റെജി കുര്യന്‍

ന്യൂഡല്‍ഹി

May 06, 2021, 10:43 pm

കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ തയ്യാറെടുക്കണം; കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

Janayugom Online

ബെഡ്ഡുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ഫോര്‍മുല പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതിയുടെ കോവിഡ് കേസുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

രാജ്യത്ത് ഓക്സിജന്‍ ഓഡിറ്റ് നടത്തി ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്തണം. ഓരോ സ്റ്റോക്ക് നല്‍കിക്കഴിയുമ്പോഴും ഓക്സിജന്‍ ലഭ്യത പരിശോധിക്കണമെന്നും കോടതി പറഞ്ഞു. ഡല്‍ഹിക്ക് പ്രതിദിനം 700 ടണ്‍ ഓക്സിജന്‍ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

നിതി ആയോഗ് അംഗം വി കെ പോള്‍, എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ, ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍, ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടര്‍ ജനറല്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സമിതിയാണ് രാജ്യത്തെ ഓക്‌സിജന്‍ വിതരണം സംബന്ധിച്ച് തീരുമാനമെടുക്കുന്നത്.

ഐസിയു ഇതര ബെഡ്ഡുകളില്‍ 50 ശതമാനത്തിന് മിനിട്ടില്‍ പത്ത് ലിറ്റര്‍ ഓക്‌സിജനും ഐസിയു ബെഡ്ഡുകള്‍ക്ക് 24 ലിറ്റര്‍ ഓക്‌സിജനുമാണ് വേണ്ടതെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാനങ്ങള്‍ക്കുള്ള ഓക്‌സിജന്‍ ക്വാട്ട കേന്ദ്രം നിശ്ചയിച്ചതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

ഡല്‍ഹിയുടെ ക്വാട്ട നിശ്ചയിച്ചത് ന്യായീകരിക്കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ അമിക്കസ്‌ക്യൂറി ജയ്ദീപ് ഗുപ്ത കേന്ദ്രത്തിന്റെ വാദങ്ങളെ എതിര്‍ത്തു. ആശുപത്രികളില്‍ ബെഡ്ഡു ലഭ്യമല്ലാത്ത ആയിരക്കണക്കിനു രോഗികളാണുള്ളത്. ഇവര്‍ക്ക് ഓക്‌സിജന്‍ ആവശ്യമാണ്. അതുകൊണ്ട് ബെഡ്ഡുകളുടെ മാത്രം അടിസ്ഥാനത്തില്‍ ഓക്‌സിജന്‍ ക്വാട്ട നിശ്ചയിക്കുന്നതിലെ അപാകത അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

Eng­lish sum­ma­ry: Oxy­gen audit need­ed: supreme court

You may also like this video: