരുവശങ്ങലും വാഹനങ്ങളുടെ നീണ്ടനിര ഗതാഗതക്കുരുക്ക് ഉണ്ടാക്കാറുണ്ട്. ഈ അവസ്ഥയ്ക്കുള്ള പരിഹാരവുമായി കിഫ്ബി എത്തുന്നതോടെ പ്രതീക്ഷയിലാണ് നാട്ടുകാർ.

കിഫ്ബി 19.33 കോടി രൂപയാണ് റെയിൽവേ മേൽപാല നിർമാണ പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള അനുബന്ധ പ്രവർത്തനങ്ങൾ പൂർത്തിയായാൽ ദർഘാസ് ചെയ്യും. റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപറേഷനെയാണ് കടുത്തുരുത്തി റെയിൽവേ മേൽപാലം നിർമ്മാണ ചുമതല. പരമാവധി ചെലവ് കുറച്ചും സ്ഥലവാസികൾക്കും വീടുകൾക്കും ബുന്ധിമുട്ടുണ്ടാകാത്തവിധത്തിലുമാണ് വിശദമായ പദ്ധതി രേഖ (ഡിപിആർ) തയ്യാറാക്കിയിട്ടുള്ളത്. കടുത്തുരുത്തി മേൽപാലം സ്ഥലമെടുപ്പ് കാര്യങ്ങൾക്കുവേണ്ടി 2.5 കോടി രൂപയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കുറുപ്പന്തറയിൽ മാഞ്ഞൂർ റെയിൽവേമേൽപ്പാലവും അപ്രോച്ച് റോഡും പൂർത്തീകരിക്കുന്നതിനും കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ട്.

പദ്ധതിയ്ക്കായി 30. 56 കോടി രൂപയാണ് അനുവദിച്ചത്. പദ്ധതി കിഫ്ബി പരിശോധിച്ച് അംഗീകാരം നൽകിയിട്ടുണ്ട്.