പി ചിദംബരം അറസ്റ്റില്‍

Web Desk
Posted on August 21, 2019, 9:49 pm

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി ചിദംബരത്തെ സിബിഐ അറസ്റ്റു ചെയ്തു. കവാടം അടച്ചുപൂട്ടിയതിനാല്‍ മതില്‍ ചാടിക്കടന്നാണ് രാത്രിയില്‍ നൂറിനടുത്ത് വരുന്ന സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) സംഘാംഗങ്ങള്‍ ചിദംബരത്തെ വീടിനുള്ളില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ആരോപണം തെളിയിക്കും മുമ്പേ ഇത്തരത്തില്‍ ഒരു നടപടി അപൂര്‍വമാണ്. അറസ്റ്റിന് മുന്‍പായി അത്യന്തം നാടകീയ നിമിഷങ്ങളാണ് അരങ്ങേറിയത്.

അന്വേഷണ ഏജന്‍സി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പി ചിദംബരത്തെ തേടി രാത്രിയില്‍ എഐസിസി ആസ്ഥാനത്ത് എത്തിയ സിബിഐ സംഘം അവിടെയും നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. അതിനിടയില്‍ ചിദംബരം വാര്‍ത്താസമ്മേളനം നടത്തി കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധമറിയിച്ചു. നടക്കുന്നത് തനിക്കെതിരെയുള്ള പ്രതികാര നടപടി മാത്രമാണെന്ന് ചിദംബരം ആരോപിച്ചു. അറസ്റ്റിനുവഴങ്ങാതെ അഭിഭാഷകനും പാര്‍ട്ടി നേതാവുമായ കപില്‍ സിബിലിനൊപ്പം ചിദംബരം ഓഫീസില്‍ നിന്ന് വീട്ടിലേയ്ക്ക് പോയി. ഈസമയം സിബിഐയുടെയും എന്‍ഫോഴ്സ്മെന്റിന്റെയും ഉദ്യോഗസ്ഥര്‍ ചിദംബരത്തിന്റെ വീടിനടുത്ത് നിലയുറപ്പിച്ചിരുന്നു. ചിദംബരം വീടിന്റെ കോമ്പൗണ്ടില്‍ കയറിയ ഉടനെ കവാടം താഴിട്ട് പൂട്ടി. കവാടം തള്ളിത്തുറക്കാനുള്ള ശ്രമം ചിദംബരത്തിന്റെ അനുയായികള്‍ തടഞ്ഞത് നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന സിബിഐ സംഘം മതില്‍ ചാടി അകത്തുകടന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഐഎന്‍എക്സ് മീഡിയ അഴിമതി കേസിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തില്‍ സിബിഐ ചിദംബരത്തിനായി വലയെറിഞ്ഞത്. രണ്ടു ദിവസമായി പല തവണ സിബിഐ, ഇഡി ഏജന്‍സികള്‍ ചിദംബരത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ പരിശോധന നടത്തി. എന്നാല്‍ ചിദംബരത്തെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ ചിദംബരത്തിന്റെ വസതിക്ക് മുന്നില്‍ ‘രണ്ട് മണിക്കൂറിനകം ഹാജരാകണം’ എന്ന് കാണിച്ച് നോട്ടീസ് പതിച്ചു.

അതിനിടെ ഇന്നലെ രാവിലെ കപില്‍ സിബല്‍ മുഖാന്തിരം ചിദംബരം സുപ്രീം കോടതിയില്‍ ജാമ്യഹര്‍ജി നല്‍കി. ഹര്‍ജിയില്‍ കണ്ടെത്തിയ പിഴവ് തിരുത്തി രജിസ്ട്രിയില്‍ സ്വീകരിച്ച് പരിഗണനാ ബെഞ്ചില്‍ എത്തുംമുമ്പേ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പിരിഞ്ഞു. ജാമ്യഹര്‍ജി പിന്നീട് ഡിഫക്റ്റീവ് ലിസ്റ്റിലാണ് ഉള്‍പ്പെട്ടത്. ഹര്‍ജിയില്‍ പിഴവുകളുണ്ടെങ്കില്‍ രജിസ്ട്രാര്‍ അത്തരം ഹര്‍ജികള്‍ ഡിഫക്റ്റീവ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തുക. കപില്‍ സിബല്‍ ഹര്‍ജിയിലെ പിഴവുകള്‍ തിരുത്തിയെന്നും ഹര്‍ജി ലിസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടും ജസ്റ്റിസ് രമണ കേസ് പരിഗണിക്കാന്‍ വിസമ്മതിച്ചു. ചിദംബരം അന്വേഷണത്തോട് സഹകരിച്ചിട്ടും അന്വേഷണ ഏജന്‍സി ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ചട്ടപ്രകാരം ലിസ്റ്റ് ചെയ്യപ്പെടാത്ത കേസ് പരിഗണിക്കാനാവില്ലെന്നും ഇതില്‍ ചീഫ് ജസ്റ്റിസിന് മാത്രമാണ് തീരുമാനമെടുക്കാന്‍ കഴിയുക എന്നും ജസ്റ്റിസ് രമണ വ്യക്തമാക്കി. പിന്നീട് വൈകീട്ടാണ് അറസ്റ്റ് തടയാതെ തന്നെ ഹര്‍ജി ഉടനെ പരിഗണിക്കാനാവില്ലെന്ന നിരീക്ഷണത്തോടെ വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്.

ചിദംബരത്തിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയതോടെയാണ് സിബിഐയും ഇഡിയും അറസ്റ്റിനായി പദ്ധതിയിട്ടത്. മുന്‍ ഹര്‍ജികള്‍ തള്ളിയതും സുപ്രീം കോടതി നീട്ടിവയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ചിദംബരം ഒളിവില്‍ പോയതായി പ്രചരിച്ചു. എന്നാല്‍ ഈസമയങ്ങളിലെല്ലാം ചിദംബരം എഐസിസി ആസ്ഥാനത്ത് ആയിരുന്നു. സുപ്രീം കോടതി മുന്‍കൂര്‍ജാമ്യത്തില്‍ തീരുമാനം എടുക്കുന്നതുവരെ അറസ്റ്റിന് വിധേയനാക്കാതെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം കരുക്കള്‍ നീക്കിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയുമടക്കം സിബിഐക്കും ആഭ്യന്തരവകുപ്പിനുമെതിരെ രംഗത്തുവന്നിരുന്നു.
പത്ത് വര്‍ഷത്തോളം പഴക്കമുള്ളതാണ് ചിദംബരത്തിനെതിരെയുള്ള ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസ്. ആദ്യഘട്ടത്തിലൊന്നും സിബിഐ ചിദംബരത്തെ കേസില്‍ പ്രതിചേര്‍ത്തിരുന്നില്ല. മകനായ കാര്‍ത്തി ചിദംബരത്തിനെതിരെയായിരുന്നു നടപടികള്‍.

സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഏജന്‍സികളാണ് ചിദംബരത്തിന് എതിരെയുള്ള കേസുകള്‍ അന്വേഷിക്കുന്നത്. എയര്‍സെല്‍-മാക്‌സിസ് കരാര്‍ നടക്കാന്‍ വിദേശനിക്ഷേപ പ്രമോഷന്‍ ഫണ്ടില്‍ നിന്ന് അനധികൃതമായി 3,500 കോടി രൂപയും ഐഎന്‍എക്‌സ് മീഡിയയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് 305 കോടിയും അനുവദിച്ചത് ചിദംബരം ധനമന്ത്രിയായിരിക്കെ ആണെന്നാണ് കേസുകള്‍.