October 1, 2023 Sunday

Related news

September 25, 2023
September 25, 2023
September 20, 2023
September 19, 2023
September 10, 2023
September 9, 2023
August 26, 2023
August 25, 2023
August 22, 2023
August 16, 2023

മോഡിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര: എയർ ഇന്ത്യക്ക് കിട്ടാനുള്ളത് കോടികൾ

Janayugom Webdesk
ന്യൂഡൽഹി
October 20, 2021 9:42 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മന്ത്രിമാരും രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരും നടത്തിയ വിദേശയാത്രകളിൽ കേന്ദ്രം എയർ ഇന്ത്യക്ക് ഇനിയും നല്‍കാനുള്ളത് കോടികള്‍. ജൂലൈ 27 വരെയുള്ള കണക്കുകൾ പ്രകാരം വിവിഐപി സർവീസുകൾ നടത്തിയതിൽ കേന്ദ്രം എയർ ഇന്ത്യക്ക് ആകെ നൽകേണ്ടത് 33.69 കോടിയാണ്. മോഡിയുടെ യാത്രകൾക്കായി മാത്രം 7.19 കോടിയാണ് എയർ ഇന്ത്യക്ക് നൽകാനുള്ള കുടിശിക. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ യാത്രാ കുടിശിക യഥാക്രമം 6.12 കോടി 10. 21 കോടി എന്നിങ്ങനെയാണ്.

നാവികസേന മുൻ ഉദ്യോഗസ്ഥൻ ലോകേഷ് ബത്ര വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് മറുപടിയായാണ് ഈ വിവരങ്ങൾ ലഭിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ കാബിനറ്റ് സെക്രട്ടറിയാണ് മോഡിയുടെ വിമാനയാത്രകൾ കൈകാര്യം ചെയ്യുന്നത്. ഓഫീസിൽ നിന്നുള്ള ഏറ്റവും വലിയ ഒറ്റത്തവണ ബിൽ തുക 4.25 കോടി രൂപയാണ്. കഴിഞ്ഞ വർഷം മാർച്ച് 11നും 15നും ഇടയിൽ നടത്തിയ യാത്രയ്ക്കാണ് ഇത്രയുമധികം തുക ചെലവഴിച്ചത്.

കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് രാഷ്ട്രപതിയുടെ വിമാനയാത്രകൾ കൈകാര്യം ചെയ്യുന്നത്. രാഷ്ട്രപതിയുടെ ഏറ്റവും വലിയ ഒറ്റത്തവണ ബിൽ 4.45 കോടിയാണ്. പ്രതിഭാ പാട്ടീൽ രാഷ്ട്രപതിയായിരുന്ന കാലയളവിൽ 2008 നവംബർ അഞ്ചിനും എട്ടിനും ഇടയിലായിരുന്നു ഇത്. ഉപരാഷ്ട്രപതി, വിദേശ കാര്യവകുപ്പ് ഉന്നതര്‍ എന്നിവരുടെ യാത്രകൾ, രക്ഷാദൗത്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും വലിയ ഒറ്റത്തവണ ബിൽ 5.95 കോടിയാണ്. 2016 ഒക്ടോബർ 14 മുതൽ 20 വരെ അന്നത്തെ ഉപരാഷ്ട്രപതിയായിരുന്ന ഹമീദ് അൻസാരിയുടെ യാത്രയ്ക്കായാണ് ഈ തുക ചെലവഴിച്ചത്. രക്ഷാദൗത്യങ്ങളുടെ ഭാഗമായി മന്ത്രാലയം 7.21 കോടിയാണ് എയർ ഇന്ത്യക്ക് നൽകാനുള്ളത്. ഉന്നത ഉദ്യോഗസ്ഥരുടെ യാത്രാ കുടിശിക 2.94 കോടിയാണ്.

നേരത്തെ 2019 മാർച്ച് 31 വരെയുള്ള വിവിഐപി യാത്ര സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട് സമാനമായ വിവരാവകാശ അപേക്ഷ ബത്ര സമർപ്പിച്ചിരുന്നു. അന്ന് 598.55 കോടിയായിരുന്നു എയർ ഇന്ത്യക്ക് നൽകാനുള്ള കുടിശിക. ഇതിൽ പകുതിയോളം തുക (297.08 കോടി രൂപ) പ്രധാനമന്ത്രിയുടെ ഓഫീസാണ് തീർപ്പുകൽപ്പിക്കാനുണ്ടായിരുന്നത്. കടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറാന്‍ ഈ മാസമാദ്യം കേന്ദ്രസര്‍ക്കാര്‍ നടപടി പൂര്‍ത്തിയാക്കിയിരുന്നു.
ENGLISH SUMMARY;Overseas trav­el of Modi and min­is­ters: Air India owes crores
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.