പുളിക്കൽ സനിൽ രാഘവൻ

February 25, 2021, 9:53 am

പുലര്‍കാല സുന്ദര സ്വപ്നങ്ങള്‍ നല്‍കി, കായലരികത്ത് വളയെറിഞ്ഞ് പോയിട്ട് ഇന്ന് 14 വര്‍ഷം

Janayugom Online

മണ്ണിനു മറക്കാനാകാത്ത ഒരായിരം ഗാനങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുകയും , അത് വരികളായി  മലയാളിക്കു സമ്മാനിക്കുകയും ചെയത് കാലത്തിന്റെ കാൽപനിക ഭംഗിക്കുള്ളിലേക്കു പി. ഭാസ്കരൻ എന്ന ഭാസ്ക്കരന്‍ മാസ്റ്റര്‍ മറഞ്ഞിട്ട് ഇന്ന് 14 വര്‍ഷം തികയുന്നു. മലയാളത്തിലെ ചലച്ചിത്ര ഗീതങ്ങൾക്കായി അദ്ദേഹമെടുത്ത വാക്കുകളോരോന്നും ഭാഷയുടെ ആത്മാവില്‍ നിന്നായിരുന്നു. ലളിതവും സുന്ദരവും ആഴവുമുള്ള വാക്കുകൾ. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛനാണെങ്കിൽ മലയാള ഗാനങ്ങളുടെ പിതാവ് പി. ഭാസ്കരൻ ആണ് എന്നാണ് അദ്ദേഹത്തെ പറ്റി യൂസഫലി കേച്ചേരി പറഞ്ഞത്. അത്ര അധികമുണ്ട് മലയാള ഗാനശാഖയിൽ പി ഭാസ്‌കരൻ എന്ന ഗാനരചയിതാവ് നൽകിയ സംഭാവന. തൃശൂര്‍ ജില്ലയില്‍പ്പെട്ട കൊടുങ്ങല്ലൂരില്‍ കവിയും അഭിഭാഷകനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന നന്തിലത്ത് പത്മനാഭമേനോന്റെയും പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മയുടെയും ഒമ്പതുമക്കളിൽ ആറാമത്തെ സന്തതിയായി 1924 ഏപ്രിൽ 21‑നാണ് പുല്ലൂറ്റുപാടത്ത് ഭാസ്കരൻ എന്ന പി. ഭാസ്കരൻ ജനിച്ചത്. 

ഭാസ്കരൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പത്മനാഭമേനോൻ മരിച്ചു. ശ്യംഗപുരം ഗവ: ബോയ്സ് ഹൈസ്കൂളിലും മഹാരാജാസ് കോളജിലുമാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കവിതകൾ എഴുതിത്തുടങ്ങിയ ഭാസ്കരന്റെ ആദ്യകവിതകൾ അധികവും അക്കാലത്തെ മാസികകളിലൂടെയാണ് പുറത്തുവന്നത്. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ദേശീയ പ്രസ്ഥാനത്തിലും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിലും സജീവമായി പങ്കു കൊണ്ടു.ക്വിറ്റ് ഇൻഡ്യാ പ്രക്ഷോഭണവുമായ് ബന്ധപ്പെട്ട് ജയിൽ ശിക്ഷക്കു വിധേയനാവുകയും കോളേജ് വിദ്യാഭ്യാസം മുടങ്ങുകയും ചെയ്തു.ദേശാഭിമാനി,ജയകേരളം,ദീപിക എന്നിവയുടെ പത്രാധിപത്യം വഹിച്ചു.ആകാശവാണിയിലെ പ്രൊഡ്യൂസർ ആയും കേരള സംഗീത നാടക അക്കാദമി ചെയർമാനായും ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

അദ്ദേഹം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹയാത്രികനായിരുന്നു  ഓൾ കൊച്ചിൻ സ്റ്റുഡന്റ്സ് അസോസിയേഷൻ എന്ന വിദ്യാർത്ഥിസംഘടനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.വയലാർ വെടിവെപ്പിനെ കുറിച്ച് അദ്ദേഹം രചിച്ച ‘വയലാർ ഗർജ്ജിക്കുന്നു’ എന്ന സമാഹാരം തിരുവിതാംകൂറിൽ അന്നത്തെ ദിവാനായ സി.പി. രാമസ്വാമി അയ്യർ നിരോധിച്ചിരുന്നു.1949‑ൽ പുറത്തിറങ്ങിയ ‘അപൂർവ്വസഹോദരർകൾ’ എന്ന തമിഴ് ചിത്രത്തിലെ ബഹുഭാഷാഗാനത്തിൽ ഏതാനും മലയാളം വരികളാണ് അദ്ദേഹം എഴുതിയ ആദ്യ ചലച്ചിത്രഗാനം. മലയാളത്തിൽ അദ്ദേഹം ആദ്യമായി പാട്ടെഴുതിയത് ‘ചന്ദ്രിക’ എന്ന‍ ചിത്രത്തിനുവേണ്ടിയാണ്. അതിനു ശേഷം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ പ്രാധാന്യമുള്ള’നീലക്കുയിൽ’ എന്ന ചിത്രത്തിലെ ഗാനങ്ങളോടെയാണ് പി. ഭാസ്കരൻ മലയാളചലച്ചിത്രത്തിന്റെ അഭിവാജ്യ ഘടകമായി മാറിയത്. ഈ ചിത്രം രാമു കാര്യാട്ടും പി. ഭാസ്കരനും ചേർന്നാണ് സംവിധാനം ചെയ്തത്.കാലഘട്ടങ്ങൾക്കതീതമായി ഇന്നും മലയാളി മൂളുന്ന ‘എല്ലാരും ചൊല്ലണ്’ മുതൽ ഒരായിരം ഗാനങ്ങളാണ് പി ഭാസ്കരൻ സംഗീത ലോകത്തിനു നല്കിയത്. മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും മലയാളസിനിമയിൽ നിരവധി ഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാവുമായിരുന്നു പി.ഭാസ്കരൻ.അഭ്രപാളികളുടെ ഇന്നലെകൾക്ക് ഇതിഹാസത്തിന്റെ പ്രൗഡി നൽകിയവരിൽ പ്രധാനിയായിരുന്നു. 

കരിവള കിലുക്കി മനസിനുള്ളിൽ ഓടിക്കളിക്കുന്ന ഒരായിരം പാട്ടുകൾ നമ്മൾ കേട്ടത് ഭാസ്ക്കരന്‍ മാസ്റ്ററുടെ വരികളിലൂടെയാണ്. കദളി വാഴയെ, മാമലക്കൾക്കപ്പുറത്തേക്ക് നോക്കി നാടിനെ സ്വപ്നം കാണുന്ന മനസുകളെ പുലർകാലത്തിലെ സുന്ദരമായ സ്വപ്നങ്ങളെ പ്രാണസഖിയായ പ്രണയിനിയെ അങ്ങനെ എല്ലാത്തിനെ കുറിച്ചും പാട്ടുകൾ കുറിച്ച ആളാണ് ഭാസ്ക്കരൻ മാസ്റ്റർ.   പി . ഭാസക്കരന്‍ എന്നു കേൾക്കുമ്പോൾ നീലക്കുയിൽ  മലയാളിക്ക് ഓര്‍മ്മ വരൂ. കുയിലിനെ തേടി, എല്ലാരും ചൊല്ലണ്, നീലക്കുയിലിലെ ഈ ഗാനങ്ങൾ മലയാളിയുടെ ചുണ്ടില്‍ എപ്പൊഴും തത്തിക്കളിക്കും. എതാണ്ട് മൂവായിരത്തോളം ഗാനങ്ങളാണ് അദ്ദേഹം കൈരളിക്ക് നല്‍കിയത്. 44 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു. മൂന്ന് ഡോക്യുമെന്ററികളും. ആറ് ചിത്രങ്ങൾ സംവിധാനം ചെയ്തു. ഏഴെണ്ണത്തിൽ അഭിനേതാവുമായി. ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, നടൻ, പത്രപ്രവർത്തകൻ എന്നീ വേഷങ്ങളിലെല്ലാം കടന്നുപോയി  ഭാസ്കരൻ മാസ്റ്റർ. കൈതൊട്ടവയെല്ലാം നീലക്കുയിലിന്റെ സ്വരമാധുരി പോലെ കാലാതീതമാക്കി. സംസ്കൃത്തിന്റെയും തമിഴ് ഉൾപ്പെടെയുള്ള മറ്റ് ഭാഷകളുടെയും അതിപ്രസരം മലയാള ചലച്ചിത്ര ഗീതങ്ങളിൽ നിറഞ്ഞു നിന്ന സമയത്താണ് ഭാസ്കരന്‍ മാസ്റ്റര്‍ വരുന്നത്. അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം, കദളി വാഴക്കയ്യിലിരുന്ന്, മാമലകൾക്കപ്പുറത്ത്, പുലർകാല സുന്ദര സ്വപ്നത്തിൽ. തുടങ്ങി മലയാളികൾ ഇന്നും നെഞ്ചോട് ചേർക്കുന്ന നിത്യഹരിത ഗാനങ്ങള്‍ ഭാസക്കരന്‍ മാഷിന്‍റെ തൂലികയില്‍ നിന്നും ഉതിര്‍ന്നതാണ്.

അല്ലിയാമ്പലിന്റെ കടവത്തിരുന്ന് നാഴൂരിപാലിന്റെ മധുരമുള്ള പാട്ടുകളെഴുതി തന്ന ഭാസക്കരന്‍ മാഷ് കാവ്യത്തിന്റെയും രാഗത്തിന്റെയും മാനവിക ഭാവങ്ങളെ ലളിതമായി സമന്വയിപ്പിച്ച്. മലയാള ചലച്ചിത്ര സംഗീതത്തിന് പുത്തൻ പാത തെളിച്ചു. പകിട്ടുകളില്ലാത്ത വരികളിലൂടെ ചലച്ചിത്ര ഗീതങ്ങളെ ജനകീയമാക്കിയ പാട്ടുകളാക്കി മാറ്റി. ഇരുട്ടിന്റെ ആത്മാവ്, ജഗത്ഗുരു ആദിശങ്കരാചാര്യർ, കള്ളിച്ചെല്ലമ്മ തുടങ്ങി 47 ചിത്രങ്ങളുടെ സംവിധായകനുമായ അദ്ദേഹം. ഏഴു ചിത്രങ്ങൾ നിർമികുകയും ചെയ്തു.ചലച്ചിത്രസംവിധായകൻ, ചലച്ചിത്രനടൻ, ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുള്ള ഭാസക്കന്‍ മാഷിനെ ചലച്ചിത്രത്തിനായുള്ള സമഗ്രസംഭാവനകൾക്ക് 1994ൽ ജെസി ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു. 

മൂന്ന് പ്രാവശ്യം ഏറ്റവും മികച്ച ഗാനരചയിതാനിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി.നീലക്കുയിലിന്  പ്രത്യക അവാര്‍ഡും രാഷട്രപതിയില്‍നിന്നും കിട്ടിയിട്ടുണ്ട്. തന്റെ കലാസാംസ്കാരിക ജീവിതത്തിൽ നിരവധി അവാർഡുകളും അംഗീകാരങ്ങളും മാഷിനെ തേടിയെത്തിയിട്ടുണ്ട് . കായലരികത്ത് വലയെറിഞ്ഞപ്പം വളകിലുക്കിയ സുന്ദരിയെന്ന് പ്രണയിനിയെ വിശേഷിപ്പിച്ച കവി, താമസമെന്തേ വരുവാനെന്ന് പ്രണയിനിയോട് ചോദിക്കുകയും , അവളുടെ അഞ്ജനക്കണ്ണുകളിലെ ഭംഗിയെ കുറിച്ച് പാട്ടുകളെഴുതി. പ്രണയത്തെ ജീവിതത്തിലെ നൊമ്പരങ്ങളിലെ പെരുവഴിയമ്പലങ്ങളിൽ തങ്ങി നിൽക്കുന്ന ഓർമകളെ തീർത്തും നാടൻ പദങ്ങളിലൂടെ കാലാതിവർത്തിയായി മാറ്റി . . മഞ്ഞണപ്പൂനിലാവിന്റെ ഭംഗിപോലെ ഓർമകളിൽ ഒളിമങ്ങാത്ത ചിത്രമായി ഭാസക്കന്‍ മാഷ് ഇന്നും ജീവിക്കുന്നു. കൈരളിക്ക് നല്‍കിയ അക്ഷരങ്ങളിലൂടെ, ഗാനങ്ങളിലൂടെ.

ENGLISH SUMMARY:p bhaskaran memories
You may also like this video